General (Page 1,335)

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രളയമുന്നൊരുക്കത്തിലും നിയന്ത്രണത്തിലും സർക്കാരിന് വീഴ്ച ഉണ്ടായെന്ന സി എ ജി വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് വി ഡി സതീശന്റെ വിമർശനം. ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെടാനിടയാക്കിയ സംഭവത്തിൽ സർക്കാരിന് പങ്കുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

സി എ ജിക്ക് സർക്കാർ കൊടുത്ത റിപ്പോർട്ടിൽ ഡാം മാനേജ്‌മെന്റിൽ പരാജയമുണ്ടായെന്ന് സമ്മതിക്കുകയാണ്. പക്ഷേ നിയമസഭയ്ക്കകത്തും പുറത്തും ഡാം മാനേജ്‌മെന്റിലെ കുഴപ്പമല്ല പ്രളയത്തിന് കാരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഡാം മാനേജ്‌മെന്റിന്റെ എ ബി സി ഡി പോലുമറിയാത്തവരാണ് വിഷയം കൈകാര്യം ചെയ്ത് വഷളാക്കിയത്. ഇത്തരം തെറ്റുകൾ ഒരുകാരണവശാലും ആവർത്തിക്കാൻ പാടില്ല. അതിനായി ഒരു അന്വേഷണം നടത്തി കുറ്റക്കാരായ ആൾക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടതാണ്. എന്നാൽ കുറ്റക്കാരെ രക്ഷിക്കുന്നതിനുള്ള ശ്രമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം രൂക്ഷമായ കടക്കെണിയിലേക്ക് വീണ്ടും താഴുകയാണെന്നും വാങ്ങിയ കടത്തിന്റെ പലിശ അടയ്ക്കാൻ പോലും കടം വാങ്ങേണ്ട അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇങ്ങനെയുള്ള അവസരത്തിലാണ് കേന്ദ്രം പണം തന്നില്ലെങ്കിലും സിൽവർ ലൈൻ ഞങ്ങൾ നടപ്പാക്കുമെന്ന വാശിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. സിൽവർ ലൈനിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് വ്യക്തമായ മറുപടി പറയാൻ സർക്കാർ തയ്യാറല്ല. പിണറായി സർക്കാരിനുള്ളത് തീവ്ര വലതുപക്ഷ നിലപാടാണെന്നും അദ്ദേഹം വിമർശിച്ചു.

മുല്ലപ്പെരിയാർ മരംമുറി വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുതന്നെയാണ് മരം മുറിക്കാനുള്ള തീരുമാനം എടുത്തത്. തങ്ങൾക്കൊന്നും അറിയില്ലെന്ന് രണ്ട് മന്ത്രിമാർ വിലപിക്കുകയാണ്. അവരുടെ വിലാപത്തെക്കാൾ ഭീകരമാണ് മുഖ്യമന്ത്രിയുടെ മൗനം. വിലകുറഞ്ഞ പരാമർശങ്ങൾ നടത്തുന്നതിന് കേരളത്തിൽ ഒന്നാം സമ്മാനം കൊടുക്കേണ്ടത് വിജയരാഘവനാണെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറിക്കുന്നതിനുള്ള അനുമതി നൽകാൻ സെപ്റ്റംബർ 17 ന് ചേർന്ന സെക്രട്ടറി തല യോഗത്തിൽ തീരുമാനമായിരുന്നതായി സുപ്രീം കോടതിയെ അറിയിച്ച് കേരളം. ഒക്ടോബർ 27 ന് സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് സുപ്രീം കോടതിക്ക് കൈമാറിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ബേബി ഡാം ശക്തമാക്കുന്നതിന് ചില മരങ്ങൾ മുറിക്കാനും, നിർമ്മാണ സാധനങ്ങൾ കൊണ്ടുപോകുന്നതിനുമുള്ള അനുമതി നൽകാനും സെപ്റ്റംബർ 17 ന് ചേർന്ന സെക്രട്ടറിതല യോഗത്തിൽ തീരുമാനമായെന്നാണ് കേരളം സുപ്രീം കോടതിയിൽ അറിയിച്ചിരിക്കുന്നത്. മരം മുറിക്കുന്നതിന് അനുമതി നൽകാൻ കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകാൻ തമിഴ്‌നാടിനോട് നിർദേശിച്ചിരുന്നു. എന്നാൽ തമിഴ്‌നാട് ഇതുവരെയും കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകിയിട്ടില്ലെന്നും ജി പ്രകാശ് കൈമാറിയ കുറിപ്പിൽ വിശദമാക്കിയിട്ടുണ്ട്.

