General (Page 1,353)

ന്യൂഡൽഹി: ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്റെ ചുമതല എ.എ.റഹീമിന്. ഡൽഹിയിൽ ചേർന്ന ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിയിലാണ് ഇതു സംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടോടെയുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. താത്കാലിക ചുമതലയാണ് ഇപ്പോൾ റഹീമിന് നൽകുന്നതെങ്കിലും ഡിവൈഎഫ്‌ഐയുടെ അടുത്ത സമ്മേളനത്തിൽ റഹീം നേരിട്ട് അധ്യക്ഷനാകാനാണ് സാധ്യത. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന ഫ്രാക്ഷൻ യോഗത്തിൽ റഹീമിന് ചുമതല നൽകുന്നത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു.

പി.എ.മുഹമ്മദ് റിയാസാണ് നിലവിലെ ഡിവെഎഫ്‌ഐ ദേശീയ അധ്യക്ഷൻ. മുഹമ്മദ് റിയാസ് രണ്ടാം പിണറായി സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് സംഘടനാ ചുമതല ഒഴിയാൻ തീരുമാനിച്ചത്. റഹീം ദേശീയ നേതൃത്വത്തിലേക്ക് മാറുന്നതോടെ സംസ്ഥാന ഡിവെഎഫ്‌ഐ നേതൃത്വത്തിലും മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എം.വിജിൻ, കെ.വി.സുമേഷ്, സച്ചിൻ ദേവ്, കെ റഫീഖ് എന്നിവരുടെ പേരുകളാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.

കേരളത്തിൽ നിന്നുള്ള മറ്റൊരു നേതാവായ ജെയ്ക്ക് പി തോമസിനെ ഡിവൈഎഫ്‌ഐ ദേശീയ സെന്ററിലേക്ക് മാറ്റിയേക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. അതേസമയം ഡിവൈഎഫഐ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട റഹീമിന് പിഎ മുഹമ്മദ് റിയാസ് അഭിനന്ദനം അറിയിച്ചു.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവെന്ന നിലയിൽ തനിക്കുള്ള പോലീസ് സുരക്ഷ വെട്ടിചുരുക്കിയതിൽ പ്രതികരണവുമായി വിഡി സതീശൻ. സർക്കാർ ആവശ്യപ്പെട്ടാൽ തന്റെ ഔദ്യോഗിക വസതിയും ഔദ്യോഗിക കാറും തിരികെ കൊടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭാ മീഡിയ റൂമിൽ വച്ച് മാദ്ധ്യമങ്ങളോ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പൊലീസ് സുരക്ഷ പിൻവലിച്ചതിൽ എനിക്ക് വ്യക്തിപരമായി യാതൊരു പരാതിയുമില്ല. പക്ഷേ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം അത്ര വലിയ സ്ഥാനമല്ല ചെറിയൊരു സ്ഥാനമാണെന്ന് എന്നേയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്താൻ വേണ്ടിയെടുത്ത തീരുമാനമാണ് ഇതെങ്കിൽ അതിലൊരു വിരോധവുമില്ലെന്ന് അദ്ദേഹം വിശദമാക്കി.

