തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിക്കൽ ഉത്തരവിൽ ജുഡീഷ്യൽ അന്വേഷണം നടത്തമെന്നാവശ്യപ്പെട്ട് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ബേബി ഡാമിലെ മരം മുരിക്കൽ ഉത്തരവ് ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെയെന്നെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ് മരംമുറിക്കലിന് അനുമതി എന്നതിന് തെളിവുണ്ടെന്നും തെളിവുകൾ സമയമാകുമ്പോൾ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
തമിഴ്നാടിന്റെ താത്പര്യങ്ങളെയാണ് സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നത്. മരംമുറിക്കലിന് അനുമതി നൽകിയത് കേരളത്തിലെ ജനങ്ങളെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒന്നുമറിയാതെ മന്ത്രി സ്ഥാനത്ത് തുടരണോയെന്ന് എ കെ ശശീന്ദ്രൻ തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയത് വനംവകുപ്പിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഓഫിസുകൾ അറിഞ്ഞിരുന്നില്ലെന്നാണ് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറയുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കത്ത് കിട്ടിയപ്പോഴാണ് ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയുന്നതെന്നും അതിനാലാണ് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചതെന്നും മന്ത്രി വിശദമാക്കി.

