General (Page 1,358)

തിരുവനന്തപുരം: ഡീ കമ്മീഷൻ മുല്ലപ്പെരിയാർ ഡാം ക്യാമ്പെയിന്റെ ഭാഗമായി നടൻ പൃഥ്വിരാജും. ഫേസ്ബുക്കിലൂടെയാണ് താരം ഡീ കമ്മീഷൻ മുല്ലപ്പെരിയാർ ഡാം ക്യാമ്പെയ്‌ന് പിന്തുണ അറിയിച്ചത്.

വസ്തുതകളും കണ്ടെത്തലുകളും എന്തുതന്നെയായാലും 125 വർഷം പഴക്കമുളള ഈ അണക്കെട്ട് സുരക്ഷിതമായി പ്രവർത്തിക്കുന്നു എന്ന് പറയുന്നതിന് യാതൊരു ഒഴിവുകഴിവുമില്ല. രാഷ്ട്രീയവും സാമ്പത്തികവും മാറ്റിവച്ച് ശരിയായത് ചെയ്യേണ്ട സമയമാണിതെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. മുല്ലപ്പെരിയാർ ഡാമിൽ നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഒന്നാം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജനജീവിതത്തിന് ഭീഷണിയാകുന്ന ഡാമിനെ ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യമുന്നയിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ക്യാമ്പെയിൻ ആരംഭിച്ചത്.

1895 ൽ തിരുവിതാംകൂർ രാജാവായിരുന്ന മൂലംതിരുനാളിന്റെ കാലത്താണ് പെരിയാറിന് കുറുകെ മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചത്. 50 വർഷത്തെ ആയുസാണ് ഡാമിന് ഉദ്ദേശിച്ചിരുന്നത്. തമിഴ്നാട്ടിലെ മധുര, രാമനാഥപുരം, ഡിണ്ടിഗൽ, കമ്പം, തേനി എന്നിവിടങ്ങളിലേക്ക് ജലസേചനത്തിനാണ് ഡാം നിർമ്മിച്ചത്. എന്നാൽ പിന്നീട് കേരളവും തമിഴ്നാടും തമ്മിൽ തർക്കവിഷയമായി. 125 വർഷത്തെ കാലപ്പഴക്കം ഡാം കേരളത്തിലെ ജനങ്ങൾക്ക് ആശങ്ക ഉയർത്തിയിരിക്കുകയാണ്.

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള- പെൻഷൻ പ്രതിസന്ധി ചർച്ച ചെയ്യാൻ വേണ്ടി മന്ത്രിതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച്ചയാണ് യോഗം ചേരുക. ഗതാഗത മന്ത്രി ആന്റണി രാജുവും ധനമന്ത്രി കെ എൻ ബാലഗോപാലും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. പ്രതിപക്ഷ ഭരണപക്ഷ ട്രേഡ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.

മൂന്ന് അംഗീകൃത ട്രേഡ് യൂണിയനുകളും സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബർ 5,6 തീയതികളിലും എംപ്ളോയീസ് സംഘ് നവംബർ 5 നും പണിമുടക്ക് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഭരണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷൻ നവംബർ 5 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കെഎസ്ആർടിസിയിൽ ഈ മാസത്തെ പെൻഷൻ ഇതുവരെ വിതരണം ചെയ്തിട്ടില്ല. പെൻഷൻ വിതരണം ചെയ്ത വകയിൽ സഹകരണ ബാങ്കുകൾക്ക് സർക്കാരിൽ നിന്ന് മൂന്നു മാസത്തെ കുടിശ്ശികയും ലഭിക്കാനുണ്ട്. ഇത് ലഭിക്കാതെ സാഹചര്യത്തിൽ പെൻഷനുള്ള തുക നൽകാനാകില്ലെന്നാണ് സഹകരണ ബാങ്കുകൾ പറയുന്നത്. അതേസമയം പണം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് ധനവകുപ്പ് നൽകുന്ന വിശദീകരണം.

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് അടുത്ത വർഷം ബൂസ്റ്റർ ഡോസ് വാക്സിൻ നൽകേണ്ടി വന്നേക്കുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേരിയ. നിലവിൽ ആദ്യ ഡോസുകൾ കോവിഡ് മരണത്തെയും ആശുപത്രിയിലാകുന്നതിനെയും എത്രത്തോളം പ്രതിരോധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ബൂസ്റ്റർ ഡോസിന്റെ ആവശ്യകതയെന്നും അദ്ദേഹം അറിയിച്ചു.