സർക്കാർ ആവശ്യപ്പെട്ടാൽ ഔദ്യോഗിക വസതിയും കാറും തിരിച്ചു കൊടുക്കാൻ താൻ തയ്യാറാണ്. ഇക്കാര്യങ്ങളിലൊന്നും തനിക്ക് ഭ്രമമില്ല. ഇതൊന്നും തന്നെ സംബന്ധിച്ചൊരു വിഷയമല്ല. പക്ഷേ വർഷങ്ങളായി പ്രതിപക്ഷ നേതാവിന് കേരളത്തിൽ ഒരു സ്റ്റാറ്റസുണ്ട്. അതിടിച്ചു താഴ്ത്താനാവും സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഇതുെകാണ്ടൊന്നും എന്റെ സ്ഥാനം താഴില്ലെന്നും മന്ത്രിമാരുടെയും സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും ചീഫ് വിപ്പിന്റെയും ഒക്കെ താഴെയാണ് ഇപ്പോൾ പ്രതിപക്ഷ നേതാവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് തനിക്ക് ഇസഡ് കാറ്റഗറിയിലെ സുരക്ഷ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചത്. അവർ തന്നെ വന്ന് തനിക്കുള്ള സൗകര്യങ്ങളെല്ലാം വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് വിപുലമായ സുരക്ഷാ സൗകര്യങ്ങൾ വേണ്ടെന്ന് അവരോട് നേരത്തെ വ്യക്തമാക്കിയിരുന്നു. തണ്ടർബോൾട്ടോ മറ്റു സേവനങ്ങളോ വലിയ എസ്‌കോർട്ടോ വേണ്ടെന്ന തീരുമാനവും നേരത്തെ അറിയിച്ചതാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ തിരക്കേറിയതും സംഘർഷ സാധ്യതയുള്ളതുമായ പ്രദേശങ്ങളും സന്ദർശിക്കേണ്ടി വരാമെന്നതിനാൽ ഒരു പൈലറ്റ് വാഹനത്തിന്റെ സേവനം മാത്രം മതിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുംബൈ: ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം. ബോംബൈ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. കേസിൽ കൂട്ടു പ്രതികളായ അർബ്ബാസ് മെർച്ചന്റിനും മൂൺ മൂൺ ധമേച്ചക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 21 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ആര്യന് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് കോടതി ആര്യൻ ഖാനും കൂട്ടാളികൾക്കും ജാമ്യം അനുവദിച്ചത്. ഉപാധികൾ എന്തൊക്കെയെന്ന് കോടതി നാളെ അറിയിക്കും.

സോളിസിറ്റർ ജനറൽ അനിൽ സിംഗാണ് എൻസിബിയ്ക്ക് വേണ്ടി ഹാജരായത്. മുകുൾ റോഹ്ത്തഗിയാണ് ആര്യൻ ഖാന് വേണ്ടി ഹാജരായത്. ഒരു കാരണവും ബോധിപ്പിക്കാതെയാണ് ആര്യൻ ഖാനെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും ഭരണഘടനയുടെ നേരിട്ടുള്ള ലംഘനമാണിതെന്നുമാണ് കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ മുകുൾ റോഹ്ത്തഗി പറഞ്ഞത്.

തിരുവനന്തപുരം: സാഹസിക ടൂറിസം മേഖലയിൽ നിർണായക നേട്ടം കരസ്ഥമാക്കി കേരളം. സാഹസിക ടൂറിസം മേഖലയിലെ പ്രവർത്തനങ്ങളിൽ രജിസ്ട്രേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറി. കര, ജല, വ്യോമ മേഖലയിലെ സാഹസിക ടൂറിസം പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ചട്ടപ്രകാരമാണ് സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകുന്നത്.

വിനോദസഞ്ചാര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരു വിദഗ്ധ കമ്മറ്റിയെ സാഹസിക വിനോദസഞ്ചാര മേഖലയിലെ മാനദണ്ഡങ്ങൾ തയ്യാറാക്കാനായി നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് കേരളത്തിൽ കൂടുതൽ പ്രചാരത്തിലുള്ള 31 സാഹസിക ടൂറിസം പ്രവർത്തനങ്ങളെ ഉൾപ്പെടുത്തി സമഗ്രമായ സുരക്ഷാ ഗുണനിലവാര ചട്ടങ്ങൾ തയാറാക്കിയത്. കേരളത്തിന്റെ ഭൗതിക സാഹചര്യങ്ങൾക്കനുസരിച്ച് ആണ് ചട്ടങ്ങൾ തയ്യാറാക്കിയത് എന്നാണ് അധികൃതർ അറിയിക്കുന്നത്. പുതുതായി നിലവിൽ വന്ന സാഹസിക പ്രവർത്തനങ്ങളെ ഈ ചട്ടത്തിൽ ഉൾപ്പെടുത്തി കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

കേരളത്തിലെ സാഹസിക വിനോദസഞ്ചാരമേഖലയിൽ കൂടുതൽ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പുവരുത്താനും ആണ് പുതിയ നീക്കം. വിനോദസഞ്ചാരികളെ കൂടുതൽ ആത്മവിശ്വാസത്തോടെ മേഖലയിലേക്ക് ആകർഷിക്കാനും നീക്കം സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.

