General (Page 1,348)

കൊച്ചി: കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനത്തില്‍ മദ്യപിച്ച് അസഭ്യം പറഞ്ഞുവെന്ന ആരോപണത്തിന് ശേഷം പ്രതികരണവുമായി നടന്‍ ജോജു ജോര്‍ജ്. രാഷ്ട്രീയം നോക്കിയല്ല കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ പ്രതിഷേധിച്ചതെന്നും ഷോ കാണിക്കാനായി ഇറങ്ങിയതല്ലെന്നും ജോജു വ്യക്തമാക്കി.

റോഡ് ഉപരോധിച്ചവരോടുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. അത് അംഗീകരിക്കുന്നവര്‍ക്ക് അംഗീകരിക്കാം. കേസ് കൊടുക്കേണ്ടവര്‍ക്ക് കൊടുക്കാം. താനതിനെ നേരിടും, ഒരു പേടിയുമില്ല. ഇത് സിപിഎം ചെയ്താലും പറയണ്ടെയെന്നും ജോജു ചോദിച്ചു. പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ വണ്ടിയുടെ അടുത്ത് ഉണ്ടായിരുന്നത് കീമോതെറാപ്പിക്ക് കൊണ്ടുപോകുന്ന ഒരു കൊച്ചുകുട്ടിയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അവിടെ പോയി ഇത് പോക്രിത്തരമാണെന്ന് പറഞ്ഞത്. സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും ജോജു പറഞ്ഞു. പ്രതിഷേധിച്ചതിന്റെ പേരില്‍ ഉടന്‍ വന്ന പ്രതികരണം സ്ത്രീകളോട് മോശമായി പെരുമാറി എന്നതാണ്. മദ്യപിച്ചിട്ടില്ലെന്നും ഇപ്പോള്‍ തെളിയിക്കേണ്ടി വന്നു.

അവിടെ കൂടിയവര്‍ക്ക് എതിരേ മാത്രമാണ് പ്രതികരിച്ചത്. ഇത് ഒരുതരത്തിലും കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റെടുക്കേണ്ടതില്ല. ഇത് രാഷ്ട്രീയവല്‍ക്കരിക്കരുത്. ഇതിന്റെ പേരില്‍ ഇനിയൊരു ചര്‍ച്ചക്ക് താല്‍പര്യമില്ല. എനിക്കിതൊരു ഷോ അല്ല, ജോജു പറഞ്ഞു.

എറണാകുളം: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തർ. ഇന്ധനവിലക്കയറ്റത്തിൽ പ്രതിഷേധിച്ച് എറണാകുളത്ത് ഇടപ്പള്ളി – വൈറ്റില ഹൈവേ ഉപരോധിച്ചുകൊണ്ട് കോൺഗ്രസ് നടത്തിയ വഴിതടഞ്ഞുളള സമരത്തിനെതിരെ രോഷാകുലനായി പ്രതികരിച്ചതിനാണ് ജോജു ജോർജിന്റെ വാഹനം യൂത്തു കോൺഗ്രസുകാർ തകർത്തത്. സമരത്തെത്തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. തുടർന്നാണ് ജോജു സമരത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.

ജനങ്ങളെ ഉപദ്രവിച്ചുകൊണ്ടല്ല സമരം ചെയ്യേണ്ടെന്നായിരുന്നു ജോജു ജോർജിന്റെ പ്രതികരണം. ഒരുദിവസം സമരം ചെയ്താൻ വില കുറയുമോ എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം പ്രതിഷേധത്തിനെതിരെ രംഗത്തെത്തി. ജനങ്ങളും അദ്ദേഹത്തോടൊപ്പം അണിചേർന്നു. പ്രതിഷേധക്കാരും ജനങ്ങളുമായി രൂക്ഷമായ വാക്കേറ്റവും ഉണ്ടായി.

