തൃശൂർ: റോഡിന് നടുവിലുള്ള വൈദ്യുതി പോസ്റ്റ് കാണാതെ റോഡ് ടാറിങ് നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ കണ്ണുതുറപ്പിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡിന്റെ നടുവിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് മാറ്റി. തമ്പുരാൻപടി-കണ്ടുബസാർ റോഡിൽ പുന്നയൂർ പഞ്ചായത്തിലെ ഏരിമ്മൽ ക്ഷേത്രത്തിന് സമീപമാണ് റോഡിന് നടുവിൽ വൈദ്യുതി പോസ്റ്റ് നിന്നത്. രണ്ടു ആഴ്ചയ്ക്ക് മുൻപാണ് റോഡ് ടാർ ചെയ്തത്.
റോഡിന്റെ നടുവിൽ വൈദ്യുതി പോസ്റ്റ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ പോസ്റ്റ് മാറ്റാനുള്ള തുക എസ്റ്റിമേറ്റിൽ ഇല്ലെന്നായിരുന്നു നിർമാണം നടത്തുന്ന നാഷണൽ ഹൈവേ അതോറിറ്റി വിഭാഗം പറഞ്ഞിരുന്നത്.
റോഡിലേക്ക് കയറി നിൽക്കുന്ന 21 പോസ്റ്റുകൾ മാറ്റാൻ 3.10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പോസ്റ്റുകൾ മാറ്റാതെയാണ് ഉദ്യോഗസ്ഥർ റോഡ് ടാർ ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പുന്നയൂരിലെ പൊതുപ്രവർത്തകനാണ് മന്ത്രിയ്ക്ക് പരാതി നൽകിയത്. പ്രദേശത്ത് റോഡിലേക്ക് കയറി നിൽക്കുന്ന 20 പോസ്റ്റുകൾ അടുത്ത ദിവസം മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

