General (Page 1,355)

ന്യൂഡൽഹി: സ്വന്തമായി പാർട്ടി പ്രഖ്യാപിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പാർട്ടിയുടെ പേരും ചിഹ്നവും വൈകാതെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ് ലോക് കോൺഗ്രസെന്നാകും പാർട്ടിയുടെ പേരെന്നാണ് റിപ്പോർട്ട്. നവംബറോടെ ബിജെപിയുമായി സഖ്യത്തിലേർപ്പെടുമെന്നാണ് വിവരം. നവ്‌ജോത് സിംഗ് സിദ്ദു എവിടെ മത്സരിച്ചാലും നേരിടുമെന്ന് അമരീന്ദർ സിംഗ് പറഞ്ഞു. സഖ്യത്തിലോ അല്ലാതെയോ 117 സീറ്റുകളിൽ മത്സരിക്കുമെന്നാണ് അദ്ദേഹം വിശദമാക്കി.

പഞ്ചാബിൽ ബിജെപിയുമായി സഹകരിക്കാൻ അമരീന്ദർ സിംഗ് ഉപാധി വെച്ചിരുന്നു. കർഷക സമരം കേന്ദ്രം ഒത്തുതീർപ്പാക്കിയാൽ സഹകരിക്കുമെന്നായിരുന്നു അമരീന്ദർ സിംഗ് വ്യക്തമാക്കിയിരുന്നു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നു. നവംബറോടെ കർഷക സമരത്തിന് പരിഹാരമാകുമെന്ന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ് കിട്ടിയിട്ടുണ്ടെന്നാണ് അമരീന്ദറിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം അമരീന്ദർ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ന്യൂഡൽഹി: പെഗാസസ് വിവാദം സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ മൂന്നംഗ സമിതി അന്വേഷിക്കും. മുൻ ജസ്റ്റിസ് ആർ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയായിരിക്കും അന്വേഷണം നടത്തുക. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടിട്ടും വളരെ കുറച്ച് വിവരങ്ങൾ കൈമാറാൻ മാത്രമാണ് കേന്ദ്ര സർക്കാർ തയ്യാറായതെന്ന് കോടതി അറിയിച്ചു.

രാഷ്ട്രീയ വിവാദത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടന തത്വങ്ങൾ ഉയർത്തിപിടിക്കാനാണ് ആഗ്രഹിക്കുന്നത്. വിവരസാങ്കേതിക വളർച്ചയുടെ കാലത്ത് വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും മാദ്ധ്യമപ്രവർത്തകർക്കു മാത്രമല്ല എല്ലാവർക്കും സ്വകാര്യത ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമാ കൊഹ്ലി എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.

മുതിർന്ന മാദ്ധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, ജോൺ ബ്രിട്ടാസ് എം പി എന്നിവരാണ് പെഗാസെസ് വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സർപ്പിച്ചത്. ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, മാദ്ധ്യമപ്രവർത്തകർ എന്നിവരുടേതടക്കം ഫോൺ വിവരങ്ങൾ ചോർത്തിയതായാണ് ആരോപണം. 17 ഓളം അന്താരാഷ്ട്ര മാദ്ധ്യമസ്ഥാപനങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ഈ റിപ്പോർട്ട് പുറത്തു വന്നത്.

പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കല്പാത്തി രഥോത്സവം നടത്താൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി സംസ്ഥാന സർക്കാർ. രഥോത്സവം നടത്താനുള്ള മാസ്റ്റർ പ്ലാൻ സമർപ്പിക്കാൻ പാലക്കാട് ജില്ലാ ഭരണകൂടം കല്പാത്തി രഥോത്സവ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു. കല്പ്പാത്തി രഥോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് നിർദേശം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൂടിയാലോചിച്ച ശേഷം രഥോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അടുത്തമാസം പതിനാല് മുതൽ പതിനാറ് വരെയാണ് കല്പാത്തി രഥോത്സവം. കോവിഡ് മഹാമാരിക്ക് മുൻപ് നടത്തിയിരുന്നത് പോലെ ക്ഷേത്രം ചടങ്ങുകളും ആഘോഷങ്ങളും ഉൾപ്പെടെ രഥോത്സവം നടത്താൻ അനുമതി നൽകണമെന്ന് ക്ഷേത്രം ഭാരവാഹികൾ യോഗത്തിൽ ആവശ്യപ്പെട്ടു. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ഭാഗമായി 2019, 2020 വർഷങ്ങളിൽ ക്ഷേത്രങ്ങളിലെ ആചാരങ്ങൾ മാത്രമായി രഥോത്സവം നിയന്ത്രിച്ചിരുന്നു. രഥ സംഗമം ഉൾപ്പെടെയുള്ള ആഘോഷപരിപാടികൾ ഇത്തവണ നടത്തണമെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം.

എ ഡി എം കെ. മണികണ്ഠൻ, പാലക്കാട് സബ് കലക്ടർ ബൽ പ്രീത് സിംഗ്, ഡി.എം.ഒ ഡോ. കെ പി റീത്ത, വാർഡ് കൗൺസിലർമാർ, ക്ഷേത്രം ഭാരവാഹികൾ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ 604 അംഗീകൃത ക്വാറികളാണ് പ്രവർത്തിക്കുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ്. ആറായിരത്തോളം ക്വാറികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംസ്ഥാനത്ത് പ്രവർത്തിക്കുന്നവയിൽ ഭൂരിഭാഗം ക്വാറികളും അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.

സർക്കാർ പുതിയ ക്വാറികൾ അനുവദിച്ചുവെന്നത് പ്രചാരവേലയാണ്. നിലവിൽ ഉണ്ടായിരുന്നവയുടെ ലൈസൻസ് പുതുക്കി നൽകിയതാവാമെന്ന് പി രാജീവ് അറിയിച്ചു.. ഇപ്പോൾ കേരളത്തിലാകെ 604 ക്വാറികളേ നിയമാനുസൃതം പ്രവർത്തിക്കുന്നുള്ളൂ. 2010-ൽ 3104 ക്വാറികൾ ഉണ്ടായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1514 ആയും ഇപ്പോൾ 604 ആയും കുറഞ്ഞു. ആറായിരം ക്വാറികൾ ഉണ്ടെന്ന് പറയുന്നത് ഗൂഗിൾ മാപ്പിന്റെ അടിസ്ഥാനത്തിലാണ്. അതിന് എത്രത്തോളം ആധികാരികതയുണ്ടെന്ന് അറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

മണ്ഡലങ്ങളിൽ അനധികൃത ക്വാറികളുണ്ടെങ്കിൽ എം.എൽ.എ.മാർക്ക് ചൂണ്ടിക്കാട്ടാം. സർക്കാർ കർശന നടപടിയെടുക്കും. അനധികൃത ക്വാറികളുണ്ടെങ്കിൽ അന്വേഷിച്ച് പ്രവർത്തനം നിർത്തിക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് നിർദേശം നൽകി. ഒരു ക്വാറിക്കാർക്കും രാഷ്ട്രീയ സംരക്ഷണം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വനപ്രദേശത്തുനിന്ന് അഞ്ചു കിലോമീറ്റർ മാറിയേ ക്വാറികൾ അനുവദിക്കാവൂ എന്ന ഹരിത ട്രിബ്യൂണലിന്റെ വിധിയെ ചോദ്യംചെയ്ത് 50 മീറ്ററാക്കണം എന്ന് കോടതിയിൽ ആവശ്യപ്പെട്ടതിനെ മന്ത്രി ന്യായീകരിക്കുകയും ചെയ്തു.. 1967-ലെ സംസ്ഥാനത്തെ ചട്ടങ്ങളുടെയും 1960-ലെ കേന്ദ്ര റെഗുലേഷന്റെയും അടിസ്ഥാനത്തിലാണ് ഇങ്ങനെ ആവശ്യപ്പെട്ടത്. പാരിസ്ഥിതിക സന്തുലനം അട്ടിമറിക്കുന്ന ഒന്നും സർക്കാർ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ക്വാറികളുടെ എണ്ണം കുറഞ്ഞെന്ന വാദം ശരിയല്ലെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

