സാഹസിക ടൂറിസം മേഖലയിലെ പ്രവർത്തനങ്ങളിൽ രജിസ്ട്രേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം; നിർണായക നേട്ടവുമായി കേരളം

തിരുവനന്തപുരം: സാഹസിക ടൂറിസം മേഖലയിൽ നിർണായക നേട്ടം കരസ്ഥമാക്കി കേരളം. സാഹസിക ടൂറിസം മേഖലയിലെ പ്രവർത്തനങ്ങളിൽ രജിസ്ട്രേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറി. കര, ജല, വ്യോമ മേഖലയിലെ സാഹസിക ടൂറിസം പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ചട്ടപ്രകാരമാണ് സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകുന്നത്.

വിനോദസഞ്ചാര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരു വിദഗ്ധ കമ്മറ്റിയെ സാഹസിക വിനോദസഞ്ചാര മേഖലയിലെ മാനദണ്ഡങ്ങൾ തയ്യാറാക്കാനായി നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് കേരളത്തിൽ കൂടുതൽ പ്രചാരത്തിലുള്ള 31 സാഹസിക ടൂറിസം പ്രവർത്തനങ്ങളെ ഉൾപ്പെടുത്തി സമഗ്രമായ സുരക്ഷാ ഗുണനിലവാര ചട്ടങ്ങൾ തയാറാക്കിയത്. കേരളത്തിന്റെ ഭൗതിക സാഹചര്യങ്ങൾക്കനുസരിച്ച് ആണ് ചട്ടങ്ങൾ തയ്യാറാക്കിയത് എന്നാണ് അധികൃതർ അറിയിക്കുന്നത്. പുതുതായി നിലവിൽ വന്ന സാഹസിക പ്രവർത്തനങ്ങളെ ഈ ചട്ടത്തിൽ ഉൾപ്പെടുത്തി കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

കേരളത്തിലെ സാഹസിക വിനോദസഞ്ചാരമേഖലയിൽ കൂടുതൽ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പുവരുത്താനും ആണ് പുതിയ നീക്കം. വിനോദസഞ്ചാരികളെ കൂടുതൽ ആത്മവിശ്വാസത്തോടെ മേഖലയിലേക്ക് ആകർഷിക്കാനും നീക്കം സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.

വിനോദ സഞ്ചാര മേഖലയിലെ ഉദ്യോഗസ്ഥരും വിദഗ്ധരും നടത്തിയ കമ്മിറ്റിയുടെ നേരിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് വിനോദസഞ്ചാരവകുപ്പ് ഡയറക്ടർ രജിസ്ട്രേഷന് അനുമതി നൽകുന്നത്. രണ്ട് വർഷമാണ് രജിസ്ട്രേഷൻ കാലാവധി.

കേരള ടൂറിസത്തിന്റെ ആദ്യ രജിസ്ട്രേഷൻ ലഭിച്ചത് കോവളത്ത് പ്രവർത്തിക്കുന്ന ബോട്ട് വാട്ടർ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിനാണ്. സ്കൂബാ ഡൈവിംഗ്, കയാക്കിംഗ്, റസലിംഗ് എന്നീ സാഹസിക വിനോദങ്ങൾക്കാണ് രജിസ്ട്രേഷൻ ലഭ്യമായത്.