ഗോവയിൽ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് ആംആദ്മി; നൽകിയിരിക്കുന്നത് വമ്പൻ വാഗ്ദാനങ്ങൾ

പനാജി: ഗോവയിൽ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് ആംആദ്മി പാർട്ടി. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കും കോൺഗ്രസിനും വെല്ലുവിളിയാകും എന്ന പ്രഖ്യാപനത്തോടെയാണ് ആംആദ്മി പാർട്ടി ഗോവയിൽ രംഗത്തെത്തുന്നത്. 2017 ൽ മത്സരിച്ച എല്ലാ സീറ്റിലും ഒന്നിലൊഴികെ കെട്ടിവച്ച കാശ് നഷ്ടപ്പെട്ട പാർട്ടിയാണ് ആംആദ്മി പാർട്ടി. എന്നാൽ ഇത്തവണ ദില്ലി മോഡൽ ശക്തമായ പ്രകടനം നടത്തുമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

ഗോവ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ പനാജിയിൽ സന്ദർശനം നടത്തിയിരുന്നു. ഈ വർഷം തന്നെ ഇത് മൂന്നാം തവണയാണ് അരവിന്ദ് കെജ്രിവാൾ ഗോവയിലെത്തുന്നത്. വലിയ വാഗ്ദാനങ്ങളാണ് അദ്ദേഹം ഗോവയിൽ മുന്നോട്ട് വെയ്ക്കുന്നത്. ആംആദ്മി ഗോവയിൽ അധികാരത്തിൽ വന്നാൽ ഹിന്ദു വിശ്വാസികൾക്ക് അയോധ്യയിലേക്ക് സൗജന്യ യാത്ര ഒരുക്കുമെന്നാണ് വാഗ്ദാനം. ഇത് പോലെ ക്രിസ്ത്യൻ വിശ്വാസികൾക്ക് വേളാങ്കണ്ണിയിലേക്കും മുസ്ലീം വിഭാഗത്തിന് അജ്മീർ ദർഹയിലേക്കും, സായിബാബ വിശ്വാസികൾക്ക് ഷിർദ്ദിയിലേക്കും സൗജന്യ യാത്ര ഒരുക്കുമെന്നും വാഗ്ദാനമുണ്ട്.

ഗോവ ഭരിക്കുന്ന ബിജെപി സർക്കാർ തീർത്തും അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ ആരോപണം. ഇവിടുത്തെ മുൻ ഗവർണർ സത്യപാൽ മാലിക്ക് തന്നെ അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചു. കോൺഗ്രസ് ഇവിടെ അഴിമതിയിൽ ബിജെപിയുടെ പങ്കാളികളാണെന്നും അദ്ദേഹം ആരോപിക്കുന്നു. ജോലിയും വൈദ്യുതിയും നൽകും എന്ന വാഗ്ദാനവും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിൽ ജോലി നൽകുന്ന പദ്ധതിക്കായി ഇതിനകം റജിസ്ട്രർ ചെയ്തിരിക്കുന്നത് 1.2 ലക്ഷം പേരാണ്. ഇത് ഗോവയിലെ മൊത്തം കുടുംബങ്ങളുടെ 25-30 ശതമാനം വരും. വൈദ്യുതി പദ്ധതിയിൽ റജിസ്ട്രർ ചെയ്തത് 2.9 ലക്ഷം കുടുംബങ്ങളാണ് ഇത് വലിയൊരു സംഖ്യയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനുള്ള ഫണ്ട് എവിടുന്ന് എന്ന ചോദ്യത്തിനാണ് ഗോവയിൽ ബിജെപി മുഖ്യമന്ത്രി അടക്കം അഴിമതി നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചത്. സത്യപാൽ മാലിക്ക് അന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രിയെ മാത്രമല്ല ചില കേന്ദ്രമന്ത്രിമാർക്കെതിരെയും അഴിമതി ആരോപണം നടത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രി ഇപ്പോഴും മോഷണം തുടരുകയാണെന്നും സത്യപാൽ മാലിക്കിനെ ഗോവ ഗവർണർ സ്ഥാനത്ത് നിന്നും മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.