മുംബൈ ആഢംബര കപ്പലിൽ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്ത കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റിവെച്ചു. ആര്യൻ ഖാന്റെ ജയിൽ മോചനം ബോംബെ ഹൈക്കോടതിയുടെ നടപടിയിലൂടെ വീണ്ടും നീണ്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് കേസിൽ വാദം കേൾക്കൽ പുനരാരംഭിക്കും. ആര്യൻ ഖാൻ ഒരു യുവാവ് ആണെന്നും അദ്ദേഹത്തെ ജയിലിലേക്കാളും പുനരധിവാസത്തിലേക്കാണ് അയക്കേണ്ടതെന്നുമാണ് മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി കഴിഞ്ഞ ദിവസം വാദിച്ചിരുന്നത്.

സമീർ വാംഖഡേയ്ക്ക് എതിരെ മാദ്ധ്യമങ്ങളിലും രാഷ്ട്രീയ നേതാക്കന്മാരും ഉയർത്തുന്ന ആരോപണങ്ങളിൽ എനിക്ക് യാതൊരു പങ്കുമില്ല. പ്രഭാകർ സെയ്‌ലുമായോ ഗോസാവിയുമായോ യാതൊരു ബന്ധമോ അടുപ്പമോ ഇല്ലെന്നും ആര്യൻ ഖാൻ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുൻപായി ബോംബെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

മയക്കുമരുന്ന് കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങൾ ആര്യൻ നിഷേധിച്ചു. കേസിലെ സാക്ഷികളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ആരെയും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. കേസിൽ ഷാരൂഖിന്റെ മാനേജർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായുള്ള എൻ.സി.ബിയുടെ വാദത്തിന്റെ തുടർച്ചയായാണ് ആര്യൻ ഖാൻ സത്യവാങ്മൂലം സമർപ്പിച്ചത്. എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാംഗഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്നാണ് സാക്ഷിയായ പ്രഭാകർ സെയ്‌ലിന്റെ ആരോപണം.

“കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി” എന്നാണ് ചൊല്ല്.. അങ്ങനെയുള്ള മന്ത്രി മാർ നമ്മുടെ ജനാധിപത്യ ത്തിന്റെ പൈത്യമായി മാറുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്.എന്നാൽ രാജ്യത്തെ വിഴുങ്ങുന്ന മന്ത്രിമാരെ നിശിതപരിഹാസത്തിലൂടെ” കൊല്ലാക്കൊല” കൊല്ലാറുണ്ടായിരുന്ന മന്ത്രിമാരുടെ ജനുസിൽ പെടുത്താൻ നമുക്ക് ഒരേയൊരു മന്ത്രിയേ ഉണ്ടായിരുന്നുള്ളു..

സാക്ഷാൽ പി.കെ.മന്ത്രി..!

വകുപ്പുമന്ത്രിയെ കഥാപാത്രമാക്കി കാർട്ടൂൺ വരച്ചതിന്റെ പേരിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ശിക്ഷണനടപടി ഏറ്റുവാങ്ങേണ്ടി വന്ന ചിത്രകലാ അധ്യാപകൻ കൂടിയായിരുന്ന പി.കെ.മന്ത്രി..!!

“തനിനിറം”പത്രവും പി.കെ.മന്ത്രി യുടെ കറുകറുത്ത ഫലിതത്തിൽ ചാലിച്ച ബ്രഷ് വരയിലെ പരിഹാസത്തിന്റെ കൂരമ്പും അക്കാലത്തെ നേതാക്കളുടെ പേടിസ്വപ്നമായിരുന്നല്ലൊ…
അദ്ദേഹം വരയിലൂടെ കൊമ്പിൽ കോർത്ത പലേ മന്ത്രി വമ്പൻമാരും എക്സ് മിനിസ്റ്റർമാരായി മാറിയിട്ടും വേർപാടിന്റെ ആയുർദൈർഘ്യം കാൽനൂറ്റാണ്ട് കടന്നിട്ടും കാർട്ടൂണിസ്റ്റ് മന്ത്രി ഇന്നും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും വകയും വകുപ്പുമുള്ള കാർട്ടൂണിന്റെ എവർഗ്രീൻ മന്ത്രിയായി തുടരുന്നു..!!!

