General (Page 1,354)

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത. കെ റെയിൽ – സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. കേരളത്തെ കൊള്ളയടിക്കുകയും കൊലയ്ക്ക് കൊടുക്കുകയും ചെയ്യുന്ന പദ്ധതിയാണ് കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയങ്ങളിലൂടെ പ്രകൃതി മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നതു കൊള്ളമുതലിന്റെ താൽപര്യം മാത്രം മുൻനിർത്തിയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

സമിതി സംസ്ഥാന ചെയർമാൻ എംപി. ബാബുരാജാണ് പ്രതിഷേധ മാർച്ച് ഉദ്ഘാടന ചടങ്ങളിൽ അധ്യക്ഷത വഹിച്ചു. അതേസമയം പദ്ധതിയ്ക്ക് വേണ്ടി കുറഞ്ഞത് രണ്ട് ലക്ഷം കോടി രൂപ എങ്കിലും ചെലവാകുമെന്നും കേരളം മുഴുവൻ വിറ്റാലും ഈ കടം വീട്ടാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാന കെ റെയിൽ – സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി രക്ഷാധികാരി കെ ശൈവപ്രസാദ് സിൽവർലൈൻ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രഷ്ട്രീയ സാമൂഹി, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള മാർഗ നിർദ്ദേശങ്ങൾ വിശദമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറന്ന് ആദ്യ രണ്ടാഴ്ചത്തെ വിലയിരുത്തലിന് ശേഷമായിരിക്കും പാഠഭാഗങ്ങൾ ഏതൊക്കെ പഠിപ്പിക്കണം എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക. ടൈം ടേബിൾ അതാത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. പരമാവധി കുട്ടികളെ സ്‌കൂളിലേക്കെത്തിക്കാൻ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

വലിയ ഇടവേളക്ക് ശേഷം സ്‌കൂൾ തുറക്കുമ്പോൾ ആദ്യം നേരെ പാഠഭാഗങ്ങൾ പഠിപ്പിക്കില്ലെന്നാണ് തീരുമാനം. നീണ്ട കാലം വീട്ടിലിരുന്ന കുട്ടികളെ ആദ്യ ആഴ്ചയിൽ വിലയിരുത്തും. വിക്ടേഴ്‌സ് വഴി നടന്ന പഠനത്തോടുള്ള കുട്ടിയുടെ പ്രതികരണം മനസ്സിലാക്കും. കളി ചിരികളിലൂടെ മെല്ലെ മെല്ലെ പഠനത്തിന്റെ ലോകത്തേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ആ രീതിയിലാണ് അക്കാദമിക് മാർഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ആഴ്ചകളിൽ വീഡിയോകൾ വഴിയും ഗെയിമുകൾ വഴിയുമോക്കെ പാഠഭാഗങ്ങൾ കാണിച്ച് കൂട്ടായി ചർച്ച ചെയ്ത് കുട്ടിയെ മനസ്സിലാക്കുമെന്നും അദ്ദേഹം വിശദമാക്കി.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്‌കൂളിലേക്കെത്താൻ ആദ്യനാളുകളിൽ ആരെയും നിർബന്ധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: 13 വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി സ്വകാര്യമേഖലയ്ക്ക് കൈമാറാനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള 13 വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് സ്വകാര്യ മേഖലയ്ക്ക് നൽകാൻ തീരുമാനിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കൈമാറ്റ നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ ഉദ്ദേശിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക കേന്ദ്രസർക്കാരിന് കൈമാറുകയും ചെയ്തു.

നിലവിലുള്ള ഏഴ് വലിയ വിമാനത്താവളങ്ങളെ ആറ് ചെറിയ വിമാനത്താവളങ്ങളുമായി ചേർത്ത് സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. വാരണാസി, അമൃത്സർ, ഭുവനേശ്വർ, റായ്പൂർ, ഇൻഡോർ, ട്രിച്ചി തുടങ്ങിയ വിമാനത്താവളങ്ങളുടെയെല്ലാം നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് നൽകും. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ് നിലവിൽ ഈ വിമാനത്താവലങ്ങളുടെയെല്ലാം പ്രവർത്തനം നടക്കുന്നത്.

