ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവഷകർ. കോവിഡ് മഹാമാരി മനുഷ്യന്റെ ജീവിതദൈർഘ്യത്തെയും ബാധിച്ചുവെന്നാണ് പഠന റിപ്പോർട്ട്. ഇന്ത്യക്കാരിൽ ആയുർദൈർഘ്യം രണ്ടു വർഷമാണ് കോവിഡ് രോഗബാധ കുറച്ചതെന്നാണ് പഠനഫലത്തിൽ വ്യക്തമാക്കുന്നത്. മുംബൈയിലെ ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവിട്ടത്.
കോവിഡ് വൈറസ് ബാധയെ തുടർന്ന് സ്ത്രീ-പുരുഷൻമാരിലെ ആയുർദൈർഘ്യം കുറഞ്ഞതായി ഐ.ഐ.പി.എസ്. അസിസ്റ്റന്റ് പ്രൊഫസർ സൂര്യകാന്ത് യാദവ് അറിയിച്ചു. സ്ത്രീകളിൽ 2019 ൽ 72 വയസ്സും പുരുഷൻമാരിൽ 69.5 വയസ്സുമായിരുന്നു ആയുർദൈർഘ്യം. എന്നാൽ 2020 ൽ ഇത് സ്ത്രീകളിൽ 69.8 വയസ്സും പുരുഷൻമാരിൽ 67.5 വയസ്സുമായെന്നാണ് പഠനത്തിൽ പറയുന്നത്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആ കുഞ്ഞിന്റെ മോർട്ടാലിറ്റി പാറ്റേൺ ഭാവിയിലും മാറ്റമില്ലാതെ തുടരുകയാണെങ്കിൽ എത്ര വർഷം ജീവിച്ചിരിക്കുമെന്നതിന്റെ ഏകദേശ കണക്കിനെയാണ് ലൈഫ് എക്സ്പെക്റ്റൻസ് അറ്റ് ബെർത്ത് എന്നു പറയുന്നത്.
പുരുഷൻമാരിൽ കോവിഡ് കൂടുതൽ ബാധിച്ചത് 35-69 പ്രായത്തിൽപ്പെട്ടവരെയാണ്. ഇവരിലെ മരണനിരക്ക് കൂടിയതാണ് ആയുർദൈർഘ്യത്തിൽ കുറവുവരാൻ ഇടയാക്കിയതെന്നാണ് ഗവേഷകരുടെ നിഗമനം.
കോവിഡ് ഇന്ത്യ ആപ്ലിക്കേഷൻ പ്രോഗ്രാം ഇന്റർ ഫേസ്(എ.പി.ഐ.) പോർട്ടൽ ഡാറ്റ, ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡിയിൽ നിന്നുള്ള ഡാറ്റ, എന്നിവ വിശകലനം ചെയ്താണ് ഗവേഷകർ പഠനം നടത്തിയത്. നിലവിൽ രാജ്യത്തെ ജനനസമയത്തെ ആയുർദൈർഘ്യം 2010 ലേതിന് തുല്യമായ അവസ്ഥയാണ്. ഇത് തിരിച്ചുപിടിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നും ഗവേഷകർ അറിയിച്ചു.

