General (Page 1,334)

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതി. ദീർഘകാല അടിസ്ഥാനത്തിൽ നടപടി വേണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിൽ ലോക്ക്ഡൗൺ വേണ്ടിവരുമോയെന്നും സുപ്രിംകോടതി ചോദിച്ചു. അന്തരീക്ഷ മലിനീകരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും വിഷയത്തിൽ രാഷ്ട്രീയ താത്പര്യങ്ങൾ ഇല്ലാത്ത നടപടിയാണ് വേണ്ടതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

എ.ക്യു.ഐ 800 ന് അടുത്തെത്തിയിരിക്കുകയാണ് രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക. നഗരത്തിൽ പുകമഞ്ഞ് രൂക്ഷമായതോടെ കാഴ്ചയുടെ ദൂരപരിധി കുറഞ്ഞുവെന്നും ഒക്ടോബർ 24 മുതൽ ഈ മാസം 8 വരെയുള്ള കാലയളവിൽ ഉണ്ടായ വാഹനപുകയാണ് അതി രൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് അറിയിച്ചു.

വിഷപ്പുക വർധിക്കുന്നതിനാൽ സർക്കാർ-സ്വകാര്യ ഓഫിസുകളിൽ ഉള്ളവർ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം 30 ശതമാനമായി കുറയ്ക്കണമെന്നും വാഹനങ്ങൾക്ക് ഒറ്റ ഇരട്ടയക്ക നിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഡൽഹി സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം.

തിരുവനന്തപുരം: അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവുമായി സർക്കാർ. അധ്യാപികമാർ സാരി ധരിച്ചു മാത്രമേ ജോലി ചെയ്യാവൂ എന്ന യാതൊരുവിധ നിയമവും നിലവിലില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകർക്ക് സ്ഥാപനങ്ങളിൽ പ്രവർത്തിക്കാവുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിർബന്ധങ്ങളും നിബന്ധനകളും അടിച്ചേൽപ്പിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ സർക്കാരിന് ലഭിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

കാലാനുസൃതമല്ലാത്ത പിടിവാശികൾ ചില സ്ഥാപന മേധാവികളും മാനേജ്മെന്റുകളും അടിച്ചേൽപ്പിക്കുന്നുവെന്ന് ഉത്തരവിൽ പറയുന്നു. ഈ സാഹചര്യത്തിൽ തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകർക്ക് സ്ഥാപനങ്ങളിൽ പ്രവർത്തിക്കാമെന്നും ഉത്തരവ് വിശദീകരിക്കുന്നുണ്ട്. ജോയിന്റ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്.

തിരുവനന്തപുരം: ഇന്ധന നികുതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന് പിന്തുണ നൽകി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. പെട്രോൾ, ഡീസൽ വില ഇനത്തിൽ സമാഹരിച്ച നികുതിയുടെ കണക്ക് കേരള ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അതിൽ തെറ്റുണ്ടെങ്കിൽ കേന്ദ്രധനമന്ത്രി അതിനു മറുപടി നൽകണമെന്നും പി ചിദംബരം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2020-21 കാലത്ത് എക്സൈസ് നികുതി, സെസ്, അഡീഷണൽ എക്സൈസ് നികുതി എന്നീ ഇനങ്ങളിൽ സമാഹരിച്ചത് 3,72,000 കോടി രൂപയാണ്. ഇതിൽ നിന്ന് 18000 രൂപ മാത്രമാണ് അടിസ്ഥാന എക്സൈസ് നികുതി. അതിന്റെ 41 ശതമാനമാണ് സംസ്ഥാനങ്ങളുടെ വിഹിതമായി നൽകിയിട്ടുള്ളത്. ബാക്കി തുകയായ 3,54,000 കോടി രൂപ ലഭിക്കുന്നത് കേന്ദ്രത്തിനാണെന്നും ഇതാണ് മോദി സർക്കാരിന്റെ കോർപറേറ്റീവ് ഫെഡറലിസമെന്നും പി ചിദംബരം ട്വിറ്ററിൽ കുറിച്ചു.

