മുംബൈ: മുംബൈയിൽ ആഡംബര കപ്പലിൽ നിന്നും ലഹരിമരുന്ന് പിടിച്ചെടുത്ത കേസിൽ സമീർ വാങ്കഡെ തന്നെ അന്വേഷണം നടത്തും. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പണം വാങ്ങി കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്ന് അടക്കമുളള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എൻസിബി നിലപാട് അറിയിച്ചത്.
ആരോപണവുമായി ബന്ധപ്പെട്ട് സമീർ വാങ്കഡെയെ ചോദ്യം ചെയ്തുവെന്ന് എൻസിബി ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശർ സിംഗ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടത് അനുസരിച്ച് അദ്ദേഹം ഇവ സമർപ്പിച്ചതായും ഗ്യാനേശർ സിംഗ് വിശദമാക്കി. ആവശ്യം വരികയാണെങ്കിൽ വീണ്ടും ചോദ്യം ചെയ്യും. ആരോപണവുമായി ബന്ധപ്പെട്ട് ഉറപ്പുളള വിവരങ്ങൾ അദ്ദേഹത്തിനെതിരെ ലഭിക്കുന്നത് വരെ സമീർ വാങ്കഡെ തന്നെയാകും ലഹരിവേട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഡംബരകപ്പലിലെ ലഹരിവേട്ടയുടെ അന്വേഷണച്ചുമതലയിൽ നിന്ന് സമീർ വാങ്കഡെയെ ഒഴിവാക്കാനാണ് നീക്കമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ പിടികൂടിയത് സമീർ വാങ്കഡെയാണ്.