പോലീസ് ഇടപെട്ട് ഉപരോധം അവസാനിപ്പിച്ചതിനെ തുടർന്ന് ജോജു ജോർജിന്റെ വാഹനം മുന്നോട്ടെടുക്കവെ യൂത്തുകോൺഗ്രസുകാർ വാഹനം തകർക്കുകയായിരുന്നു. ജോജു ജോർജ് മദ്യപിച്ച് ഷോ കാണിക്കുകയായിരുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. പോലീസ് നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

കൊച്ചി: മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസിനെതിരായ അഴിമതി കേസ് റദ്ദാക്കി. ഹൈക്കോടതിയാണ് ജേക്കബ് തോമസിനെതിരെയുള്ള കേസ് റദ്ദാക്കിയത്. ഡ്രെഡ്ജർ അഴിമതിക്കേസാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. സത്യം ജയിക്കുമെന്നതിന്റെ തെളിവാണ് കോടതി വിധിയെന്ന് ജേക്കബ് തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

നൂറ് ശതമാനവും കളവായ കേസായിരുന്നുവെന്നും ചില ഉദ്യോഗസ്ഥരാണ് കേസിന് പിന്നിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയക്കാർക്കൊന്നും കേസിൽ പങ്കില്ല. അഴിമതിക്കെതിരായ നിലപാടെടുത്താൽ ഈ സമൂഹത്തിൽ നിലനിൽപ്പുണ്ട് എന്ന സന്ദേശമാണ് ഈ വിധി തരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഴിമതിക്കെതിരേ നിലപാട് എടുത്ത എല്ലാവർക്കും വേണ്ടിയാണ് താൻ പോരാടിയത്. കേരളത്തിലെ അഴിമതിക്കെതിരെ പോരാടിയതിനാണ് ഞാൻ ഒരു വർഷം സസ്പെൻഷനിലായത്. ഇപ്പോഴും പെൻഷൻ പോലും നിഷേധിക്കുകയാണെന്നും അതെല്ലാം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വിശദമാക്കി.

തനിക്ക് സംഭവിച്ചതിന് സമാനമായ കാര്യമാണ് ബോംബെയിൽ എൻസിബി ഉദ്യോഗസ്ഥനായ സമീർ വാംഖഡെയ്ക്ക് എതിരെ നടക്കുന്നത്. സത്യസന്ധമായി ഒരു കേസ് അന്വേഷിച്ചു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്. കുംടുംബത്തെയൊക്കെ വിചാരണ ചെയ്ത് അദ്ദേഹത്തെ മുൾമുനയിൽ നിർത്തുകയാണെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി.

തിരുവനന്തപുരം: വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ പശ്ചാത്തലം, ശക്തമായ മഴ എന്നിവ കണക്കിലെടുത്ത് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്ന വിധമുള്ള മാനസിക സേവനങ്ങളാണ് നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി.

ആരോഗ്യവകുപ്പിന്റെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ എല്ലാ ജില്ലകളിലും മാനസികാരോഗ്യ ടീമുകളെ രൂപീകരിച്ചാണ് പ്രവർത്തനം നടത്തിയത്. ഇതുവരെ 41 ക്യാമ്പ് സന്ദർശനങ്ങളും നിരവധി ഭവന സന്ദർശനങ്ങളും നടത്തി സൈക്കോ സോഷ്യൽ സപ്പോർട്ട് നൽകിയെന്ന് മന്ത്രി പറഞ്ഞു. 333 പേർക്ക് ഗ്രൂപ്പ് തെറാപ്പി സെഷനുകളും 61 പേർക്ക് കൗൺസിലിംഗ് സേവനങ്ങളും നൽകിയിയിട്ടുണ്ട്. 23 പേർക്ക് ഔഷധ ചികിത്സയും നൽകുന്നുണ്ട്. സേവനം ഇനിയും ലഭ്യമാക്കുമെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് മാനസികാരോഗ്യ സേവനം ആവശ്യമുള്ളവരെ കണ്ടെത്തി നൽകാൻ വേണ്ടിയാണ് ടീമുകൾക്ക് ചുമചല നൽകിയത്. കുട്ടികളുടെയും പ്രായമായവരുടെയും പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയായിരുന്നു ടീമിന്റെ പ്രവർത്തനം. സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക്ക് സോഷ്യൽ വർക്കർ, കൗൺസിലേഴ്സ്, നഴ്സുമാർ തുടങ്ങിയവരാണ് ടീമിൽ ഉണ്ടായിരുന്നത്. മാനസിക അസ്വാസ്ഥ്യം ഉള്ളവരെയും, മാനസിക രോഗങ്ങൾക്ക് ചികിത്സയെടുക്കുന്നവരെയും കണ്ടെത്തി ചികിത്സ മുടങ്ങാതെ നൽകുവാനും ടീമുകൾ ശ്രമിക്കുന്നുണ്ട്.