രണ്ടാമത്തെ ഡോസ് വാക്സിൻ ലഭിച്ച ശേഷം എത്ര സമയം കഴിഞ്ഞും പ്രതിരോധം നിലനിൽക്കുന്നു എന്നതിന് ആശ്രയിച്ചായിരിക്കും ബൂസ്റ്റർ ഡോസ് നൽകേണ്ടത്. സാധാരണയായി ബൂസ്റ്റർ ഡോസിന് ഒരു വർഷം വരെ സമയം എടുത്തേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബൂസ്റ്റർ ഡോസ് വേണോ എന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും ഇതിനൊരു കൃത്യമായ സമയപരിധിയും ചൂണ്ടിക്കാട്ടാനാകില്ല. ആന്റിബോഡിയുടെ സ്ഥിരീകരണം അനുസരിച്ചു മാത്രം ബൂസ്റ്റർ ഡോസിന്റെ കാര്യത്തിൽ തീരുമാനവും എടുക്കാൻ കഴിയില്ല. കുട്ടികൾക്കുള്ള വാക്സിൻ ഉടൻ തയാറാകുമെന്നും രൺദ്ദീപ് ഗുലേരിയ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം ഉണ്ടാക്കിയ നീണ്ട ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളടക്കമുള്ള കലാലയങ്ങൾ പൂർണ്ണമായും തുറന്നു പ്രവർത്തിച്ചു തുടങ്ങുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ജാഗ്രത ഉണ്ടാകണമെന്നാണ് മന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിയേ പറ്റൂ. കഴിഞ്ഞ ആഴ്ച തുറക്കാനിരുന്നത് ഒരിക്കൽക്കൂടി നീട്ടാൻ കാരണമായത് തീവ്രമഴകൊണ്ടാണ്. തീവ്രമഴയുടെ അന്തരീക്ഷം ചിലയിടത്തെങ്കിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. രണ്ടും കണക്കിലെടുത്ത് വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഏവരുടെയും ശ്രദ്ധ അഭ്യർത്ഥിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

സമയക്രമത്തിന്റെ കാര്യത്തിലും ഷിഫ്റ്റുകളുടെ കാര്യത്തിലും നേരത്തെ നിർദ്ദേശം നൽകിയതാണ്. കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കപ്പെടാത്തവിധം സൗകര്യപ്രദമായ തീരുമാനം അതാത് സ്ഥാപനങ്ങൾക്കെടുക്കാം. എന്നാൽ, വാക്‌സിനേഷൻ സംബന്ധിച്ച് സർക്കാർ നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ ഒരു കാരണവശാലും വിട്ടുവീഴ്ചയരുത്. ഇത് കോവിഡ് ജാഗ്രതാസമിതികളുടെ മേൽനോട്ടത്തിൽ സ്ഥാപനമേധാവികൾ ഉറപ്പാക്കണം. ആവശ്യാനുസരണം ഹാൻഡ് വാഷ്, സാനിറ്റൈസർ, മുഖാവരണങ്ങൾ, തെർമൽ സ്‌കാനറുകൾ എന്നിവയുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.

പതിനെട്ട് വയസ്സ് തികയാത്തതുകൊണ്ട് വാക്‌സിനെടുക്കാൻ പറ്റാതെ പോയവരെയും ഒരു ഡോസ് വാക്‌സിനെടുത്ത് രണ്ടാം ഡോസിന് സമയമാകാത്തവരെയും ക്ലാസിൽ പ്രവേശിപ്പിക്കണം. അതേസമയം, ഇവരുടെ വീടുകളിലെ പതിനെട്ട് തികഞ്ഞവരെല്ലാം ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. വിമുഖത മൂലം വാക്‌സിനെടുക്കാത്ത സ്ഥിതി അധ്യാപകർക്കായാലും വിദ്യാർത്ഥികൾക്കായാലും ഉണ്ടായിക്കൂടാ. എല്ലാവരുടെയും സുരക്ഷിതത്വം നാം പരസ്പരം കരുതിത്തന്നെ വേണം ഉറപ്പാക്കാൻ. എന്തെങ്കിലും രോഗമുള്ളവരും, ഭിന്നശേഷിക്കാരും ആദ്യ രണ്ടാഴ്ച ക്യാമ്പസുകളിൽ വരാതിരിക്കുന്നതാണ് നല്ലതെന്ന് മന്ത്രി വിശദമാക്കി.

