ന്യൂഡൽഹി: കോൺഗ്രസിന് വെല്ലുവിളി ഉയർത്തി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കോൺഗ്രസിനെതിരെ നിർണായക നീക്കങ്ങളാണ് അമരീന്ദർ സിംഗിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. പുതിയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്താനുള്ള നീക്കത്തിലാണ് അമരീന്ദർ സിംഗ്. ഇതിനായി അദ്ദേഹം ഡൽഹിയിലെത്തി.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ സഖ്യ ചർച്ചകൾക്കായാണ് അമരിന്ദർ സിംഗ് അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് അമരീന്ദർ സിംഗ് പുതിയ പാർട്ടി പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള സഖ്യത്തിനാണ് അമരീന്ദർ സിംഗിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ ഡൽഹി സന്ദർശനം. പഞ്ചാബിൽ ചുവടുറപ്പിക്കാൻ അമരീന്ദർ സിംഗിലൂടെ ശ്രമങ്ങൾ നടത്താമെന്ന് ബിജെപിയും പദ്ധതിയിടുന്നുണ്ട്.
കഴിഞ്ഞ മാസം അമരീന്ദർ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. നവംബറോടെ കർഷക സമരത്തിന് പരിഹാരമാകുമെന്ന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ് കിട്ടിയിട്ടുണ്ടെന്നാണ് അമരീന്ദറിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

