ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. ഡിസംബർ ഒന്നിന് മുൻപായി പ്രായപൂർത്തിയായ എല്ലാവർക്കും ആദ്യ ഡോസ് കോവിഡ് വാക്‌സിൻ (covid vaccine) ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. രണ്ടാം ഡോസ് എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ ആവശ്യമായ സജ്ജീകരണമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത ആരോഗ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു മൻസുഖ് മാണ്ഡവ്യ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
48 ജില്ലകളിൽ 50% പേർക്ക് മാത്രമാണ് ആദ്യ ഡോസ് ലഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ വീടുകൾ തോറും പ്രചാരണം നടത്തി എല്ലാവരും വാക്‌സിൻ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വിശദമാക്കി. പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മിഷൻ പ്രകാരം ലഭിക്കുന്ന തുക സംസ്ഥാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്നും മൻസുഖ് മാണ്ഡവ്യ നിർദ്ദേശം നൽകി.