അദ്ദേഹത്തിന്റെ “പാച്ചുവും കോവാലനും” ഇന്നും മധ്യ വയസു പിന്നിട്ട തലമുറയുടെ വെടിവട്ടങ്ങളിൽ കൂടെക്കൂടെ കടന്നു വരാറുള്ളത് അതുകൊണ്ട് തന്നെ…
മന്ത്രിമാരെ വരച്ചവരയിൽ നിർത്തിയ മന്ത്രിയുടെ ആ വരകൾ വീണ്ടും തനിനിറത്തിലൂടെ കാണാൻ കഴിഞ്ഞപ്പോൾ അതും അക്ഷര സമ്പന്നനായ ശേഖരൻ നായരുടെ വരികളും ചേര്‍ന്നതോടെ പുതിയൊരു അനുഭവമായി.

നിത്യഹരിത മന്ത്രിക്ക് പ്രണാമം…

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരണവുമായി അഡ്വ.ഹരീഷ് വാസുദേവൻ. ഭരണഘടനയ്ക്ക് മുൻപ് ഉണ്ടാക്കിയ കരാർ ഭരണഘടന വന്നതോടെ റദ്ദാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പൊളിറ്റിക്കൽ കരാറല്ല എന്ന വാദം വിചിത്രവും അസംബന്ധവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വിഷയത്തിൽ സർക്കാർ സ്വീകരിക്കേണ്ട തുടർ നടപടികളെ കുറിച്ചും അദ്ദേഹം വിശദമാക്കുന്നുണ്ട്. തമിഴ്‌നാടുമായുള്ള ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാമോ എന്ന പരിശോധനയാണ് ഇനി ബാക്കിയുള്ളത്. ഇനി ചർച്ചയ്ക്ക് ഇരിക്കുമ്പോൾ, അവർക്ക് അനുകൂലമായ സുപ്രീംകോടതി വിധിയുള്ളത് കൊണ്ട് തമിഴ്‌നാടിനു മേൽക്കൈ ഉണ്ട്. കേരളത്തിന്റെ ഒരു ഡിമാന്റും അംഗീകരിക്കേണ്ട കാര്യമോ, ചർച്ച തന്നെയോ നടത്തേണ്ട കാര്യമോ തൽക്കാലം അവർക്കില്ല. ഡാം ബലവത്താണെന്ന സുപ്രീംകോടതി വിധി അന്തിമമല്ലെന്നും, ബലക്ഷയം സംബന്ധിച്ച് നിയമപരമായ പുതിയ പോർമുഖം തുറക്കാമെന്നും ഉള്ള സ്ഥിതി വന്നാലേ ആരോഗ്യകരമായ ചർച്ച ഉണ്ടാകൂവെന്ന് അദ്ദേഹം പറഞ്ഞു.

ഡാം ഇപ്പോ പൊട്ടുമെന്ന വാദം പോലെ തന്നെ അസംബന്ധമാണ് ഡാം പൂർണ്ണ സുരക്ഷിതമാണെന്ന വാദവും. 100 വർഷം കഴിഞ്ഞ ഏത് ഡാമും അപകടമുണ്ടാക്കാൻ സാധ്യതയുള്ള ഒന്നാണ്. പ്രത്യേകിച്ച് ഭൂകമ്പസാധ്യതയും മണ്ണിടിച്ചിലും ഉള്ള പ്രദേശമാണെങ്കിൽ. ഡാം എല്ലാക്കാലവും സമ്പൂർണ്ണ സുരക്ഷിതമാണ് എന്ന വാദം ആ അർത്ഥത്തിൽ അസംബന്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മുല്ലപ്പെരിയാറിൽ മുന്നോട്ട് വഴിയെന്ത്?

