ഡാമിലെ മരങ്ങൾ വെട്ടിനീക്കാൻ തമിഴ്‌നാടിന് അനുമതി; കേരളത്തിന് നന്ദി അറിയിച്ച് സ്റ്റാലിൻ

ചെന്നൈ: മുല്ലപ്പെരിയാറിൽ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ വെട്ടിനീക്കാൻ തമിഴ്‌നാടിന് അനുമതി നൽകി കേരളം. തമിഴ്നാടിന്റെ ആവശ്യം അംഗീകരിച്ചതിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേരളത്തിന് നന്ദി അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയും ചെയ്തു. കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധം ശക്തമാകാൻ തീരുമാനം സഹായിക്കുമെന്നാണ് സ്റ്റാലിൻ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

ബേബി ഡാമിന് താഴെയുള്ള 15 മരങ്ങളും വെട്ടാനാണ് കേരളം തമിഴ്നാടിന് അനുമതി നൽകിയത്. ബേബി ഡാമും എർത്ത് ഡാമും ബലപ്പെടുത്താനുള്ള തടസ്സം ഇതോടെ നീങ്ങിയെന്നും സ്റ്റാലിൻ കത്തിൽ പറഞ്ഞു. അതേസമയം ഡാമിലെ ജലനിരപ്പ് 152 അടിയാക്കുന്നതിനെ കുറിച്ച് സ്റ്റാലിന്റെ കത്തിൽ പരാമർശമില്ല. വണ്ടിപ്പെരിയാറിൽ നിന്ന് ഡാമിലേക്കുള്ള റോഡ് നന്നാക്കാനും അനുമതി വേണമെന്നും കത്തിൽ സ്റ്റാലിൻ അഭ്യർഥിച്ചിട്ടുണ്ട്. ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കുമെന്ന് നേരത്തെ തമിഴ്നാട് മന്ത്രിമാർ വ്യക്തമാക്കിയിരുന്നു.