തിരുവനന്തപുരം: പ്രതിപക്ഷ നേതാവെന്ന നിലയിൽ തനിക്കുള്ള പോലീസ് സുരക്ഷ വെട്ടിചുരുക്കിയതിൽ പ്രതികരണവുമായി വിഡി സതീശൻ. സർക്കാർ ആവശ്യപ്പെട്ടാൽ തന്റെ ഔദ്യോഗിക വസതിയും ഔദ്യോഗിക കാറും തിരികെ കൊടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭാ മീഡിയ റൂമിൽ വച്ച് മാദ്ധ്യമങ്ങളോ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പൊലീസ് സുരക്ഷ പിൻവലിച്ചതിൽ എനിക്ക് വ്യക്തിപരമായി യാതൊരു പരാതിയുമില്ല. പക്ഷേ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം അത്ര വലിയ സ്ഥാനമല്ല ചെറിയൊരു സ്ഥാനമാണെന്ന് എന്നേയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്താൻ വേണ്ടിയെടുത്ത തീരുമാനമാണ് ഇതെങ്കിൽ അതിലൊരു വിരോധവുമില്ലെന്ന് അദ്ദേഹം വിശദമാക്കി.
സർക്കാർ ആവശ്യപ്പെട്ടാൽ ഔദ്യോഗിക വസതിയും കാറും തിരിച്ചു കൊടുക്കാൻ താൻ തയ്യാറാണ്. ഇക്കാര്യങ്ങളിലൊന്നും തനിക്ക് ഭ്രമമില്ല. ഇതൊന്നും തന്നെ സംബന്ധിച്ചൊരു വിഷയമല്ല. പക്ഷേ വർഷങ്ങളായി പ്രതിപക്ഷ നേതാവിന് കേരളത്തിൽ ഒരു സ്റ്റാറ്റസുണ്ട്. അതിടിച്ചു താഴ്ത്താനാവും സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഇതുെകാണ്ടൊന്നും എന്റെ സ്ഥാനം താഴില്ലെന്നും മന്ത്രിമാരുടെയും സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും ചീഫ് വിപ്പിന്റെയും ഒക്കെ താഴെയാണ് ഇപ്പോൾ പ്രതിപക്ഷ നേതാവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് തനിക്ക് ഇസഡ് കാറ്റഗറിയിലെ സുരക്ഷ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചത്. അവർ തന്നെ വന്ന് തനിക്കുള്ള സൗകര്യങ്ങളെല്ലാം വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് വിപുലമായ സുരക്ഷാ സൗകര്യങ്ങൾ വേണ്ടെന്ന് അവരോട് നേരത്തെ വ്യക്തമാക്കിയിരുന്നു. തണ്ടർബോൾട്ടോ മറ്റു സേവനങ്ങളോ വലിയ എസ്‌കോർട്ടോ വേണ്ടെന്ന തീരുമാനവും നേരത്തെ അറിയിച്ചതാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ തിരക്കേറിയതും സംഘർഷ സാധ്യതയുള്ളതുമായ പ്രദേശങ്ങളും സന്ദർശിക്കേണ്ടി വരാമെന്നതിനാൽ ഒരു പൈലറ്റ് വാഹനത്തിന്റെ സേവനം മാത്രം മതിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