വിനോദ സഞ്ചാര മേഖലയിലെ ഉദ്യോഗസ്ഥരും വിദഗ്ധരും നടത്തിയ കമ്മിറ്റിയുടെ നേരിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് വിനോദസഞ്ചാരവകുപ്പ് ഡയറക്ടർ രജിസ്ട്രേഷന് അനുമതി നൽകുന്നത്. രണ്ട് വർഷമാണ് രജിസ്ട്രേഷൻ കാലാവധി.

കേരള ടൂറിസത്തിന്റെ ആദ്യ രജിസ്ട്രേഷൻ ലഭിച്ചത് കോവളത്ത് പ്രവർത്തിക്കുന്ന ബോട്ട് വാട്ടർ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിനാണ്. സ്കൂബാ ഡൈവിംഗ്, കയാക്കിംഗ്, റസലിംഗ് എന്നീ സാഹസിക വിനോദങ്ങൾക്കാണ് രജിസ്ട്രേഷൻ ലഭ്യമായത്.

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ട സ്‌കൂളുകൾ തുറക്കുമ്പോൾ കോവിഡ് പ്രതിരോധത്തിനെന്ന പേരിൽ ആയുർവേദ മരുന്നും വിതരണം ചെയ്യാനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാന ആയുഷ് വകുപ്പ് രൂപീകരിച്ച കിരണം പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾക്ക് ആയുർവേദ മരുന്ന് വിതരണം ചെയ്യുന്നതെന്നാണ് വിവരം. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് അനുമതി നൽകിയെന്നാണ് റിപ്പോർട്ടുകൾ.

സംസ്ഥാന ആരോഗ്യവകുപ്പ് അനുമതി നൽകി. സ്‌കൂൾ കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിനെന്ന പേരിൽ ഹോമിയോ മരുന്നുകൾ വിതരണം ചെയ്യുന്ന നടപടിയ്ക്ക് പിന്നാലെയാണ് ആയുർവേദ മരുന്നും വിതരണം ചെയ്യാനൊരുങ്ങുന്നത്. നേരത്തെ കുട്ടികൾക്ക് പ്രതിരോധശേഷി വർധിപ്പിക്കാനായി ച്യവനപ്രാശം ഉൾപ്പെടെ പത്തോളം ആയുർവേദ മരുന്നുകൾ നൽകാൻ കേന്ദ്ര ആയുഷ് മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കേരളവും വിദ്യാർത്ഥികൾക്ക് ആയുർവേദ മരുന്ന് നൽകുന്നത്. ഓരോ കുട്ടികളുടെയും ശാരീരികാവസ്ഥകൾ പരിഗണിച്ചായിരിക്കും ആയുർവേദ വിഭാഗം മരുന്നുകൾ നൽകുന്നതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുട്ടികൾക്കുള്ള പനി, ചുമ, കഫക്കെട്ട്, രുചി നഷ്ടമാകൽ തുടങ്ങിയവയ്‌ക്കെതിരെയുള്ള മരുന്നുകളായിരിക്കും നൽകുക.

കുട്ടികൾക്ക് മരുന്നുകൾ നൽകുന്നത് രക്ഷിതാക്കളുടെ അനുമതിയോടെയായിരിക്കും. ആയുർവേദ ഡിസ്‌പെൻസറികൾ, ആയുർരക്ഷാ ക്ലിനിക്കുകൾ എന്നീ സ്ഥാപനങ്ങൾ വഴിയും സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ക്യാംപുകൾ വഴിയും മരുന്ന് വിതരണം നടത്തും. തദ്ദേശ സ്ഥാപനങ്ങളുുടെ പ്രതിനിധികളും സ്‌കൂൾ അധികൃതരും പദ്ധതിയിൽ സഹകരിക്കണമെന്ന് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് ആവശ്യപ്പെട്ടു. അതേസമയം പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രത്യേക യോഗ ക്ലാസുകൾ നടത്താനും പദ്ധതിയുണ്ട്.

sameer

മുംബൈ: മുംബൈയിൽ ആഡംബര കപ്പലിൽ നിന്നും ലഹരിമരുന്ന് പിടിച്ചെടുത്ത കേസിൽ സമീർ വാങ്കഡെ തന്നെ അന്വേഷണം നടത്തും. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പണം വാങ്ങി കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്ന് അടക്കമുളള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എൻസിബി നിലപാട് അറിയിച്ചത്.