ലഹരി വസ്തുക്കളുടെ ഉപയോഗവും, അവയുടെ ലഭ്യതക്കുറവ് മൂലവും ‘വിത്ത്ഡ്രാവൽ’ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെയും കണ്ടെത്തി പ്രത്യേക ചികിത്സ നൽകുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർ വീടുകളിലേക്ക് പോയപ്പോൾ ഭവന സന്ദർശന സേവനങ്ങൾക്കായി പ്രത്യേക ടീമുകളേയും സജ്ജമാക്കി. എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ സൈക്കോ സോഷ്യൽ സപ്പോർട്ട് ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രവർത്തിക്കുന്നുണ്ട്. ദിശയുടെ 1056 വഴിയും സേവനം ലഭ്യമാണെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

pinarayi

ലോകമെമ്പാടുമുള്ള കേരളജനതക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍..

ഇന്ന്കേരളപ്പിറവി ദിനം. ഐക്യ കേരളത്തിന് 65 വയസ്സ് തികയുന്ന ഈ സുദിനം ഓരോ മലയാളിയ്ക്കും ആഹ്ലാദത്തിന്‍റെയും അഭിമാനത്തിന്‍റെയും മുഹൂർത്തമാണ്. ആധുനിക കേരളത്തിന്‍റെ ചരിത്രത്തെ അഭിമാനത്തോടേയും, അതേ സമയം, വിമർശനബുദ്ധിയോടേയും വിലയിരുത്തുമെന്നും നാടിന്‍റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി സ്വയം സമർപ്പിക്കുമെന്നും ഓരോരുത്തരും ഉറക്കെ പ്രഖ്യാപിക്കേണ്ട സന്ദർഭം കൂടിയാണിത്.

1956 നവംബർ 1-നു രൂപം കൊണ്ടതു മുതൽ ഐക്യകേരളം എന്ന സങ്കല്പത്തെ അർത്ഥവത്താക്കുന്ന രീതിയിലാണ് നമ്മുടെ നാട് വളർന്നത്. വർഗീയതയും ജാതിവിവേചനവും തീർത്ത വെല്ലുവിളികൾ മറികടന്നു മതസാഹോദര്യവും ജനാധിപത്യമൂല്യങ്ങളും മുറകെപ്പിടിച്ചു മുന്നോട്ടു പോകാൻ നമുക്കായി. വിദ്യാഭ്യാസവും ആരോഗ്യവും ഭക്ഷണവും ജനക്ഷേമവും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ നിറവേറ്റാൻ കേരളത്തിനു സാധിച്ചു. അക്കാര്യങ്ങളിലെല്ലാം ലോകത്തിനു തന്നെ മാതൃകയായി മാറാൻ നമുക്ക് കഴിഞ്ഞു.

നവോത്ഥാന മുന്നേറ്റങ്ങളും കർഷക-തൊഴിലാളി വർഗ പോരാട്ടങ്ങളും തീർത്ത അടിത്തറയിൽ ചുവടുറപ്പിച്ചു നിന്നാണ് ഈ നേട്ടങ്ങൾ കേരളം കൊയ്തത്. ഇടതുപക്ഷ സർക്കാറുകൾ നേതൃത്വം നൽകിയ ഭൂപരിഷ്കരണവും വിദ്യാഭ്യാസ നിയമവുൾപ്പെടെയുള്ള വിപ്ലവകരമായ പരിഷ്കാരങ്ങൾ അവയ്ക്ക് പിന്നിൽ ചാലകശക്തിയി വർദ്ധിച്ചു. ഇത്തരത്തിൽ ആർജ്ജിച്ച രാഷ്ട്രീയ സാമൂഹിക ബോധമാണ് കേരളത്തിൻ്റെ ഏറ്റവും വലിയ കരുത്ത്. ആ ആർജ്ജവമാണ് ഒരു പ്രതിസന്ധിയ്ക്കു മുന്നിലും തളർന്നു പോകാതെ നമ്മളെ കാത്തത്.