അടുത്ത നാല് വർഷത്തിനുള്ളിൽ 25 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ ചുമതല കൈമാറിയതിന് സമാനമായി അടുത്ത 50 വർഷത്തേക്കായിരിക്കും സ്വകാര്യ നടത്തിപ്പുകാർക്ക് വിമാനത്താവളങ്ങൾ കൈമാറുന്നത്.

ഇടുക്കി: ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഒക്ടോബർ 29 വെള്ളിയാഴ്ച്ച തുറക്കും. 29 ന് രാവിലെ ഏഴു മണിക്ക് ഡാം തുറക്കുമെന്ന് തമിഴ്‌നാട് സർക്കാർ കേരളത്തെ അറിയിച്ചു. ജലവിഭവമന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഡാം തുറക്കുന്നതിന് മുൻപായുള്ള മുന്നൊരുക്കങ്ങൾ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാനം സജ്ജമാണ്. നിലവിൽ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കൻഡിൽ 3800 ഘനയടിയാണ് ഇപ്പോൾ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മുല്ലപ്പെരിയാർ ഡാം 29 ന് തുറക്കും

ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. ഡാം തുറക്കുന്നതിന് മുൻപായുള്ള മുന്നൊരുക്കങ്ങൾ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സംസ്ഥാനം സജ്ജമാണ്.

നിലവിൽ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കൻഡിൽ 3800 ഘനയടിയാണ് ഇപ്പോൾ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുമെന്ന് സ്റ്റാലിൻ പിണറായി വിജയനെ അറിയിച്ചു. കേരളം ആവശ്യപ്പെട്ടതു പ്രകാരം പരമാവധി വെള്ളം വൈഗ ഡാമിലേക്കു കൊണ്ടുപോകുന്നുണ്ടെന്നും ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈഗയിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ക്യുസെക്‌സ് ആക്കിയിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. ഡാമിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ വിശദമാക്കി.

ഡാമിലെ ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുകയാണ്. കേരളവുമായി ആശയ വിനിമയം തുടരുന്നുണ്ട്. ഡാമിലെ എല്ലാ നടപടികളും കേരളത്തെ അറിയിക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഒക്ടോബർ 29 രാവിലെ ഏഴു മണിയ്ക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഡാം തുറക്കുന്നതിന് മുൻപായുള്ള മുന്നൊരുക്കങ്ങൾ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

ന്യൂഡൽഹി: ഇന്ത്യയുടെ ദീർഘദൂര ബാലിസ്റ്റിക്ക് മിസൈൽ അഗ്‌നി-5 ന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. 5,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാൻ കഴിയുന്ന ഭൂതല ബാലിസ്റ്റിക് മിസൈലാണ് അഗ്നി 5. മിസൈലിന്റെ പരീക്ഷണം ചൈനയ്ക്കുള്ള ശക്തമായ സന്ദേശമായാണ് കണക്കാക്കപ്പെടുന്നത്.

ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് രാത്രി 7:50 ന് ആണ് അഗ്നി-5 വിക്ഷേപിച്ചത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അല്ലെങ്കിൽ ഐസിബിഎം വിഭാഗത്തിൽ ഉൾപ്പെടുന്ന മിസൈലാണിത്. കരയിൽ നിന്നും കരയിലേക്ക് മിസൈൽ തൊടുക്കാൻ കഴിയും. ഖര ഇന്ധനം ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി പൂർണ്ണ പ്രവർത്തന സജ്ജമാകുന്ന ജ്വലന സംവിധാനമാണ് മിസൈലിനുള്ളത്. വളരെ ഉയർന്ന ലക്ഷ്യങ്ങളെ കൃത്യമായി തന്നെ ആക്രമിക്കാൻ കഴിയുെമന്നതാണ് ഈ മിസൈലിന്റെ മറ്റൊരു പ്രത്യേകത.

