ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്റെ ചുമതല എ.എ.റഹീമിന്; സംസ്ഥാന ഡിവൈഎഫ്‌ഐ നേതൃത്വത്തിലും മാറ്റമുണ്ടാകാൻ സാധ്യത

ന്യൂഡൽഹി: ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്റെ ചുമതല എ.എ.റഹീമിന്. ഡൽഹിയിൽ ചേർന്ന ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിയിലാണ് ഇതു സംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടോടെയുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. താത്കാലിക ചുമതലയാണ് ഇപ്പോൾ റഹീമിന് നൽകുന്നതെങ്കിലും ഡിവൈഎഫ്‌ഐയുടെ അടുത്ത സമ്മേളനത്തിൽ റഹീം നേരിട്ട് അധ്യക്ഷനാകാനാണ് സാധ്യത. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന ഫ്രാക്ഷൻ യോഗത്തിൽ റഹീമിന് ചുമതല നൽകുന്നത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു.

പി.എ.മുഹമ്മദ് റിയാസാണ് നിലവിലെ ഡിവെഎഫ്‌ഐ ദേശീയ അധ്യക്ഷൻ. മുഹമ്മദ് റിയാസ് രണ്ടാം പിണറായി സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് സംഘടനാ ചുമതല ഒഴിയാൻ തീരുമാനിച്ചത്. റഹീം ദേശീയ നേതൃത്വത്തിലേക്ക് മാറുന്നതോടെ സംസ്ഥാന ഡിവെഎഫ്‌ഐ നേതൃത്വത്തിലും മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എം.വിജിൻ, കെ.വി.സുമേഷ്, സച്ചിൻ ദേവ്, കെ റഫീഖ് എന്നിവരുടെ പേരുകളാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.

കേരളത്തിൽ നിന്നുള്ള മറ്റൊരു നേതാവായ ജെയ്ക്ക് പി തോമസിനെ ഡിവൈഎഫ്‌ഐ ദേശീയ സെന്ററിലേക്ക് മാറ്റിയേക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. അതേസമയം ഡിവൈഎഫഐ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട റഹീമിന് പിഎ മുഹമ്മദ് റിയാസ് അഭിനന്ദനം അറിയിച്ചു.