13 വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി സ്വകാര്യമേഖലയ്ക്ക് കൈമാറാനൊരുങ്ങി കേന്ദ്ര സർക്കാർ; നടപടികൾ ആരംഭിച്ചു

ന്യൂഡൽഹി: 13 വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി സ്വകാര്യമേഖലയ്ക്ക് കൈമാറാനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള 13 വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് സ്വകാര്യ മേഖലയ്ക്ക് നൽകാൻ തീരുമാനിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കൈമാറ്റ നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ ഉദ്ദേശിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക കേന്ദ്രസർക്കാരിന് കൈമാറുകയും ചെയ്തു.

നിലവിലുള്ള ഏഴ് വലിയ വിമാനത്താവളങ്ങളെ ആറ് ചെറിയ വിമാനത്താവളങ്ങളുമായി ചേർത്ത് സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. വാരണാസി, അമൃത്സർ, ഭുവനേശ്വർ, റായ്പൂർ, ഇൻഡോർ, ട്രിച്ചി തുടങ്ങിയ വിമാനത്താവളങ്ങളുടെയെല്ലാം നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് നൽകും. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ് നിലവിൽ ഈ വിമാനത്താവലങ്ങളുടെയെല്ലാം പ്രവർത്തനം നടക്കുന്നത്.

അടുത്ത നാല് വർഷത്തിനുള്ളിൽ 25 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ ചുമതല കൈമാറിയതിന് സമാനമായി അടുത്ത 50 വർഷത്തേക്കായിരിക്കും സ്വകാര്യ നടത്തിപ്പുകാർക്ക് വിമാനത്താവളങ്ങൾ കൈമാറുന്നത്.