ഡാം ഇപ്പൊ പൊട്ടുമെന്ന വാദം പോലെ തന്നെ അസംബന്ധമാണ് ഡാം പൂർണ്ണ സുരക്ഷിതമാണെന്ന വാദവും. 100 വർഷം കഴിഞ്ഞ ഏത് ഡാമും അപകടമുണ്ടാക്കാൻ സാധ്യതയുള്ള ഒന്നാണ്. പ്രത്യേകിച്ച് ഭൂകമ്പസാധ്യതയും മണ്ണിടിച്ചിലും ഉള്ള പ്രദേശമാണെങ്കിൽ. ഡാം എല്ലാക്കാലവും സമ്പൂർണ്ണ സുരക്ഷിതമാണ് എന്ന വാദം ആ അർത്ഥത്തിൽ അസംബന്ധമാണ്.

ഭരണഘടനയ്ക്ക് മുൻപ് ഉണ്ടാക്കിയ കരാർ ഭരണഘടന വന്നത്തോടെ റദ്ദാകേണ്ടതാണ്. എന്നാലിത് പൊളിറ്റിക്കൽ കരാറല്ല എന്ന വിചിത്രവും അസംബന്ധവുമായ വിധിയിലൂടെയാണ് സുപ്രീംകോടതി കേരളത്തിന്റെ വാദം തള്ളിയത്. അതിനെതിരെ പ്രതിഷേധം ശക്തമാക്കേണ്ടത് ആയിരുന്നു, ചെയ്തില്ല.

തമിഴ്‌നാടുമായുള്ള ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാമോ എന്ന പരിശോധനയാണ് ഇനി ബാക്കി.

ഇനി ചർച്ചയ്ക്ക് ഇരിക്കുമ്പോൾ, അവർക്ക് അനുകൂലമായ സുപ്രീംകോടതി വിധിയുള്ളത് കൊണ്ട് തമിഴ്‌നാടിനു മേൽക്കൈ ഉണ്ട്. കേരളത്തിന്റെ ഒരു ഡിമാന്റും അംഗീകരിക്കേണ്ട കാര്യമോ, ചർച്ച തന്നെയോ നടത്തേണ്ട കാര്യമോ തൽക്കാലം അവർക്കില്ല. ഡാം ബലവത്താണെന്ന സുപ്രീംകോടതി വിധി അന്തിമമല്ലെന്നും, ബലക്ഷയം സംബന്ധിച്ച് നിയമപരമായ പുതിയ പോർമുഖം തുറക്കാമെന്നും ഉള്ള സ്ഥിതി വന്നാലേ ആരോഗ്യകരമായ ചർച്ച ഉണ്ടാകൂ.

കേന്ദ്രജലകമ്മീഷനാണ് (CWC) രഈ വിഷയത്തിലെ, രാജ്യത്തുള്ള ഏറ്റവും ഉയർന്ന സാങ്കേതികസമിതി എന്ന അടിസ്ഥാനത്തിലാണ് തമിഴ്നാടിന്റെ വാദവും വിധിയും. എന്നാൽ, 2006 നു ശേഷം രാജ്യത്തെ executive നും നിയമങ്ങൾക്കും വലിയ മാറ്റങ്ങളുമുണ്ടായി.

അതത് സംസ്ഥാനങ്ങളുടെ ദുരന്തസാധ്യതകൾ സ്വതന്ത്രമായി വിലയിരുത്താനും തീരുമാനങ്ങൾ എടുക്കാനും SDMA കളും ദേശീയ തലത്തിൽ NDMA യും നിലവിൽ വന്നു. ഈ നിയമത്തിനു നിലനിൽക്കുന്ന മറ്റെല്ലാ നിയമങ്ങളുടെയും മുകളിൽ മേൽക്കൈ ഉണ്ട് എന്ന വകുപ്പ് CWC യുടെ തീരുമാനങ്ങളേ അസ്ഥിരപ്പെടുത്താൻ NDMA യ്ക്ക് അധികാരം നൽകുന്നു.