ആരോപണവുമായി ബന്ധപ്പെട്ട് സമീർ വാങ്കഡെയെ ചോദ്യം ചെയ്തുവെന്ന് എൻസിബി ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശർ സിംഗ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടത് അനുസരിച്ച് അദ്ദേഹം ഇവ സമർപ്പിച്ചതായും ഗ്യാനേശർ സിംഗ് വിശദമാക്കി. ആവശ്യം വരികയാണെങ്കിൽ വീണ്ടും ചോദ്യം ചെയ്യും. ആരോപണവുമായി ബന്ധപ്പെട്ട് ഉറപ്പുളള വിവരങ്ങൾ അദ്ദേഹത്തിനെതിരെ ലഭിക്കുന്നത് വരെ സമീർ വാങ്കഡെ തന്നെയാകും ലഹരിവേട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഡംബരകപ്പലിലെ ലഹരിവേട്ടയുടെ അന്വേഷണച്ചുമതലയിൽ നിന്ന് സമീർ വാങ്കഡെയെ ഒഴിവാക്കാനാണ് നീക്കമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ പിടികൂടിയത് സമീർ വാങ്കഡെയാണ്.

ശ്രീനഗർ: ഐക്യരാഷ്ട്രസഭ 1947 ൽ ഇടപെട്ടില്ലായിരുന്നെങ്കിൽ മുഴുവൻ കാശ്മീരും ഇപ്പോൾ ഇന്ത്യയുടെ ഭാഗമായേനെയെന്ന് വായുസേനയുടെ വെസ്റ്റേൺ എയർ കമാന്റ് മേധാവി എയർ മാർഷൽ അമിത് ദേവ്. കാശ്മീർ താഴ്വരയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സൈനിക നീക്കത്തിന്റെ 75-ാം വാർഷിക ദിനത്തിലാണ് അദ്ദേഹം കശ്മീരിലെത്തിയത്.

വായുസേനയുടെയും കരസേനയുടെയും മാത്രമല്ല മറ്റ് ചെറിയ മിഷനുകളുടെയും വിജയമായിരുന്നു കാശ്മീരിനെ ഇന്ത്യയോട് ചേർത്ത സംഭവം. ഇന്നല്ലെങ്കിൽ നാളെ കാശ്മീരിന്റെ ഭാഗങ്ങൾ മുഴുവനും ഇന്ത്യയുടേതാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ വിപിൻ റാവത്തും കരസേനാ മേധാവി എംഎം നരവനെയും ഡൽഹി വാർ മെമ്മോറിയലിൽ ആദരം അർപ്പിച്ചു.

