ബംഗളൂരു: നിർബന്ധിത മതപരിവർത്തന നിരോധന നിയമം രൂപീകരിക്കാനൊരുങ്ങി കർണാടക സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്. ബിൽ ഉടൻ സഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിർബന്ധിത മതപരിവർത്തനത്തിന് എതിരെ വിഎച്ച്പി, ബജറംഗ് ദൾ പ്രതിഷേധം തുടരുന്നതിനിടെയാണ് കർണാടക സർക്കാരിന്റെ നീക്കം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഹിന്ദു വിഭാഗത്തിലുള്ളവരെ നിർബന്ധിച്ച് ക്രൈസ്തവരായി മതപരിവർത്തനം നടത്തുന്നുവെന്നാണ് ബജറംഗ് ദൾ അടക്കമുള്ള സംഘടനകൾ പറയുന്നത്. ഇതിനെതിരെയാണ് സംഘടനകൾ പ്രതിഷേധം നടത്തുന്നത്.
അതേസമയം കർണാടകയിലെ മുഴുവൻ ക്രിസ്ത്യൻ പള്ളികളുടെയും കണക്കെടുപ്പ് ആരംഭിച്ചു. സഭകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹാളുകളിലും പരിശോധന നടത്താൻ ജില്ലാ പൊലീസ് മേധാവിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുപ്പ് നടത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാണ് കാത്തലിക് ബിഷപ്പ് കൗൺസിൽ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. പള്ളികളുടെ മാത്രം കണക്ക് എടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് കാത്തലിക് ബിഷപ്പ് കൗൺസിൽ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കൗൺസിൽ സർക്കാരിന് കത്തയക്കുകയും ചെയ്തു.