വിശ്വസനീയമായ മിനിമം പ്രതിരോധം’ എന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തിന് അനുസൃതമാണ് അഗ്നി 5 ഉപയോഗപ്പെടുത്തുക. ‘ആദ്യം ഉപയോഗിക്കേണ്ടതില്ല’ എന്ന ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഇത് അടിവരയിടുക കൂടി ചെയ്യുന്നുണ്ട്. അഗ്നി 5 ന്റെ ആദ്യ പരീക്ഷണം നടന്നത് 2012 ലാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ അക്കാദമിക മാർഗരേഖ പുറത്തിറക്കി സർക്കാർ. എല്ലാ സ്‌കൂളുകളിലും അക്കാദമിക പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന രീതിയിലാണ് സർക്കാർ മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്. സ്‌കൂൾ അന്തരീക്ഷവുമായി വിദ്യാർഥികളെ സ്വാഭാവികമായി കണ്ണിചേർക്കുന്നതിനാണ് തുടക്കത്തിലുള്ള പ്രവൃത്തി ദിവസങ്ങൾ ഉപയോഗിക്കേണ്ടതെന്നാണ് മാർഗ രേഖയിൽ വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡ് പ്രതിസന്ധിയെ മറികടന്ന് സ്‌കൂളുകൾ തുറക്കുമ്പോൾ എല്ലാ വിദ്യാർത്ഥികളേയും സ്‌കൂളിലേക്ക് തിരികെ എത്തിക്കാനാണ് സർക്കാർ ലക്ഷ്യംവെയ്ക്കുന്നത്. എല്ലാ സ്‌കൂളുകളിലും ഒരേ രീതിയിൽ അക്കാദമിക പ്രവർത്തനങ്ങൾ നടക്കണമെന്നും സർക്കാർ പദ്ധതിയിടുന്നു.

കുട്ടികൾക്കുള്ള ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരം നൽകണമെന്ന് മാർഗരേഖയിൽ നിർദ്ദേശിച്ചിട്ടുണ്ട്. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് അധ്യാപകർ മുൻഗണന നൽകണം. സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കണം. ലഘുവ്യായാമങ്ങൾ ചെയ്യിപ്പിക്കണം. ഇഷ്ടപുസ്തകങ്ങൾ വായിക്കാൻ അവസരം നൽകണമെന്നും മാർഗനിർദ്ദേശത്തിൽ വിശദീകരിക്കുന്നു.

പഠനത്തിനായി ഓൺലൈൻ, ഓഫ്ലൈൻ സാധ്യതകൾ അധ്യാപകർ പ്രയോജനപ്പെടുത്തണം. അസൈൻമെന്റ് പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയാക്കണം. സ്‌കൂളിൽ എത്താൻ സാധിക്കാത്ത വിദ്യാർഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. കോവിഡ് സുരക്ഷാ മാനദണ്ഡം പാലിക്കാൻ ഓരോ സ്‌കൂളും പ്രവർത്തന സമയം ക്രമീകരിക്കണം. പഠനവിടവ് പരിഹരിക്കാൻ രക്ഷിതാക്കളുടെ സഹകരണം ഉറപ്പാക്കണമെന്നും താൽപര്യമുള്ള എല്ലാ വിദ്യാർഥികളേയും സ്‌കൂളിലെത്തിക്കാനുള്ള സൗകര്യം ഉറപ്പാക്കണമെന്നും മാർഗരേഖയിൽ പറയുന്നുണ്ട്.

