സമരത്തിനിടെ ആക്രമണം; കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു, ജോജുവിന്റെ വാഹനത്തിന് 6 ലക്ഷം രൂപയുടെ നഷ്ടമെന്ന് പോലീസ്‌

കൊച്ചി: കൊച്ചിയിൽ കോൺഗ്രസ് സമരത്തിനിടെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. നടൻ ജോജു ജോർജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പിഡിപിപി ആക്ട് സെക്ഷൻ 5 ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. മുൻ മേയർ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ജോജുവിനെ വാഹനം തടഞ്ഞ് ആക്രമിച്ചതെന്നാണ് എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടുള്ളത്. ചമ്മിണി ഉൾപ്പെടുന്ന സംഘം വാഹനം തടഞ്ഞ ശേഷം ജോജുവിന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞുവെന്നും വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകർത്തുവെന്നും എഫ്.ഐ.ആറിൽ വിശദമാക്കിയിട്ടുണ്ട്. ആറു ലക്ഷം രൂപയുടെ നഷ്ടം വാഹനത്തിനുണ്ടായെന്നും പോലീസ് പറഞ്ഞു.

ഇന്ധനവിലക്കയറ്റത്തിൽ പ്രതിഷേധിച്ച് എറണാകുളത്ത് ഇടപ്പള്ളി – വൈറ്റില ഹൈവേ ഉപരോധിച്ചുകൊണ്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരമാണ് അക്രമത്തിൽ കലാശിച്ചത്. സമരത്തിനെതിരെ പ്രതികരിച്ചതിനാണ് ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചത്.

ജനങ്ങളെ ഉപദ്രവിച്ചുകൊണ്ടല്ല സമരം ചെയ്യേണ്ടെന്നായിരുന്നു ജോജു ജോർജിന്റെ പ്രതികരണം. ഒരുദിവസം സമരം ചെയ്താൻ വില കുറയുമോ എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം പ്രതിഷേധത്തിനെതിരെ രംഗത്തെത്തി. ജനങ്ങളും അദ്ദേഹത്തോടൊപ്പം അണിചേർന്നു. പ്രതിഷേധക്കാരും ജനങ്ങളുമായി രൂക്ഷമായ വാക്കേറ്റവും ഉണ്ടായി.

പോലീസ് ഇടപെട്ട് ഉപരോധം അവസാനിപ്പിച്ചതിനെ തുടർന്ന് ജോജു ജോർജിന്റെ വാഹനം മുന്നോട്ടെടുക്കവെ കോൺഗ്രസുകാർ വാഹനം തകർക്കുകയായിരുന്നു. ജോജു ജോർജ് മദ്യപിച്ച് ഷോ കാണിക്കുകയായിരുന്നുവെന്നായിരുന്നു കോൺഗ്രസ് ആരോപിച്ചിരുന്നത്. അതേസമയം ജോജു മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായിട്ടുണ്ട്.