മുംബൈ: ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം. ബോംബൈ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. കേസിൽ കൂട്ടു പ്രതികളായ അർബ്ബാസ് മെർച്ചന്റിനും മൂൺ മൂൺ ധമേച്ചക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 21 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ആര്യന് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് കോടതി ആര്യൻ ഖാനും കൂട്ടാളികൾക്കും ജാമ്യം അനുവദിച്ചത്. ഉപാധികൾ എന്തൊക്കെയെന്ന് കോടതി നാളെ അറിയിക്കും.
സോളിസിറ്റർ ജനറൽ അനിൽ സിംഗാണ് എൻസിബിയ്ക്ക് വേണ്ടി ഹാജരായത്. മുകുൾ റോഹ്ത്തഗിയാണ് ആര്യൻ ഖാന് വേണ്ടി ഹാജരായത്. ഒരു കാരണവും ബോധിപ്പിക്കാതെയാണ് ആര്യൻ ഖാനെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും ഭരണഘടനയുടെ നേരിട്ടുള്ള ലംഘനമാണിതെന്നുമാണ് കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ മുകുൾ റോഹ്ത്തഗി പറഞ്ഞത്.