ഉന്നത വിദ്യാഭ്യാസമേഖലയിൽ സമഗ്രമായ അഴിച്ചുപണികൾക്ക് തുടക്കമിടുകയാണ്. ക്യാമ്പസ് സംവാദങ്ങൾ കൊണ്ട് അവ സമഗ്രമാക്കാൻ വിദ്യാർത്ഥികളടക്കമുള്ള അക്കാദമിക് സമൂഹത്തിന്റെ ധൈഷണികമായ പങ്കാളിത്തം വേണം. ഏവർക്കും അതിനു വഴിയൊരുക്കുന്ന, ഏറ്റവും നല്ലതും സമാധാനമുള്ളതുമായ അക്കാദമിക് വർഷം നേരുന്നുവെന്നും ആർ ബിന്ദു കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ ഇക്കാര്യം ആവശ്യപ്പെട്ട് സ്റ്റാലിന് കത്തയച്ചത്.

തുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം വലിച്ചെടുത്ത് തുറന്നു വിടാൻ ബന്ധപ്പെട്ടവർക്ക് അടിയന്തര നിർദേശം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും കേരള സർക്കാരിനെ അറിയിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇപ്പോഴത്തെ ഒഴുക്ക് 2109 സിഎസ് ആണ്. പുറന്തള്ളൽ നില ഒക്ടോബർ 20 ലെ കണക്കുപ്രകാരം 1750 സിഎസും. ഇപ്പോഴത്തെ ഒഴുക്കിനൊപ്പം മഴ ശക്തമാകുമ്പോൾ റിസർവോയർ ലെവൽ 142 അടിയിൽ എത്തുമെന്ന് ഭയപ്പെടുകയാണ്. അതുകൊണ്ടാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തുരങ്കം വഴി തമിഴ്നാട്ടിലേക്ക് ക്രമേണ വെള്ളം തുറന്നു വിടണമെന്ന അടിയന്തര ആവശ്യമുയരുന്നതെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാൻ അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. കേരളവും തമിഴ്നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ചും ജനങ്ങൾ തമ്മിലുള്ള ഊഷ്മള ബന്ധത്തെ കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്.

ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷനിൽ ആരോഗ്യ പ്രവർത്തകരുടെ സേവനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ് കോടി വാക്‌സിനേഷൻ ഇന്ത്യയുടെ ഇച്ഛാശക്തിയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ആ നേട്ടം നൽകിയ ഊർജ്ജവുമായാകും ഇനി മുൻപോട്ട് പോകുകയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി തടസങ്ങൾ മറികടന്നാണ് ആരോഗ്യ പ്രവർത്തകർ നൂറു കോടി വാക്‌സിനേഷൻ എന്ന ലക്ഷ്യം കൈവരിച്ചത്. പ്രതികൂല സാഹചര്യത്തിൽ പോലും കോവിഡ് മുന്നണി പ്രവർത്തകർ വാക്സിനേഷൻ വേഗത്തിലാക്കാൻ കഠിനമായി പ്രവർത്തിച്ചു. പ്രകൃതി ദുരന്തങ്ങളേയും കോവിഡ് മഹാമാരിയെയും ഒരു പോലെ നേരിടുന്ന ജനങ്ങളുടെ ജീവിതം പ്രചോദനമാണ്. ഇതിനർത്ഥം വെല്ലുവിളികൾ എത്ര ശക്തമാണെങ്കിലും നേരിടുമെന്നതാണെന്നും രാജ്യത്തെ പൗരന്മാരുടെ ശക്തിയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം വിശദമാക്കി.

രാജ്യത്തിന്റെ ശേഷിയെ അടയാളപ്പെടുത്തുന്നതാണ് വാക്സിനേഷൻ ദൗത്യത്തിന്റെ വിജയം. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് യോഗയെ മുഖ്യധാരയിലെത്തിക്കാൻ നടപടികൾ സ്വീകരിക്കും. സേനകളിൽ വനിതാ സാന്നിദ്ധ്യം കൂടുന്നത് അഭിമാനകരമാണ്. സ്ത്രീ ശാക്തീകരണം സർക്കാരിന്റെ മുദ്രാവാക്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം: സഭാ തർക്ക വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഓർത്തഡോക്സ് സഭ ഇനി ചർച്ചകൾക്കില്ലെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ. വിഷയത്തിൽ ഇനി ചർച്ച നടത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മതങ്ങൾ രാഷ്ട്രീയത്തിലോ രാഷ്ട്രീയം മതത്തിലോ ഇടപെടുന്നത് നല്ല പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