‘കാശ്മീർ രക്ഷകർ’ എന്ന യുദ്ധ സ്മാരകം ജമ്മു കാശ്മീരിൽ ലഫ്.ഗവർണർ മനോജ് സിൻഹ രാജ്യത്തിന് സമർപ്പിച്ചു. ശ്രീനഗർ വിമാനത്താവളത്തിലാണ് യുദ്ധ സ്മാരകം. 1947 ൽ ഇന്ത്യൻ സൈന്യം ശ്രീനഗർ വിമാനത്താവളത്തിൽ വന്നിറങ്ങിയതിന്റെ ഓർമ്മയ്ക്കായാണ് സ്മാരകം പണിതത്.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ വിമർശനവുമായി സിപിഎം നേതാവ് ഇ പി ജയരാജൻ. ദത്ത് വിവാദ വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിനു മുൻപ് പ്രതിപക്ഷ നേതാവ് പരിശോധനക്ക് വിധേയമാക്കേണ്ടതായിരുന്നുവെന്ന് ഇപി ജയരാജൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഷ്ട്രീയ വിരോധം തീർക്കാൻ ഏത് കാര്യങ്ങളും ഏറ്റെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. അത് സമൂഹത്തിന്റെ പൊതുസംശുദ്ധിയെ ദുർബലപ്പെടുത്തുകയില്ലേ എന്നുകൂടി പരിശോധിക്കണമെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പേരൂർക്കടയിലുള്ള ഒരു യുവതി പ്രസവിക്കുന്നു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞിനെ തന്നിൽ നിന്നും വേർപ്പെടുത്തുന്നു. പ്രസവിക്കുന്ന സമയത്ത് ഇവർ അവിവാഹിതയായിരുന്നു. വീട്ടുകാർക്കോ നാട്ടുകാർക്കോ ഇവരുടെ വിവാഹത്തെ കുറിച്ച് യാതൊരു അറിവുമില്ല. യുവതിയുടെ പ്രസവം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പ്രശ്‌നങ്ങൾ ഉയരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഒരുപാട് സാമൂഹിക അരാജകത്വം നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷം കാര്യങ്ങൾ പരിശോധിച്ചപ്പോഴാണ് മറ്റൊരു സ്ത്രീ ടെലിവിഷൻ ചാനലിൽ വന്ന് ആ സ്ത്രീയുടെ ഭർത്താവാണ് ഈ സംഭവത്തിൽ ഉൾപ്പെട്ട യുവാവ് എന്ന് വെളിപ്പെടുത്തുന്നത്. അവരുമായി വിവാഹ ബന്ധം വേർപ്പെടുത്താതെയാണ് ഇയാൾ യുവതിയുമായി അവിഹിത ബന്ധം പുലർത്തിയത്. ഈ അവിഹിത ബന്ധത്തെ ന്യായീകരിക്കണോ കൂട്ടുനിൽക്കണോ എന്നുള്ളതാണ് പ്രശ്‌നമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രസവിച്ച അമ്മയ്ക്ക് കുഞ്ഞിൽ അവകാശമുണ്ട്. പ്രസവിച്ച അമ്മയ്ക്ക് തന്നെയാണ് കുഞ്ഞിനെ ലഭിക്കേണ്ടത്. അതിൽ മറ്റു തർക്കങ്ങളൊന്നുമില്ല. ഇപ്പോൾ യുവതി തന്നിൽ നിന്ന് നഷ്ടപ്പെട്ട് പോകുന്നു എന്ന തോന്നലിന്റെ അടിസ്ഥാനത്തിൽ അച്ഛനെന്ന് പറയുന്ന യുവാവും മറ്റും പിന്നീട് ആസൂത്രിതമായി നടത്തിയിട്ടുള്ള ഒരു പ്രവർത്തനമല്ലെ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾക്ക് പിന്നിൽ എന്നാണ് ഈ സംഭവത്തെ നിരീക്ഷിക്കുന്ന ഒരാൾ എന്ന നിലയ്ക്ക് തനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്. സാമൂഹ്യ ചിന്തനത്തിന് വിധേയമാക്കേണ്ട ഇത്തരം വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയം നോക്കി പ്രശ്‌നങ്ങൾ നിരീക്ഷിക്കുകയാണ് ഇപ്പോൾ നടക്കുന്നത്. സി.പി.ഐ.എം എന്ന പാർട്ടിയോട് രാഷ്ട്രീയ വിരോധം ഉണ്ടാകാം. എന്നാൽ ആ വിരോധം തീർക്കാൻ ഇത്തരത്തിലുള്ള ഏതിനേയും ന്യായീകരിക്കുന്നത് നമ്മുടെ സാമൂഹ്യ പ്രശ്‌നങ്ങളെ മറന്നുകൊണ്ടാകരുത്. നമ്മുടെ ചുറ്റുപാടും നടക്കുന്ന സാമൂഹ്യപ്രശ്‌നങ്ങളും കാണാതിരിക്കരുത്. സഭയിൽ ഈ വിഷയം അവതരിപ്പിക്കാൻ കോൺഗ്രസ് നിയോഗിച്ചത് കോൺഗ്രസുകാരെയല്ല എന്നതും ശ്രദ്ധിക്കണം. പുരയുള്ളവർക്ക് തീ ഭയം കാണുമെന്ന് അദ്ദേഹം വിമർശിച്ചു.

