ഗാസിയാബാദ്: കാർഷിക നിയമം പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പ് നൽകി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്. നവംബർ 26 നുള്ളിൽ കാർഷിക നിയമം കേന്ദ്രം പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഡൽഹി അതിർത്തികളായ സിംഗു, ടിക്രി, ഗസിപൂർ എന്നിവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക സമരങ്ങൾ ആരംഭിച്ച് നവംബർ 26 ന് ഒരു വർഷം തികയും.
കർഷക കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയാണ്( എസ് കെ എം) കാർഷിക നിയമത്തിനെതിരെുള്ള പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിലെ ഗാസിപൂരിൽ തമ്പടിച്ചിരിക്കുന്ന ഭാരതീയ കിസാൻ യൂണിയനും സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമായി പ്രവർത്തിക്കുകയാണ്.
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ആയിരത്തോളം കർഷകരാണ് പ്രതിഷേധിക്കുന്നത്.