ഐക്യകേരളത്തിനായി പൊരുതിയ ജനലക്ഷങ്ങൾ ഭാവികേരളത്തെ കുറിച്ചു കണ്ട സ്വപ്നങ്ങൾ നമ്മൾ ഏറ്റെടുക്കേണ്ടതുണ്ട്. ആ ദിശയിലുള്ള പ്രവർത്തനങ്ങളാണ് ഇടതുപക്ഷം നടപ്പിലാക്കുന്നത്. സമഗ്രവും സർവതലസ്പർശിയുമായ വികസന പ്രവർത്തനങ്ങൾക്കു പുറമേ സാമൂഹ്യക്ഷേമവും വിദ്യാഭ്യാസ ആരോഗ്യമേഖലകളിലെ പദ്ധതികളും മികച്ച രീതിയിൽ പ്രാവർത്തികമാക്കി. നിരവധി കാര്യങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റി നാടിൻ്റെ യശസ്സുയർത്താൻ സാധിച്ചു.

നമ്മുടെ നാട് ഇനിയുമേറെ മുന്നേറാനുണ്ട്. കേരളത്തിൻ്റെ അഭിമാനാർഹമായ സവിശേഷതകൾ നഷ്ടപ്പെട്ടു പോകാതെ അവയെ കൂടുതൽ കരുത്തുറ്റതാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഈ കേരളപ്പിറവി ദിനത്തിൽ നമ്മൾ ഏറ്റെടുക്കേണ്ടത്. ഭിന്നിപ്പിൻ്റേയും വെറുപ്പിൻ്റേയും ശക്തികൾക്കെതിരെ പോരാടി നാം പടുത്തുയർത്തിയ നാടാണിത്. ആ പോരാട്ടം കൂടുതൽ ഊർജ്ജസ്വലമാക്കേണ്ടതുണ്ട്. ഐക്യത്തിൻ്റേയും സമാധാനത്തിൻ്റേയും സമൃദ്ധിയുടേയും നാളെകൾക്കായി നമുക്ക് ഒരുമിച്ച് നിൽക്കാം. ഏവർക്കും ഹൃദയപൂർവം കേരളപ്പിറവി ആശംസകൾ നേരുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി ഇന്ധനവില വര്‍ദ്ധിക്കുന്നതിനിടയില്‍ തന്നെ കണ്ണില്‍ ചോരയില്ലാതെ എണ്ണക്കമ്പനികളുടെ അടുത്ത നീക്കം. ജനം പൊറുതിമുട്ടുന്നതിനിടയില്‍ വാണിജ്യ സിലിണ്ടറിനും 266 രൂപ വര്‍ദ്ധിപ്പിച്ചു. അടുത്തിടെയെങ്ങും ഇത്രയും വില കൂട്ടിയിട്ടില്ല. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് വില രണ്ടായിരം കടന്നു.

എന്നാല്‍, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ വര്‍ദ്ധനയില്ല. ഡല്‍ഹിയില്‍ 2000.5 മുംബൈയില്‍ 1950 കൊല്‍ക്കത്തയില്‍ 2073.50, ചെന്നൈയില്‍ 2133 എന്നിങ്ങനെയാണ് പുതുക്കിയ വില. കഴിഞ്ഞ മാസമാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ദ്ധിപ്പിച്ചത്. ഒരു സിലിണ്ടറിന് 15 രൂപ എന്ന നിരക്കിലായിരുന്നു വില വര്‍ദ്ധനവ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ദ്ധിപ്പിച്ചത്.

ജി എസ് ടിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ് പാചകവാതകം. പെട്രോളും ഡീസലും ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വന്‍ വിലക്കുറവിന് ഇടയാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത.് അതേസമയം രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടിയിട്ടുണ്ട്. പെട്രേളിനും ഡീസലിനും 48 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനത്ത് ഇതോടെ പെട്രോള്‍ വില 112 രൂപ കടന്നു. ഡീസലിന് 105 രൂപയാണ് ഒരു ലിറ്ററിന്റെ വില.

arif

കേരളപ്പിറവി പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ആശംസകൾ നേർന്നു. നമ്മുടെ പ്രിയ സംസ്ഥാനത്തിന്റെ വികസനത്തിനും സമഗ്ര പുരോഗതിക്കും വേണ്ടി നമുക്ക് ഒരുമയോടെ, സാഹോദര്യത്തോടെ പ്രവർത്തിക്കാം. ഒപ്പം മാതൃ ഭാഷയായ മലയാളത്തിന്റെ വ്യാപനത്തിനും പ്രാധാന്യം നല്കാമെന്ന് ഗവർണർ പറഞ്ഞു..