കേന്ദ്രനികുതി കുറച്ചതിന് ആനുപാതികമായ കുറവ് സംസ്ഥാനത്തുണ്ടായെന്നും നികുതി കുറയ്ക്കുന്നതിന് സംസ്ഥാനങ്ങൾക്ക് പരിമിതിയുണ്ടെന്നുമായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടിരുന്നത്. സംസ്ഥാനത്തിന് നിലവിൽ അധിക സാമ്പത്തിക ബാധ്യതയാണുള്ളത്. കഴിഞ്ഞ ആറുവർഷമായി കേരളം നികുതി വർധിപ്പിച്ചിട്ടില്ലെന്നും ഒരു വർഷം നികുതി കുറയ്ക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്രം നിലവിൽ കുറച്ചെന്നുപറയുന്ന എക്‌സൈസ് തീരുവ തുച്ഛമായ തുക മാത്രമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്തുണ നൽകിയാണ് പി ചിദംബരം രംഗത്തെത്തിയത്.

കൊച്ചി: ലക്ഷദ്വീപിൽ അതിവേഗ ഇന്റർനെറ്റും മൊബൈൽഫോൺ നെറ്റ്‌വർക്ക്‌ ലഭ്യതയും ഉറപ്പാക്കാൻ പദ്ധതി. കൊച്ചിയിൽ നിന്ന് കടലിനടിയിലൂടെ കേബിൾ ലൈൻ സ്ഥാപിക്കാനാണ് തീരുമാനം. കേന്ദ്ര ടെലികോം വകുപ്പിന്റെ കീഴിലുള്ള പദ്ധതിയുടെ പേര് ‘ഐലൻഡ് സബ് മറൈൻ കേബിൾ’ എന്നാണ്. 1,072 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

1,900 കിലോമീറ്ററിലാണ് കേബിൾ കടന്നുപോകുന്നത്. പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. വടക്കൻ പറവൂരിൽ കേബിൽ ലാഡിംഗ് സ്റ്റേഷനും ഒരുക്കും. കവരത്തി, കിൽത്താൻ, ബിത്ര, ബംഗാരം ദ്വീപുകളിൽ പുതിയ കെട്ടിടം നിർമ്മിച്ചാണ് സ്റ്റേഷൻ സ്ഥാപിക്കുക.. മറ്റു ദ്വീപുകളിൽ ബി.എസ്.എൻ.എൽ കെട്ടിടങ്ങളിലായിരിക്കും സ്റ്റേഷൻ സ്ഥാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ലക്ഷദ്വീപിൽ ബി.എസ്.എൻ.എല്ലാണ് ഉപയോഗിക്കുന്നത്. കവരത്തിയിലും അഗത്തിയിലും എയർടെല്ലുണ്ട്. സാറ്റലൈറ്റ് വഴിയാണ് ഇവ നിലവിൽ ലഭ്യമാക്കുന്നത്. ജപ്പാനിലെ ‘എൻ.ഇ.സി’ കമ്പനിക്കാണ് കേബിൾ പദ്ധതിയുടെ കരാർ നൽകിയിരിക്കുന്നത്. കരയിലെ സർവേ പൂർത്തിയാകുകയും സ്റ്റേഷൻ ആരംഭിക്കാനുള്ള കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. കടലിലെ സർവേ ഉടൻ ആരംഭിക്കും.

നിലവിലെ കണക്ടിവിറ്റി പ്രശ്‌നങ്ങൾക്കു ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി പരിഹാരമാകും. മുഴുവൻ ദ്വീപുകളുമായും കമ്മ്യൂണിക്കേഷൻ ലിങ്ക് സ്ഥാപിക്കും. വൻകരയിൽ നിലവിലുള്ള ഇന്റർനെറ്റ്, ടെലി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ ദ്വീപിലും ലഭ്യമാക്കും. 2023 മാർച്ചോടെ പദ്ധതി പൂർത്തിയാക്കുക. സെക്കൻഡിൽ 100 ജിബി ഇന്റർനെറ്റ് വേഗം ഉറപ്പാക്കും. 1.7 സെക്കൻഡിൽ 1.7 ജിബിയാണ് നിലവിൽ വേഗം.