അതേസമയം മരംമുറിയ്ക്കാൻ അനുമതി നൽകിയിട്ടില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖ പുറത്തു വന്നത്. ഇതോടെ സർക്കാരിന്റെ വാദങ്ങളെല്ലാം കളവാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മരം മുറിക്കാൻ ഒരു യോഗത്തിലും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നത്. സെപ്റ്റംബർ 17ന് കേരളവും തമിഴ്നാടും തമ്മിൽ ചേർന്ന യോഗത്തിൽ മരം മുറിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും വിഷയം പരിഗണനയിലാണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം അറിയിച്ചിരുന്നു. നവംബർ ഒന്നിന് യോഗം ചേർന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. സെപ്റ്റംബർ 17ന് ചേർന്ന യോഗത്തിൽ തന്നെ തമിഴ്‌നാടിന് മരം മുറിക്കാനുള്ള അനുമതി നൽകിയിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വന്ന രേഖകളിൽ നിന്നും വ്യക്തമാക്കുന്നത്.

covid

ലണ്ടൻ: യൂറോപ്പിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. മരണനിരക്കും ഉയർന്നു കൊണ്ടിരിക്കുകയാണ്. പ്രതിദിന കോവിഡ് കേസുകളും കോവിഡ് മരണവും തുടർച്ചയായി വർധിക്കുന്ന ഏക മേഖലയും യൂറോപ്പാണ്. അമേരിക്ക, റഷ്യ, ബ്രസീൽ, തുർക്കി, ജർമനി എന്നീ രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവുമധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് യൂറോപ്പിൽ പുതിയ കേസുകൾ ഏഴ് ശതമാനമാണ് വർധിച്ചത്. മേഖലയിലെ താരതമ്യേന കുറഞ്ഞ വാക്സിനേഷൻ നിരക്കും വാക്സിൻ വിതരണത്തിലെ ക്രമക്കേടുമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേഖലയുടെ ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗെ വ്യക്തമാക്കി.

മധ്യ ഏഷ്യയിലെ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ വരെയുള്ള മേഖലയിൽ ഏകദേശം 18 ലക്ഷം പുതിയ പ്രതിവാര കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ വിഭാഗം വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയേക്കാൾ ആറ് ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജർമനിയിലും പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 50,196 പുതിയ കോവിഡ് കേസുകളാണ് ജർമ്മനിയിൽ റിപ്പോർട്ട് ചെയ്തത്. ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന നിരക്കാണിത്. ജർമ്മനിയിൽ കോവിഡ് വാക്‌സിൻ വിതരണം മന്ദഗതിയിലാണ്. രാജ്യത്ത് ഇതുവരെ 67 ശതമാനം ജനങ്ങൾ മാത്രമാണ് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്.

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ചൈനയുടെ അധിനിവേശ ശ്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യ. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം 100 വീടുകൾ അടങ്ങിയ ഗ്രാമം ചൈന സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. അരുണാചലിലെ അതിർത്തി പ്രദേശത്ത് അനധികൃതമായി ചൈന നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ അംഗീകരിക്കില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ചൈനയുടെ അവകാശ വാദങ്ങൾ ഒന്നും തന്നെ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും ഇക്കാര്യം വീണ്ടും ചൈനീസ് സർക്കാരിനെ ബോധ്യപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ അതിർത്തിക്കുള്ളിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന നൂറോളം വീടുകൾ നിർമ്മിച്ചതായുള്ള വിവരങ്ങൾ പെന്റഗണാണ് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഇന്ത്യൻ അതിർത്തിക്കുള്ളിൽ ചൈന അനധികൃത നിർമ്മാണങ്ങൾ നടത്തുന്നതായി അരുണാചൽ സർക്കാരിന്റെ പ്രതിനിധികളും അറിയിച്ചു. ചൈനീസ് നിയന്ത്രണത്തിന് കീഴിൽ വരുന്ന ടിബറ്റിനും അരുണാചൽ പ്രദേശിനും ഇടയിൽ യഥാർഥ നിയന്ത്രണ രേഖയ്ക്ക് കിഴക്ക് ഭാഗത്തയാണ് ചൈനയുടെ കടന്നുകയറ്റം. ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണയിലുള്ള മക്മോഹൻ അതിർത്തി കടന്നാണ് ചൈന നൂറോളം സൈനിക താവളങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്നാണ് അമേരിക്ക പുറത്തു വിട്ട സാറ്റലൈറ്റ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