പ്രകൃതിയെ കൊള്ളയടിക്കുന്നത് കുടിയേറ്റ കർഷകരല്ലെന്നും മാഫിയകളാണെന്നും അദ്ദേഹം വിശദമാക്കി. സഭ തർക്കവുമായി ബന്ധപ്പെട്ട ചർച്ചകൾ സുപ്രീം കോടതി വിധിയോടെ അവസാനിച്ചു. അത്തരം ചർച്ചകൾക്ക് ഇനി പ്രസക്തിയില്ലെന്നും വിധി അംഗീകരിച്ചാൽ സഭയിൽ സമാധാനം ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയത്തിൽ എന്തെങ്കിലും നീതിവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ തിരുത്താനുള്ള ഉത്തരവാദിത്വം മതത്തിനുണ്ട്. മതങ്ങളിൽ തെറ്റ് സംഭവിച്ചാൽ അത് ചൂണ്ടിക്കാട്ടാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ നേതൃത്വത്തിനുമുണ്ട്. വൈദികർ രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാവുന്നത് നല്ലതല്ല. അങ്ങനെയുള്ളവർ വൈദിക ജോലി ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിസ്ഥിതി ചൂഷണത്തിനെതിരെ സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ അത്യാർഥി കൊണ്ട് പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവരുതെന്നും പ്രകൃതി സംരക്ഷണത്തിന് മുന്നിട്ടിറങ്ങണമെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.

കൊല്ലം: മോശം പെർഫോമൻസ് നടത്തുന്ന കെഎസ്ആർടിസി ഡിപ്പോകളിലെ യൂണിറ്റ് അധികാരിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ട്രിപ്പുകളുടെ ഇന്ധന ചെലവിന് പോലും തുക ലഭിക്കാത്ത രീതിയിൽ മോശം പെർഫോമൻസ് നടത്തുന്ന ഡിപ്പോ അധികാരികൾക്കെതിരെയാണ് നടപടി സ്വീകരിക്കുക. കെഎസ്ആർടിസിയുടെ കൊല്ലം മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുവാനും ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലാണ് അവലോകന യോഗം ചേർന്നത്.

ഡിപ്പോകളായ കിളിമാനൂർ ( 43.43 % നഷ്ടം), പാപ്പനംകോട് (33.40%) , ചടയമംഗലം (36.5%,) വികാസ് ഭവൻ (34.3%), പുനലൂർ (32.2 %) എന്നിവിടങ്ങളിൽ നിന്നും പ്രതിമാസം കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും നല്ല പെർഫോമൻസിന് ഉള്ള സമ്മാനവും മന്ത്രി യോഗത്തിൽ വിതരണം ചെയ്തു. പാറശ്ശാല ഡിപ്പോയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പൂവാർ ഡിപ്പോ രണ്ടാം സ്ഥാനവും വെള്ളറട ഡിപ്പോ മൂന്നാം സ്ഥാനവും നേടി.

കെഎസ്ആർടിസിയുടെ വരുമാന വർദ്ധനവിന് നൂതന ആശയങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യം. കോവിഡിന് ശേഷം യാത്രക്കാരെ കൂടുതൽ ആകർഷിക്കാൻ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സർവ്വീസുകൾ വിപുലീകരിക്കും. മലക്കപ്പാറയിലേക്കുള്ള സർവ്വീസ് വിജയമായത് പോലെ ഗവി, പൊന്മുടി എന്നിവടങ്ങിളിലേക്കും സർവ്വീസുകൾ ആരംഭിക്കും. മെച്ചപ്പെടുന്ന ഡിപ്പോയിലുള്ളവർക്ക് റാങ്കിങ് നിശ്ചയിച്ച് അവർക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സൗത്ത് സോണിലെ യൂണിറ്റുകളുടെ പ്രവർത്തനങ്ങളും യോഗത്തിൽ വിലയിരുത്തി. ഡൈനാമിക് ഷെഡ്യൂളിങ്, വിദ്യാർത്ഥികളുടെ യാത്രാ സൗകര്യവും, അതിന് വേണ്ടി സ്റ്റുഡൻസ് ബോണ്ട് സർവ്വീസ് നടത്താനുദ്ദേശിക്കുന്ന വിവരങ്ങൾ, ഗ്രാമ വണ്ടി നടത്തിപ്പിനെക്കുറിച്ചുള്ള വിഷയങ്ങൾ, കളക്ഷൻ കുറഞ്ഞ സർവ്വീസുകളുടെ പുനക്രമീകരണം, ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ വാട്ടർ ട്രാൻസ്‌പോർട്ടുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട വിഷയങ്ങൾ തുടങ്ങിയവയെ കുറിച്ചും യോഗത്തിൽ സംസാരിച്ചു.