11 ദ്വീപുകളെയും കൊച്ചിയെയും തമ്മിൽ ബന്ധിപ്പിക്കുന്നുവെന്നതാണ് പദ്ധതിയുടെ നേട്ടം. മികച്ച ഫോൺ നെറ്റ്വർക്ക് കവറേജ്, അതിവേഗ ഡേറ്റ എന്നിവയും ദ്വീപുകാർക്ക് ലഭിക്കും. ടൂറിസം, ബാങ്കിംഗ്, വിദ്യാഭ്യാസം, ബിസിനസ്, ആരോഗ്യ മേഖലകൾക്ക് നേട്ടം ഉണ്ടാകുകയും ദ്വീപിന്റെ ഇ-ഗവേണൻസ് പദ്ധതിക്ക് ഉണർവേകുകയും ചെയ്യും.

veena

തിരുവനന്തപുരം: വയനാട് ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തി സംസ്ഥാന ആരോഗ്യ വകുപ്പ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുടിവെള്ള സ്രോതസുകൾ ശുചിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തിൽ ഭേദമാകുന്നതാണ്. അതിനാൽ രോഗത്തെപ്പറ്റിയും അതിന്റെ പ്രതിരോധ മാർഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

എന്താണ് നോറ വൈറസ്

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.

രോഗം പകരുന്നതെങ്ങനെ?

നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസർജ്യം വഴിയും ഛർദ്ദിൽ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാൽ വളരെയേറെ ശ്രദ്ധിക്കണം.

രോഗ ലക്ഷണങ്ങൾ

വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.

രോഗം ബാധിച്ചാൽ എന്ത് ചെയ്യണം

വൈറസ് ബാധിതർ ഡോക്ടറുടെ നിർദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആർ.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങൾ വരെ വൈറസ് പടരാൻ സാധ്യതയുള്ളതിനാൽ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

· പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.

· ആഹാരത്തിനു മുമ്പും, ടോയ്ലെറ്റിൽ പോയതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

· മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

· കുടിവെള്ള സ്രോതസുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.

· ഗാർഹിക ആവശ്യങ്ങൾക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.

· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.

· പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

· പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കുക.

· കടൽ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെൽഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ അനന്തഗോപനെ നിയമിച്ചു. നവംബർ പതിമൂന്നിന് കാലാവധി അവസാനിക്കുന്ന എൻ വാസുവിന് പകരമാണ് അനന്തഗോപനെ നിയമിച്ചത്. പത്തനംതിട്ട സിപിഎം മുൻ ജില്ലാ സെക്രട്ടറിയായ കെ അനന്തഗോപൻ. നിലവിൽ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമാണ. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാലാവധി രണ്ട് വർഷമാണ്.

പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് നല്ല ധാരണയുള്ളയാളെ ബോർഡ് തലവനായി കൊണ്ടുവരുന്നത് മണ്ഡലകാല ഒരുക്കങ്ങൾക്കടക്കം സഹായമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കെ അനന്തഗോപന്റെ നിയമനം. പത്തനംതിട്ടയിൽ നിന്നുള്ള സിപിഎമ്മിന്റെ പ്രമുഖ നേതാവിനെ തന്നെയാണ് തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്തേക്ക് കൊണ്ടു വരുന്നത്.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദേശീയ സുരക്ഷാ വിഷയത്തിൽ കേന്ദ്ര സർക്കാർ വിട്ടുവീഴ്ച ചെയ്തെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. ചൈന തർക്കവിഷയത്തിൽ കേന്ദ്ര സർക്കാരിന് ഒരു നയമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചൈനാ വിഷയത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് വിപിൻ റാവത്തിനും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും രണ്ട് അഭിപ്രായമാണെന്ന പത്ര റിപ്പോർട്ട് ട്വിറ്ററിൽ സൂചിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി പരിഹസിക്കുകയും ചെയ്തു. മിസ്റ്റർ 56 ഇഞ്ചിന് വിഷയത്തിൽ പേടിയാണെന്നായിരുന്നു പ്രധാനമന്ത്രിക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ പരിഹാസം. കേന്ദ്ര സർക്കാർ സർക്കാർ നുണകൾ പ്രചരിപ്പിക്കുമ്പോൾ അതിർത്തി കാക്കാൻ ജീവൻ പണയപ്പെടുത്തി നിൽക്കുന്ന സൈനികർക്ക് വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ അതിർത്തി കയ്യേറി അരുണാചൽ പ്രദേശിൽ ചൈന നൂറ് വീടുകളുളള ഗ്രാമം നിർമ്മിച്ചെന്ന് വ്യക്തമാക്കുന്ന രേഖകൾ നേരത്തെ പെന്റഗൺ പുറത്തുവിട്ടിരുന്നു. എന്നാൽ ഈ റിപ്പോർട്ടിനെ കേന്ദ്ര സർക്കാർ തള്ളിയിരുന്നു. ചൈനയുടെ തന്നെ സ്ഥലത്താണ് അവർ ഗ്രാമം നിർമ്മിച്ചതെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ചൈനീസ് അധിനിവേശത്തെ അംഗീകരിക്കില്ല എന്നായിരുന്നു ഇതേ വിഷയത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. തുടർന്നാണ് രാഹുൽ ഗാന്ധി വിമർശനവുമായി രംഗത്തെത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. രണ്ടാഴ്ച്ചയ്ക്കിടെ അവശ്യ പച്ചക്കറികളുടെ വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തക്കാളി, ഉള്ളി, കാരറ്റ് തുടങ്ങിയവയ്‌ക്കെല്ലാം വില ഇരട്ടിയോളം വർധിച്ചു.

തമിഴ്‌നാട്ടിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയും ഇന്ധന വിലക്കയറ്റവുമാണ് വില വർധിക്കാൻ കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട് പാളയം മാർക്കറ്റിൽ ഒരു കിലോ തക്കാളിക്ക് ഇന്ന് 50 രൂപയാണ് വില. രണ്ടാഴ്ച മുൻപുണ്ടായിരുന്നതിന്റെ ഇരട്ടിയോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. 5 രൂപയായിരുന്ന ഉരുളക്കിഴങ്ങിന് ഇപ്പോൾ 40 രൂപയാണ് വില. മുപ്പത് രൂപയായിരുന്ന സവാള ഇപ്പോൾ 50 രൂപയുമാണ്.

വെണ്ടയ്ക്ക, കാബേജ്, മുരിങ്ങക്ക, കാരറ്റ്, പച്ചമുളക് തുടങ്ങി എല്ലാത്തിനും വില വർധിക്കുകയാണ്. ബീൻസ്, പാവയ്ക്ക, മുരിങ്ങ, പയർ, പരിപ്പ്, വൻപയർ തുടങ്ങി പല ഇനങ്ങൾക്കും വില ഉയർന്നിട്ടുണ്ട്. ഇന്ധനവിലയും പാചകവാതക വിലയും കുത്തനെ ഉയർന്നതിന് പിന്നാലെ പച്ചക്കറികളുടെ വിലയും കുതിച്ചുയരുന്നത് സാധാരണക്കാരന്റെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. വില കൂടിയതോടെ വിൽപന കുറഞ്ഞതായാണ് പച്ചക്കറി വ്യാപാരികളും പറയുന്നത്.

പത്തനംതിട്ട: ഭക്തരുടെ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടുന്നതിന് വിലക്കുമായി പോലീസ്. തീർത്ഥാടകരുടെ വാഹനങ്ങൾ നിലയ്ക്കൽ ബേസ് ക്യാമ്പിലെ പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്ത ശേഷം പമ്പയിലേക്കും തിരിച്ചും കെഎസ്ആർടിസി യുടെ നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിൽ യാത്ര ചെയ്യണമെന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.