മറ്റൊരാളുടെ ഭാര്യയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച് ഇപ്പോൾ അവരെ അനാഥയാക്കി വേറൊരു യുവതിക്കൊപ്പം കഴിയുന്ന ഒരാളെ കുറിച്ച് യാതൊരു പരാമർശവും വിഷയ അവതാരികയുടെയോ ഇറങ്ങിപ്പോകാൻ നേതൃത്വം കൊടുത്ത പ്രതിപക്ഷ നേതാവിന്റെയോ പ്രസംഗത്തിൽ കണ്ടില്ല. ഇതുകൂടെ ഇവരുടെ ചർച്ചയിൽ വരേണ്ടതായിരുന്നു. മറുപടി പറയേണ്ട മന്ത്രി അവർക്ക് മറുപടി പറയേണ്ട വിഷയങ്ങളെ കുറിച്ച് മാത്രമേ പറയേണ്ടതുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പാർട്ടി ഒരു ദേശീയ പാർട്ടിയാണ്. അതിന് ഒരു ദേശീയ നയമുണ്ട്. ഒരു സാമൂഹിക സാംസ്‌കാരിക നയമുണ്ട്. അതുകൂടി മനസ്സിലാക്കി, രാഷ്ട്രീയ അപസ്മാരം ഉപേക്ഷിച്ച് വസ്തുതകളിലൂടെ കടന്നുപോകാനും വിശകലനം ചെയ്യാനും ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കുമ്പോൾ പ്രതിപക്ഷ നേതാവിന് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുഞ്ഞിന്റെ അവകാശം അമ്മയ്ക്ക് തന്നെയാണ് എന്ന് പൂർണ്ണമായും അംഗീകരിക്കുന്നു. പക്ഷേ ഒരു അമ്മ പ്രസവിച്ച് മൂന്ന് ദിവസത്തിനകം ഇത്തരത്തിലുള്ള ഒരു നിലപാട് സ്വീകരിക്കുമ്പോൾ അതിന്റെ പശ്ചാത്തലം ചിന്തിക്കാൻ കഴിയുന്നവർ മനസ്സിലാക്കണം. അമ്മയ്ക്ക് തന്നെയാണ് കുഞ്ഞിന്റെ അവകാശം. ഒരു അമ്മയും ഒരിക്കലും കുഞ്ഞിനെ ഉപേക്ഷിക്കുന്ന നിലപാട് സ്വീകരിക്കരുത്. നമ്മുടെ സമൂഹത്തിൽ നിരവധി അഭിമാനങ്ങളും ദുരഭിമാനങ്ങളും ഉണ്ട്. ഈ കാര്യങ്ങളെല്ലാം എല്ലാവരും പരിശോധനകൾക്ക് വിധേയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കോൺഗ്രസിന് വെല്ലുവിളി ഉയർത്തി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കോൺഗ്രസിനെതിരെ നിർണായക നീക്കങ്ങളാണ് അമരീന്ദർ സിംഗിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. പുതിയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്താനുള്ള നീക്കത്തിലാണ് അമരീന്ദർ സിംഗ്. ഇതിനായി അദ്ദേഹം ഡൽഹിയിലെത്തി.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ സഖ്യ ചർച്ചകൾക്കായാണ് അമരിന്ദർ സിംഗ് അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് അമരീന്ദർ സിംഗ് പുതിയ പാർട്ടി പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള സഖ്യത്തിനാണ് അമരീന്ദർ സിംഗിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ ഡൽഹി സന്ദർശനം. പഞ്ചാബിൽ ചുവടുറപ്പിക്കാൻ അമരീന്ദർ സിംഗിലൂടെ ശ്രമങ്ങൾ നടത്താമെന്ന് ബിജെപിയും പദ്ധതിയിടുന്നുണ്ട്.

കഴിഞ്ഞ മാസം അമരീന്ദർ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. നവംബറോടെ കർഷക സമരത്തിന് പരിഹാരമാകുമെന്ന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ് കിട്ടിയിട്ടുണ്ടെന്നാണ് അമരീന്ദറിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. ഡിസംബർ ഒന്നിന് മുൻപായി പ്രായപൂർത്തിയായ എല്ലാവർക്കും ആദ്യ ഡോസ് കോവിഡ് വാക്‌സിൻ (covid vaccine) ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. രണ്ടാം ഡോസ് എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ ആവശ്യമായ സജ്ജീകരണമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത ആരോഗ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു മൻസുഖ് മാണ്ഡവ്യ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

48 ജില്ലകളിൽ 50% പേർക്ക് മാത്രമാണ് ആദ്യ ഡോസ് ലഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ വീടുകൾ തോറും പ്രചാരണം നടത്തി എല്ലാവരും വാക്‌സിൻ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വിശദമാക്കി. പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മിഷൻ പ്രകാരം ലഭിക്കുന്ന തുക സംസ്ഥാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്നും മൻസുഖ് മാണ്ഡവ്യ നിർദ്ദേശം നൽകി.