യുഎസ് പ്രതിരോധ വിഭാഗം സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് സൈനിക സുരക്ഷ സംബന്ധിച്ചുള്ള വിഷയങ്ങളെക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. സ്വതന്ത്രഭരണ പ്രദേശമായ ടിബറ്റിനും ഇന്ത്യയ്ക്കു കീഴിലുള്ള അരുണാചൽ പ്രദേശിനും ഇടയിലുള്ള തർക്കഭൂമിയിൽ ചൈന ഗ്രാമം നിർമ്മിച്ചതായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. 2020-ൽ ഇന്ത്യയിലെ അരുണാചൽ പ്രദേശിനും ടിബറ്റ് സ്വയംഭരണമേഖലയ്ക്കുമിടയിലുള്ള തർക്കപ്രദേശത്ത് ചൈന നൂറോളം വീടുകളുണ്ടാക്കിയെന്നും ഇന്ത്യ-ചൈന സംഘർഷത്തിനിടെ യഥാർഥ നിയന്ത്രണ രേഖയ്ക്കടുത്ത് ചൈന ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ചുവെന്നും പെന്റഗൺ സൂചിപ്പിച്ചിരുന്നു. ഇന്ത്യയുമായി സൈനിക, നയതന്ത്ര ചർച്ചകൾ നടത്തുന്നതിനിടയിലും ചൈന, അതിർത്തി മേഖലയിൽ കടന്നുകയറ്റ നീക്കങ്ങൾ സജീവമാക്കുകയാണെന്നും റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്.

മലപ്പുറം: ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ക്രൈസ്തവ ന്യൂനപക്ഷത്തിന് നൽകിയ നടപടിയിൽ പ്രതികരണവുമായി കെടി ജലീൽ എംഎൽഎ. തീരുമാനത്തിൽ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 26% മുസ്ലിങ്ങളാണെങ്കിൽ 18% ക്രൈസ്തവരാണ്. ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സ്ഥാനം മുസ്ലിം സമുദായത്തിന് നൽകുമ്പോൾ രണ്ടാമത്തെ ബോഡിയായ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനം ക്രൈസ്തവ സമുദായത്തിന് അനുവദിക്കുന്നത് അനീതിയല്ലെന്നും മറിച്ച് നീതിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നെങ്കിലുമൊരു കാലത്ത് യു ഡി എഫ് കേരളത്തിൽ അധികാരത്തിൽ വന്നാലും രണ്ടിലൊന്ന് ക്രൈസ്തവ ന്യൂനപക്ഷത്തിന് നൽകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം സമുദായംഗങ്ങളായിരുന്നു ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ പദവി ഇതുവരെ വഹിച്ചിരുന്നത. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഐഎൻഎല്ലിലെ എ പി അബ്ദുൾ വഹാബായിരുന്നു ചെയർമാൻ. ഈ പദവി കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് നൽകുന്നതിൽ പ്രതിഷേധവുമായി ഐഎൻഎൽ രംഗത്തെത്തിയിരുന്നു. അതസമയം പരസ്യമായ തർക്കത്തിനില്ലെന്നായിരുന്നു ഐഎൻഎല്ലിന്റെ നിലപാട്. ന്യൂനപക്ഷ കോർപ്പറേഷൻ മാണി ഗ്രൂപ്പിന് നൽകുന്നതിൽ മുസ്ലിം സംഘടനകളും സിപിഎമ്മിനോട് വിയോജിപ്പ് അറിയിച്ചിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനാണ് ന്യൂനപക്ഷ സാമ്പത്തിക സഹായങ്ങൾ മിക്കതും വിതരണം ചെയ്യുന്നത്.

കേരള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്ത് മുഹമ്മദ് ഇക്ബാലിനെ നിയമിക്കാനാണ് കേരളാ കോൺഗ്രസ് എമ്മിൽ തീരുമാനിച്ചിക്കുന്നത്. വിവാദങ്ങളിൽ നിന്നും രക്ഷ നേടുക എന്ന ഉദ്ദേശത്തോടെയാണ് കേരളാ കോൺഗ്രസ് എമ്മിന്റെ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റ്യാടിയിൽ സ്ഥാനാർത്ഥിയായി പരിഗണിച്ച ശേഷം സിപിഎമ്മിന്റെ എതിർപ്പ് കാരണം പിൻവാങ്ങിയ വ്യക്തിയാണ് മുഹമ്മദ് ഇക്ബാൽ.