വാഹനങ്ങളിൽ തങ്ങുന്ന ഡ്രൈവർമാർ ഉണ്ടെങ്കിൽ തീർഥാടകരെ പമ്പയിൽ ഇറക്കിയതിനു ശേഷം വാഹനം തിരികെ നിലയ്ക്കൽ കൊണ്ടുവന്ന് പാർക്ക് ചെയ്യണമെന്നും പോലീസ് നിർദ്ദേശിച്ചു. മുൻകാലങ്ങളിൽ വാഹനങ്ങൾ പമ്പയിലെ പാർക്കിംഗ് പൂർത്തിയാകുമ്പോഴാണ് നിലയ്ക്കലിലേക്ക് തിരിച്ചുവിട്ടിരുന്നത്. എന്നാൽ അടുത്ത വർഷങ്ങളിലെ തീർത്ഥാടന സീസണുകളിൽ കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കാൻ വേണ്ടിയാണ് പുതിയ സംവിധാനം ഒരുക്കിയതെന്നാണ് വിവരം.

സ്വന്തം വാഹനമില്ലാതെ നിലയ്ക്കൽ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന തീർത്ഥാടകർ മാത്രമാണ് നേരത്തെ കെഎസ്ആർടിസിയുടെ ചെയിൻ സർവ്വീസിനെ ആശ്രയിച്ചിരുന്നത്. എന്നാൽ അധികവരുമാനം ലക്ഷ്യമിട്ട് മറ്റ് വാഹനങ്ങൾ വിലക്കിയതോടെ ഭക്തർ ചെയിൻ സർവ്വീസിനെ നിർബന്ധിതമായി ആശ്രയിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ താമസിക്കുന്നതിനോ തങ്ങുന്നതിനോ തീർത്ഥാടകർക്ക് ഇത്തവണ അനുവാദം ഇല്ല. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള യാത്രയിൽ നീലിമല, അപ്പാച്ചിമേട് പാത ഉപയോഗിക്കാതെ സ്വാമി അയ്യപ്പൻ റോഡ് മാത്രം ഉപയോഗിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവരുടെ വെരിഫിക്കേഷൻ നടത്തുന്നത് പമ്പ ഗണപതി കോവിൽ നടപ്പന്തലിലെ കൗണ്ടറിലാണ്.

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിയിൽ വീണ്ടും പണിമുടക്ക്. യു.ഡി.എഫ് സംഘടനയായ ടി.ഡി.എഫാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നു മുതലാണ് പണിമുടക്ക് ആരംഭിക്കുകയെന്ന വിവരം വ്യക്തമല്ല. പണിമുടക്ക് തുടങ്ങുന്ന തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് നേതാക്കൾ നൽകുന്ന വിവരം.

ശമ്പള പരിഷ്‌കരണമെന്ന ആവശ്യം ഉന്നിയിച്ച് സംയുക്ത തൊഴിലാളി യൂണിയൻ നേരത്തെ പണിമുടക്ക് നടത്തിയിരുന്നു. എന്നാൽ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്നാണ് ടിഡിഎഫ് ആരോപിക്കുന്നത്. നേരത്തേത് സൂചന പണിമുടക്കായിരുന്നുവെന്നും ഉറപ്പുകൾ പാലിക്കാത്തതിനാലാണ് വീണ്ടും സമരത്തിനിറങ്ങുന്നതെന്നും ടി.ഡി.എഫ് അറിയിച്ചു.

കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നൽകിയിട്ടില്ലെന്നും ഈ മാസം 15 മുതൽ ചീഫ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹവും ആരംഭിക്കുമെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി. മറ്റ് തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയ ശേഷം അവരെ കൂടി സമരത്തിന്റെ ഭാഗമാക്കാനും ടിഡിഎഫ് പദ്ധതിയിടുന്നുണ്ട്.