ന്യൂഡൽഹി: താലിബാന് സാമ്പത്തിക പിന്തുണ നൽകി ചൈന. ഒരു മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായമാണ് ചൈന താലിബാന്റെ നിയന്ത്രത്തിലുള്ള അഫ്ഗാന് നൽകിയത്. മരുന്ന്, ഭക്ഷണം തുടങ്ങിയവയ്ക്കായി മാനുഷിക സഹായമായി അഞ്ച് മില്യൺ ഡോളർ കൂടി അനുവദിക്കുമെന്നും ചൈന വാഗ്ദാനം നൽകിയിട്ടുണ്ട്. താലിബാൻ വക്താവ് സബിഹുള്ള മുജാഹിദാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം അഫ്ഗാനിസ്താനെ പുനർനിർമ്മിക്കാനും സ്ഥിരത വീണ്ടെടുക്കാനും താലിബാന് സഹായം നൽകുമെന്ന് ഖത്തറിൽ വെച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും താലിബാന്റെ ഇടക്കാല സർക്കാരിലെ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൾ ഗനി ബരാദറും തമ്മിൽ നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ ചൈന വാഗ്ദാനം ചെയ്തിരുന്നു. സാമ്പത്തിക അരാജകത്വം, തീവ്രവാദ ഭീഷണികൾ, ഭരണപരമായ ബുദ്ധിമുട്ടുകൾ എന്നിങ്ങനെ നാലിരട്ടി വെല്ലുവിളികളാണ് അഫ്ഗാൻ നേരിടുന്നതെന്ന് വാങ് യീ യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഉപരോധം നീക്കണമെന്ന് യു.എസിനോടും പാശ്ചാത്യരാജ്യങ്ങളോടും, അഫ്ഗാനിസ്ഥാനെ ആരോഗ്യകരമായ വികസനത്തിന്റെ പാതയിലേക്ക് നയിക്കാൻ സഹായിക്കുന്നതിന് താലിബാനുമായി ഇടപഴകാൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചൈന അഫ്ഗാനിസ്ഥാന് മാനുഷിക സഹായം നൽകുന്നത് തുടരുമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാമ്പത്തിക പുനർനിർമ്മാണം സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിന് ആഗോള സമൂഹവുമായി ബെയ്ജിംഗ് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ന്യൂഡൽഹി:സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. ബുധനാഴ്ച്ചയാണ് യോഗം ചേരുക. വാക്‌സിൻ രണ്ടാം ഡോസ് എടുക്കാത്തവരിലും ഇനിയും ആദ്യ ഡോസ് വാക്സിനെടുക്കാത്തവരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നതിനാണ് യോഗം ചേരുന്നത്. ഡൽഹി വിജ്ഞാൻ ഭവനിൽ വെച്ചാണ് യോഗം.

സമയപരിധി അവസാനിച്ചിട്ടും കാലാവധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരുടെ എണ്ണം വർധിച്ചുവരുന്നതിലുള്ള ആശങ്ക കാരണമാണ് യോഗം വിളിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സമയപരിധി കഴിഞ്ഞിട്ടും 11 കോടിയോളം ആളുകൾ ഇതുവരെ വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവെയ്പ്പ് സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിൻ യഥേഷ്ടം ലഭ്യമായിരിക്കുന്ന സമയത്താണ് ആളുകൾ ഇത്തരത്തിൽ വിമുഖത കാട്ടുന്നതെന്നാണ് വിവരം.

ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് കർമപദ്ധതികൾ തയ്യാറാക്കാൻ നാളത്തെ യോഗത്തിൽ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടുമെന്നാണ് വിവരം. രാജ്യത്തെ 75 ശതമാനത്തോളം ജനങ്ങളാണ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 31 ശതമാനത്തോളം പേർ രണ്ടു ഡോസും സ്വീകരിച്ച് വാക്സിനേഷൻ പൂർത്തീകരിച്ചിവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവത്തിൽ അനുപമയുടെ അച്ഛൻ പി.എസ്. ജയചന്ദ്രനെതിരെ നടപടിയുമായി സിപിഎം. പാർട്ടി പരിപാടികളിൽ നിന്നും ജയചന്ദ്രനെ മാറ്റി നിർത്തുമെന്ന് സിപിഎം അറിയിച്ചു. ഏരിയ തലത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും സിപിഎം വ്യക്തമാക്കി.

പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അനുപമയുടെ പിതാവ് ജയചന്ദ്രനെതിരെ നടപടി സ്വീകരിച്ചത്. ജയചന്ദ്രൻ പങ്കെടുത്ത യോഗത്തിലായിരുന്നു നടപടി സ്വീകരിക്കാൻ തീരുമാനമായത്. പേരൂർക്കട ലോക്കൽ കമ്മിറ്റി തീരുമാനം വൈകുന്നേരം ചേരുന്ന ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുമെന്നും പാർട്ടി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

അതേസമയം അനുപമയുടെ കുഞ്ഞിന്റെ ദത്തെടുക്കൽ നടപടി തിരുവന്തപുരം കുടുംബ കോടതി കഴിഞ്ഞ ദിവസം താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരിക്കുന്നത്. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ സമർപ്പിക്കപ്പെട്ടതാണോ എന്ന് കാര്യത്തിൽ വ്യക്തത വേണമെന്ന് കോടതി നിരീക്ഷിച്ചു.