മുംബൈ: കൂടുതൽ സുരക്ഷ നൽകണമെന്ന ആവശ്യവുമായി നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ മുംബൈ യൂണിറ്റ് സോണൽ ഡയറക്ടർ സമീർ വാങ്കെഡെയുടെ ഭാര്യ ക്രാന്തി രേദ്കറെ വാങ്കഡെ. തന്റെ ഭർത്താവിന്റെയും കുടുംബത്തിന്റെയും സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ക്രാന്തി രേദ്കറെ വ്യക്തമാക്കി. കുറച്ചു ദിവസം മുൻപ് മൂന്നുപേർ വന്ന് വീട് നിരീക്ഷിച്ചശേഷം പോയി. അവർ വളരെയേറെ അപകടകാരികളാണെന്നും അവർക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന കാര്യത്തിൽ യാതൊരു അറിവുമില്ലെന്നും ക്രാന്തി പറഞ്ഞു.

കുടുംബത്തിനു സുരക്ഷ നൽകണം. വളരെ ചെറിയ കുട്ടികളാണ് തനിക്കുള്ളത്. അതുകൊണ്ട് തന്നെ അവരുടെ സുരക്ഷ പ്രധാനമാണ്. തങ്ങൾ വീട്ടിൽ ഇല്ലാത്തപ്പോൾ അവരെ ആരു സംരക്ഷിക്കുമെന്ന് ക്രാന്തി ചോദിക്കുന്നു. അതേസമയം പട്ടിക ജാതി ദേശീയ കമ്മിഷൻ വൈസ് ചെയർമാൻ അരുൺ ഹൽദാർ സമീർ വാങ്കഡെയുടെ വീട്ടിൽ സന്ദർശനം നടത്തി. ചില രേഖകളുടെ ഒറിജിനൽ കാണുന്നതിനാണ് അരുൺ ഹൽദാർ എത്തിയതെന്നാണ് ക്രാന്തി വിശദമാക്കുന്നത്. തങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർത്തിയവർക്കെതിരെ അന്വേഷണം നടക്കും. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു കൈമാറുമെന്നും ക്രാന്തി കൂട്ടിച്ചേർത്തു.

ക്രാന്തി പ്രതികരിച്ചു. അറിയിച്ച് കൂടുതൽ സുരക്ഷ ഏർപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. സമീറിന്റെയും ഞങ്ങളുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയിൽ ആശങ്കയുണ്ട്. ക്രാന്തി രേദ്കറെ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.

അജ്ഞാതർ പിന്തുടരുന്നുവെന്ന പരാതിക്ക് പിന്നാലെ നേരത്തെ സമീർ വാങ്കെഡെയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. സമീർ വാങ്കെഡെയുടെ അംഗരക്ഷകരുടെയും സായുധ സുരക്ഷാഭടന്മാരുടെയും എണ്ണം വർധിപ്പിക്കുകയും മുംബൈയിലെ എൻ.സി.ബി. ഓഫീസിന് മുന്നിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിക്കുകയും ചെയ്തിരുന്നു. ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത് സോണൽ ഡയറക്ടറായ സമീർ വാങ്കെഡയുടെ നേതൃത്വത്തിലുള്ള എൻ.സി.ബി. സംഘമായിരുന്നു.