ന്യൂഡൽഹി: വാക്‌സിൻ നിർമ്മാണ കമ്പനികളുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം 100 കോടി ഡോസ് വാക്‌സിൻ പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ഏഴ് വാക്‌സിൻ നർമ്മാണ കമ്പനികളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്, ഡോ റെഡ്ഡിസ് ലബോറട്ടറിസ്, സൈഡസ് കാഡില, ബയോളജിക്കൽ ഇ, ജെനോവാ ബയോഫാർമ്മ, പനേസിയ ബയോടെക് എന്നീ കമ്പനികളാണ് പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.

എല്ലാവർക്കും വാക്‌സിൻ എന്ന മന്ത്രം ഉയർത്തി നമ്മുടെ രാജ്യത്തിന് പുറമെ മറ്റ് രാജ്യങ്ങൾക്ക് കൂടി വാക്‌സിൻ നൽകി സഹായിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഒക്ടോബർ 21 ന് സംഘടിപ്പിച്ച വാക്‌സിൻ യജ്ഞമാണ് 100 കോടി എന്ന വലിയ ലക്ഷ്യം കൈവരിക്കാൻ രാജ്യത്തെ സഹായിച്ചത്. ശനിയാഴ്ച്ച രാവിലെ ഏഴ് മണി വരെയുള്ള കണക്കുകൾ അനുസരിച്ച് രാജ്യത്ത് 101.30 കോടി ജനങ്ങൾ കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചിട്ടുണ്ട്.

രാജ്യത്തെ ജനസംഖ്യയുടെ 75 ശതമാനം പേരും ഒന്നാം ഡോസ് വാക്‌സിനും, 31 ശതമാനം പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കോവാക്‌സിൻ, കോവിഷിൽഡ്, സ്പുട്ട്‌നിക്ക് എന്നീ വാക്‌സിനുകളാണ് വാക്‌സിൻ യജ്ഞത്തിൽ ഉപയോഗിച്ചത്.

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്തിന്റെ റിപ്പോർട്ട് സുപ്രീംകോടതിയിൽ. ഡാമിന് ഗുരുതരമായ ഘടനാ പ്രശ്‌നങ്ങളുണ്ടെന്നും ഈ അണക്കെട്ട് വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കേരളത്തിൽ ആവർത്തിക്കുന്ന പ്രളയ സാഹചര്യത്തിൽ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് നൽകിയ ഹർജിയിലാണ് കോടതിയുടെ ശ്രദ്ധ റിപ്പോർട്ടിലേക്കും കൊണ്ടുവരാൻ ഹർജിക്കാരൻ ശ്രമിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വലിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎൻ ഇത്തരത്തിലൊരു മുന്നറിയിപ്പ് നൽകുന്നത്. യുഎൻ സർവകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്താ’ണ് ‘പഴക്കമേറുന്ന ജലസംഭരണികൾ: ഉയർന്നുവരുന്ന ആഗോളഭീഷണി’ എന്ന പേരിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

നൂറിലധികം വർഷങ്ങളുടെ പഴക്കം മുല്ലപ്പെരിയാർ ഡാമിന് ഉണ്ടെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ഭൂകമ്പ സാധ്യതാപ്രദേശത്താണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഘടനാപരമായ പ്രശ്‌നങ്ങളുമുണ്ട്. അണക്കെട്ട് നിർമ്മിച്ച കാലത്തെ നിർമ്മാണ വസ്തുക്കൾ ഇന്ന് തീർത്തും ഉപയോഗശൂന്യമായ വസ്തുക്കളാണ്. മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ 35 ലക്ഷം പേർ അപകടത്തിലാകും. അതിർത്തി സംസ്ഥാനങ്ങളായ കേരളവും തമിഴ്‌നാടും തമ്മിലുള്ള തർക്ക വിഷയമാണിതെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രവർത്തനം നിരീക്ഷിക്കുന്ന സുപ്രീംകോടതി നിയോഗിച്ച നിരീക്ഷണ സമിതി അടക്കം വളരെ അലംഭാവം കാണിക്കുന്നുവെന്നാണ് ഹർജിക്കാരന്റെ ആരോപണം. പ്രളയ സമാനമായ അവസ്ഥയിൽ റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ അടക്കമുള്ള കാര്യങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും പ്രളയകാലത്ത് അലക്ഷ്യമായാണ് ഡാമിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.