ദുരന്തനിവാരണ നിയമം അനുസരിച്ച് തയ്യാറാക്കിയ സ്റ്റേറ്റ് പ്ലാനിൽ മനുഷ്യനിർമ്മിത ദുരന്തങ്ങളുണ്ട്. ദുരന്തം ഒഴിവാക്കാനും ആഘാതം ലഘൂകരിക്കാനും ഉള്ള പോംവഴികളുണ്ട്. മുല്ലപ്പെരിയാർ SDMP യിൽ ഉൾപ്പെടുത്തണം. 2006 നും 2021 നും ഇടയിൽ നടന്ന കാലാവസ്ഥാ മാറ്റവും ഭൗമപ്രതിഭാസങ്ങളും കണക്കിലെടുത്ത്, ഡാം പൊളിയാനുള്ള സാധ്യത ഒരു അന്താരാഷ്ട്ര ഏജൻസിയെ വെച്ചു സ്വതന്ത്രമായി പഠിക്കാനുള്ള തീരുമാനം SDMA യിൽ ഉണ്ടാകണം. പൊളിഞ്ഞാൽ ഉണ്ടാകാൻ സാധ്യതയുള്ള ദുരന്തം ലഘൂകരിക്കാനുള്ള പ്ലാൻ തയ്യാറാക്കണം. പുതിയ പഠനം ആശങ്കകൾ ശരിവെയ്ക്കുന്നത് ആണെങ്കിൽ, ഡാം പൊളിക്കാൻ തീരുമാനിക്കണം. കരാർ റദ്ദാക്കാൻ തീരുമാനിക്കണം. തമിഴ്‌നാടിനു വെള്ളം കൊടുക്കേണ്ട ബാധ്യത കേരളാ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ രേഖകൾ സഹിതം ദേശീയ ദുരന്തനിവാരണ അതോറിറ്റിയിൽ അപേക്ഷ സമർപ്പിക്കണം. സമയബന്ധിതമായി തീരുമാനം എടുക്കാൻ കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങണം. അടഞ്ഞ വാതിലുകൾ തുറന്നേക്കാം എന്ന പ്രതീതി സൃഷ്ടിക്കണം.

അപ്പോൾ, തമിഴ്‌നാട് സർക്കാർ ഉഭയകക്ഷി ചർച്ചയ്ക്ക് മുൻകൈ എടുക്കും. അവിടെ കേരളത്തിന് കേരളത്തിന്റെ വാദം പറയുമ്പോൾ, സുപ്രീംകോടതിയുടെ വിധിയുടെ തോൽവിഭാരം ഇന്നത്തെയത്ര ഉണ്ടാകില്ല. പുതിയ ഡാമോ, ജലം കൊണ്ടുപോകാൻ പുതിയ കനാലോ എന്താന്നു വെച്ചാൽ തീരുമാനിക്കാം.

ഇപ്പോഴുള്ളതിലും മെച്ചപ്പെട്ട, സുരക്ഷിതമായ അവസ്ഥയിലേക്ക് കൊണ്ടുപോകാനാകും എന്നാണ് പ്രതീക്ഷ.

വ്യക്തിപരമായ അഭിപ്രായമാണ്.
ഡാം വിദഗ്ധനോ സുരക്ഷാ വിദഗ്ധനോ അല്ല.

അഡ്വ.ഹരീഷ്

ചെന്നൈ: തമിഴ്‌നാട്ടിൽ പടക്ക കടയ്ക്ക് തീപിടിച്ചു. കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്ക കടയിലാണ് അപകടം ഉണ്ടായത്. തീപിടുത്തത്തിൽ അഞ്ച് പേർ മരിക്കുകയും പത്തു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

പടക്ക കടയ്ക്ക് സമീപത്തെ ബേക്കറിയിൽ നിന്നാണ് തീ പടർന്നതാണെന്നാണ് സംശയിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.

