ന്യൂഡൽഹി:സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. ബുധനാഴ്ച്ചയാണ് യോഗം ചേരുക. വാക്‌സിൻ രണ്ടാം ഡോസ് എടുക്കാത്തവരിലും ഇനിയും ആദ്യ ഡോസ് വാക്സിനെടുക്കാത്തവരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നതിനാണ് യോഗം ചേരുന്നത്. ഡൽഹി വിജ്ഞാൻ ഭവനിൽ വെച്ചാണ് യോഗം.
സമയപരിധി അവസാനിച്ചിട്ടും കാലാവധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരുടെ എണ്ണം വർധിച്ചുവരുന്നതിലുള്ള ആശങ്ക കാരണമാണ് യോഗം വിളിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സമയപരിധി കഴിഞ്ഞിട്ടും 11 കോടിയോളം ആളുകൾ ഇതുവരെ വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവെയ്പ്പ് സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിൻ യഥേഷ്ടം ലഭ്യമായിരിക്കുന്ന സമയത്താണ് ആളുകൾ ഇത്തരത്തിൽ വിമുഖത കാട്ടുന്നതെന്നാണ് വിവരം.
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് കർമപദ്ധതികൾ തയ്യാറാക്കാൻ നാളത്തെ യോഗത്തിൽ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടുമെന്നാണ് വിവരം. രാജ്യത്തെ 75 ശതമാനത്തോളം ജനങ്ങളാണ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 31 ശതമാനത്തോളം പേർ രണ്ടു ഡോസും സ്വീകരിച്ച് വാക്സിനേഷൻ പൂർത്തീകരിച്ചിവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