ന്യൂഡൽഹി: കോവിഡ് ആഗോള കണക്കുകളിൽ വർധനവ് രേഖപ്പെടുത്തുന്നതായി ലോകാരോഗ്യ സംഘടന. രണ്ട് മാസത്തിന് ശേഷമാണ് ആഗോള കണക്കുകളിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗബ്രിയേസസ് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ലോകത്ത് എല്ലായിടത്തും കോവിഡ് വൈറസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ വൈറസിന് ജനിതകമാറ്റം സംഭവിച്ച് ആഗോള വ്യാപകമാവുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചകളിൽ 4-5 ശതമാനം വരെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞാഴ്ചത്തെ കോവിഡ് ആഗോള കണക്കുകളിൽ 49000 വരെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 30 ലക്ഷം കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്. യൂറോപ്യൻ രാജ്യങ്ങളിലും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കോവിഡ് മരണസംഖ്യയും കൂടി. സാമ്പത്തികമായി മുൻനിരയിലുള്ള രാജ്യങ്ങൾ ഇപ്പോഴും കോവിഡിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനത്തിന് അതീവ സാധ്യതയുള്ള പട്ടികയിലാണുള്ളത്. നിലവിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരെ പോലും അത് ബാധിച്ചേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ നമ്മുടെ പക്കലുള്ള എല്ലാ പ്രതിരോധ മാർഗങ്ങളേയും അത് മറികടന്നേക്കാമെന്നും പൊതുജനാരോഗ്യ സുരക്ഷയ്ക്കുള്ള മാർഗങ്ങൾ നടപ്പാലിക്കുന്നതിനെ പോലും അത് വൈകിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎസ്, ഉക്രൈൻ, തുർക്കി, ജർമനി, ബ്രസീൽ, ചൈന എന്നീ രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. അതേസമയം ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിൽ താഴെ മാത്രരമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ ഇന്ത്യയിൽ മൂന്നാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ. മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഞായറാഴ്ച്ച ഉച്ചയോടെ അദ്ദേഹം അഗത്തി വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്ക് മടങ്ങി. അഗത്തി ദ്വീപിൽ വിദ്യാർത്ഥികളുടെയും മത്സ്യത്തൊഴിലാളികളുടെയും കൂട്ടായ്മയിൽ സംഘടിപ്പിച്ച പ്രചാരണ സൈക്കിൾ റാലി അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. കുട്ടികളോടൊപ്പം അദ്ദേഹവും സൈക്കിളിൽ സഞ്ചരിച്ച് റാലിയിൽ പങ്കാളിയാകുകയും ചെയ്തു.

മത്സ്യത്തൊഴിലാളികളുടെ ലക്ഷദ്വീപിലെ പ്രത്യേക പരമ്പരാഗത മത്സ്യസംസ്‌കരണ രീതി പിന്തുടരുന്ന ചൂര മത്സ്യത്തിന്റെ സംസ്‌കരണ മേഖലാ പ്രദേശങ്ങളും അദ്ദേഹം സന്ദർശിച്ചു. ലക്ഷദ്വീപിൽ പുരോഗമിക്കുന്ന ദേശീയ ഏകതാ ദിനാഘോഷ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. മത്സ്യ സംസ്‌കരണ മേഖലയിലും വിപണന മേഖലയിലും നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് മത്സ്യ തൊഴിലാളികളുമായും ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ആശയവിനിമയം നടത്തി. ലക്ഷദ്വീപിന്റെ മത്സ്യസംസ്‌ക്കരണ മേഖലയിൽ നൂതന ആശയങ്ങളും ശാസ്ത്രീയ ആശയങ്ങളും കൈവരിക്കണമെന്നും അതിനു വേണ്ട പ്രക്രിയകൾ ഉടൻ ആരംഭിക്കണമെന്നും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് കേന്ദ്രമന്ത്രി നിർദ്ദേശം നൽകി. മത്സ്യത്തൊഴിലാളികളോടൊപ്പമിരുന്ന് അദ്ദേഹം ഭക്ഷണവും കഴിച്ചു.

അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവ് അൻപരസു, ഫിഷറീസ് സെക്രട്ടറിമാരായ കെ. ടി. ദാമോദർ, ഒ.പി. മിശ്ര ഉൾപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥർ എന്നിവരോടൊപ്പമാണ് മന്ത്രി ലക്ഷദ്വീപ് സന്ദർശനം നടത്തിയത്. അഗത്തി ദ്വീപിന്റെ കവാടമായ ജെട്ടി പ്രദേശത്തു അദ്ദേഹം വൃക്ഷതൈകൾ നട്ടു. ദ്വീപിലെ സ്പെഷ്യൽറ്റി ആശുപത്രയിലെ രോഗികളുമായും അദ്ദേഹം സംവദിച്ചു.