ലക്ഷദ്വീപിൽ അതിവേഗ ഇന്റർനെറ്റും മൊബൈൽഫോൺ നെറ്റ്‌വർക്ക്‌ ലഭ്യതയും; കടലിനടിയിലൂടെ കേബിൾ ലൈൻ സ്ഥാപിക്കും

കൊച്ചി: ലക്ഷദ്വീപിൽ അതിവേഗ ഇന്റർനെറ്റും മൊബൈൽഫോൺ നെറ്റ്‌വർക്ക്‌ ലഭ്യതയും ഉറപ്പാക്കാൻ പദ്ധതി. കൊച്ചിയിൽ നിന്ന് കടലിനടിയിലൂടെ കേബിൾ ലൈൻ സ്ഥാപിക്കാനാണ് തീരുമാനം. കേന്ദ്ര ടെലികോം വകുപ്പിന്റെ കീഴിലുള്ള പദ്ധതിയുടെ പേര് ‘ഐലൻഡ് സബ് മറൈൻ കേബിൾ’ എന്നാണ്. 1,072 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

1,900 കിലോമീറ്ററിലാണ് കേബിൾ കടന്നുപോകുന്നത്. പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. വടക്കൻ പറവൂരിൽ കേബിൽ ലാഡിംഗ് സ്റ്റേഷനും ഒരുക്കും. കവരത്തി, കിൽത്താൻ, ബിത്ര, ബംഗാരം ദ്വീപുകളിൽ പുതിയ കെട്ടിടം നിർമ്മിച്ചാണ് സ്റ്റേഷൻ സ്ഥാപിക്കുക.. മറ്റു ദ്വീപുകളിൽ ബി.എസ്.എൻ.എൽ കെട്ടിടങ്ങളിലായിരിക്കും സ്റ്റേഷൻ സ്ഥാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ലക്ഷദ്വീപിൽ ബി.എസ്.എൻ.എല്ലാണ് ഉപയോഗിക്കുന്നത്. കവരത്തിയിലും അഗത്തിയിലും എയർടെല്ലുണ്ട്. സാറ്റലൈറ്റ് വഴിയാണ് ഇവ നിലവിൽ ലഭ്യമാക്കുന്നത്. ജപ്പാനിലെ ‘എൻ.ഇ.സി’ കമ്പനിക്കാണ് കേബിൾ പദ്ധതിയുടെ കരാർ നൽകിയിരിക്കുന്നത്. കരയിലെ സർവേ പൂർത്തിയാകുകയും സ്റ്റേഷൻ ആരംഭിക്കാനുള്ള കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. കടലിലെ സർവേ ഉടൻ ആരംഭിക്കും.

നിലവിലെ കണക്ടിവിറ്റി പ്രശ്‌നങ്ങൾക്കു ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി പരിഹാരമാകും. മുഴുവൻ ദ്വീപുകളുമായും കമ്മ്യൂണിക്കേഷൻ ലിങ്ക് സ്ഥാപിക്കും. വൻകരയിൽ നിലവിലുള്ള ഇന്റർനെറ്റ്, ടെലി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ ദ്വീപിലും ലഭ്യമാക്കും. 2023 മാർച്ചോടെ പദ്ധതി പൂർത്തിയാക്കുക. സെക്കൻഡിൽ 100 ജിബി ഇന്റർനെറ്റ് വേഗം ഉറപ്പാക്കും. 1.7 സെക്കൻഡിൽ 1.7 ജിബിയാണ് നിലവിൽ വേഗം.

11 ദ്വീപുകളെയും കൊച്ചിയെയും തമ്മിൽ ബന്ധിപ്പിക്കുന്നുവെന്നതാണ് പദ്ധതിയുടെ നേട്ടം. മികച്ച ഫോൺ നെറ്റ്വർക്ക് കവറേജ്, അതിവേഗ ഡേറ്റ എന്നിവയും ദ്വീപുകാർക്ക് ലഭിക്കും. ടൂറിസം, ബാങ്കിംഗ്, വിദ്യാഭ്യാസം, ബിസിനസ്, ആരോഗ്യ മേഖലകൾക്ക് നേട്ടം ഉണ്ടാകുകയും ദ്വീപിന്റെ ഇ-ഗവേണൻസ് പദ്ധതിക്ക് ഉണർവേകുകയും ചെയ്യും.