ദീപാവലി കണക്കിലെടുത്ത് കടയിൽ വലിയ തോതിൽ പടക്കം സംഭരിച്ചിരുന്നു. അഗ്‌നിശമന സേനയും പോലീസും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമായി. പടക്കശാലയ്ക്ക് സമീപത്തെ കടകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തീപിടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. തീപിടുത്തതെത്തുടർന്ന് ആകാശത്തേക്ക് തീഗോളം ഉയർന്നു പൊങ്ങുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും. കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനം കത്തി നശിച്ചു.

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയായി നിലനിർത്തുമെന്ന് വ്യക്തമാക്കി തമിഴ്‌നാട്. ജലനിരപ്പ് 138 അടിയിലെത്തിയാൽ സ്പിൽവേ വഴി ജലം ഒഴുക്കിക്കളയുമെന്ന് തമിഴ്‌നാട് അറിയിച്ചു. കേരളവും തമിഴ്‌നാടും തമ്മിൽ നടന്ന ഉദ്യോഗസ്ഥതല ചർച്ചയിലാണ് തമിഴ്‌നാട് ഇക്കാര്യം വ്യക്തമാക്കിയത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിർത്തണമെന്നാണ് ഉന്നതതല സമിതി യോഗത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നത്. 139.99 അടിയായി ജലനിരപ്പ് നിലനിർത്തണമെന്ന് 2018 ൽ സുപ്രീം കോടതി നിർദേശിച്ചതെന്നും കേരളം വ്യക്തമാക്കിയിരുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ജലം കേരളം കൊണ്ടു പോകണമെന്നായിരുന്നു കേരളം മുന്നോട്ട് വെച്ച ആവശ്യം. മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർധിച്ച് ഒഴുക്കി കളയേണ്ട അവസ്ഥ വന്നാൽ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെ കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയില്ല. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലംസംഭരിക്കണമെന്നും തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടു.

ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐഎഎസ് തുടങ്ങിയവരാണ് മുല്ലപ്പെരിയാർ ഉന്നതതല സമിതി യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. അഡിഷനൽ ചീഫ് സെക്രട്ടറി (പിഡബ്ല്യുഡി, തമിഴ്നാട് പ്രതിനിധി) സന്ദീപ് സക്സേന ഐഎഎസ്, കേന്ദ്ര ജലകമ്മിഷൻ അംഗവും മുല്ലപ്പെരിയാർ ഉന്നതതല സമിതി ചെയർമാനുമായ ഗുൽഷൻ രാജ് തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ചർച്ച നടത്തും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബറിലായിരിക്കും ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ ധാരണയുണ്ടാകും. പുതിയ അണക്കെട്ട് നിർമ്മിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാടുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. മുഴുവൻ സമയവും സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ വെള്ളം കൊണ്ടുപോകാനും സ്പിൽ വേ ഷട്ടറുകൾ ഉയർത്തി അധികജലം പുറത്തേക്ക് ഒഴുക്കിക്കൊണ്ട് പോകേണ്ട അവസ്ഥയുണ്ടായാൽ 24 മണിക്കൂർ മുൻപ് തന്നെ അറിയിപ്പ് ലഭ്യമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എല്ലാവിധ നടപടികളും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നും മന്ത്രി ഉറപ്പു നൽകി. അണക്കെട്ടിലെ ജലനിരപ്പ് 139.99 അടിയായി ക്രമീകരിക്കാൻ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നടന്ന കേരളം ആവശ്യപ്പെട്ടുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച തർക്കം വീണ്ടും സുപ്രീം കോടതിയിൽ എത്തിയ സാഹചര്യത്തിലാണ് നടപടി. അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച തീരുമാനം ഉടൻ കൈക്കൊള്ളണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. കേരളവും തമിഴ്‌നാടും വിഷയം ചർച്ച ചെയ്ത് തീരുമാനം സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.