ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവന കണക്കുകൾ പുറത്ത്. ഇന്ത്യയിൽ ഏറ്റവും അധികം പണം നേരിട്ട് സംഭാവനയായി സ്വീകരിച്ച പ്രാദേശിക രാഷ്ട്രീയ പാർട്ടി മുസ്ലീംലീഗാണ്. വിവിധ സംസ്ഥാനങ്ങളിലായി ഭരണത്തിലുള്ള ഡിഎംകെ, ആംആദ്മി പാർട്ടി, ബിജു ജനതാദൾ, ശിവസേന, ജെഡിയു തുടങ്ങിയ പാർട്ടികളെല്ലാം ഇക്കാര്യത്തിൽ ലീഗിന് പിന്നിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എഐഡിഎംകെ, ജെഡിഎസ് എന്നിവർ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന പ്രതിപക്ഷ കക്ഷികളേക്കാളും മുൻനിരയിലാണ് ലീഗിന്റെ സ്ഥാനം.
4.63 കോടി രൂപയാണ് 2019-20 സാമ്പത്തിക വർഷത്തിൽ ലീഗിന് നേരിട്ട് പണമായി ലഭിച്ച സംഭാവന. 8.18 കോടി രൂപയാണ് ആകെ പാർട്ടിയ്ക്ക് സംഭാവനയായി ലഭിച്ചത്. അതേസമയം ഏറ്റവും ഉയർന്ന സംഭാവന ലഭിക്കുന്നത് ശിവസേനയ്ക്കാണ്. കഴിഞ്ഞ വർഷം 62.85 കോടി രൂപയാണ് ശിവസേനയ്ക്ക് സംഭാവനയായി കിട്ടിയത്. എഐഎഡിഎംകെ ആപ്പ് എന്നിവർക്ക് യഥാക്രമം 52.17, 37.37 കോടി രൂപ വീതവും ലഭ്യമായിട്ടുണ്ട്.. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനത്തിലാണ് പ്രദേശിക പാർട്ടികളുടെ സംഭാവനകളെ കുറിച്ചുള്ള വിവരം പുറത്തുവന്നത്.

