ന്യൂഡൽഹി: ഇന്ത്യയുടെ ദീർഘദൂര ബാലിസ്റ്റിക്ക് മിസൈൽ അഗ്നി-5 ന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. 5,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാൻ കഴിയുന്ന ഭൂതല ബാലിസ്റ്റിക് മിസൈലാണ് അഗ്നി 5. മിസൈലിന്റെ പരീക്ഷണം ചൈനയ്ക്കുള്ള ശക്തമായ സന്ദേശമായാണ് കണക്കാക്കപ്പെടുന്നത്.
ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് രാത്രി 7:50 ന് ആണ് അഗ്നി-5 വിക്ഷേപിച്ചത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അല്ലെങ്കിൽ ഐസിബിഎം വിഭാഗത്തിൽ ഉൾപ്പെടുന്ന മിസൈലാണിത്. കരയിൽ നിന്നും കരയിലേക്ക് മിസൈൽ തൊടുക്കാൻ കഴിയും. ഖര ഇന്ധനം ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി പൂർണ്ണ പ്രവർത്തന സജ്ജമാകുന്ന ജ്വലന സംവിധാനമാണ് മിസൈലിനുള്ളത്. വളരെ ഉയർന്ന ലക്ഷ്യങ്ങളെ കൃത്യമായി തന്നെ ആക്രമിക്കാൻ കഴിയുെമന്നതാണ് ഈ മിസൈലിന്റെ മറ്റൊരു പ്രത്യേകത.
വിശ്വസനീയമായ മിനിമം പ്രതിരോധം’ എന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തിന് അനുസൃതമാണ് അഗ്നി 5 ഉപയോഗപ്പെടുത്തുക. ‘ആദ്യം ഉപയോഗിക്കേണ്ടതില്ല’ എന്ന ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഇത് അടിവരയിടുക കൂടി ചെയ്യുന്നുണ്ട്. അഗ്നി 5 ന്റെ ആദ്യ പരീക്ഷണം നടന്നത് 2012 ലാണ്.

