ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുമെന്ന് സ്റ്റാലിൻ പിണറായി വിജയനെ അറിയിച്ചു. കേരളം ആവശ്യപ്പെട്ടതു പ്രകാരം പരമാവധി വെള്ളം വൈഗ ഡാമിലേക്കു കൊണ്ടുപോകുന്നുണ്ടെന്നും ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈഗയിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ക്യുസെക്‌സ് ആക്കിയിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. ഡാമിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ വിശദമാക്കി.
ഡാമിലെ ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുകയാണ്. കേരളവുമായി ആശയ വിനിമയം തുടരുന്നുണ്ട്. ഡാമിലെ എല്ലാ നടപടികളും കേരളത്തെ അറിയിക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഒക്ടോബർ 29 രാവിലെ ഏഴു മണിയ്ക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഡാം തുറക്കുന്നതിന് മുൻപായുള്ള മുന്നൊരുക്കങ്ങൾ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