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സി എ ജി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനം സാമ്പത്തികമായി മുന്നേറുന്നതിനു വേണ്ടി നിശ്ചയിച്ച ലക്ഷ്യങ്ങൾ ഒന്നും തന്നെ കൈവരിച്ചില്ലെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

മുൻ വർഷത്തേക്കാൾ 1.02 ശതമാനമാണ് സംസ്ഥാനത്തിന്റെ കടം വർദ്ധിച്ചത്. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 21 ശതമാനവും നിലവിൽ ഉപയോഗിക്കുന്നത് വായ്പാ തിരിച്ചടവിന് വേണ്ടിയാണ്. കിഫ്ബി വായ്പകൾ ആകസ്മിക വായ്പകളാണെന്ന സർക്കാർ വാദം അംഗീകരിക്കാനാകില്ലെന്നും ഇവ ബജറ്റ് ഇതര വായ്പകളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കിഫ്ബി നിയമം അനുസരിച്ച് സംസ്ഥാനത്തിന്റെ നികുതി വരുമാനങ്ങളായ മോട്ടോർ വാഹന നികുതി വരുമാനം പെട്രോളിയം നികുതി വരുമാനം എന്നിവയിൽ നിന്നുമാണ് കിഫ്ബി വായ്പകളുടെ തിരിച്ചടവ് വരുന്നത്. അതു കൊണ്ട് ഇതിനെ ആകസ്മിക വായ്പകളായി കണക്കാക്കണം. കൂടാതെ കിഫ്ബിയുടെ പ്രസ്താവനകളും രേഖകളും നിയമസഭയിൽ അവതരിപ്പിക്കുന്നതാണ്. അതിനാൽ തന്നെ ഈ വായ്പകൾക്ക് നിയമസഭയുടെ അംഗീകാരം ഉണ്ടെന്ന വാദമാണ് സർക്കാർ ഉയർത്തിയിരുന്നത്. എന്നാൽ ഈ വാദങ്ങളെല്ലാം സിഎജി റിപ്പോർട്ടിൽ പൂർണ്ണമായും തള്ളിയിട്ടുണ്ട്.

ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവർത്തിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഇത്തരത്തിൽ ഉൾപ്പെടുത്തിയാൽ വില നിയന്ത്രിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇത് ഒരുപോലെ ഗുണം ചെയ്യുമെന്നും പെട്രോളും, ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നത് എതിർക്കുന്ന സംസ്ഥാനങ്ങൾ ഇക്കാര്യം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെട്രോൾ, ഡീസൽ, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഒറ്റ നികുതി ഏർപ്പെടുത്തിയാൽ വലിയ നേട്ടങ്ങളാണ് ഉണ്ടാകുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതു വഴി ഇവയുടെ നികുതി കുറയും. ഇത് സംസ്ഥാനങ്ങൾക്കും, കേന്ദ്രസർക്കാരിനും അധിക വരുമാനം നൽകും. എല്ലാ സംസ്ഥാനങ്ങളും പെട്രോളും, ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനങ്ങൾ പിന്തുണ നൽകിയാൽ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന് ജിഎസ്ടി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ജിഎസ്ടി കൗൺസിലിൽ എല്ലാ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാരും അംഗങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു. കേരളത്തിനെതിരെ ഗഡ്കരി വിമർശനം ഉന്നയിക്കുകയും ചെയ്തു. പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ കേരളമാണ് ശക്തമായി എതിർത്തത്. കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഇതേ തുടർന്നാണ് ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ വിലക്കയറ്റം ആയിരുന്നു ഇതിന്റെ ഫലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പെട്രോളിന് പത്ത് രൂപയും, ഡീസലിനും അഞ്ച് രൂപയും കുറച്ചതിലൂടെ വലിയ ആശ്വാസമാണ് ജനങ്ങൾക്ക് ലഭിച്ചതെന്നും ഇതിന് സമാനമായ രീതിയിൽ സംസ്ഥാനങ്ങൾ മൂല്യവർദ്ധിത നികുതി കുറയ്ക്കുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: സി പി എം നേതാവും സംസ്ഥാന കമ്മറ്റി അംഗവുമായ പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനാകും. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാനും ആകും. വ്യാഴാഴ്ച്ച ചേർന്ന സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ശോഭനാ ജോർജിനെ ഔഷധി ചെയർപേഴ്‌സനാക്കാനും യോഗത്തിൽ തീരുമാനിച്ചു.

ചെറിയാൻ ഫിലിപ്പിനെയായിരുന്നു ആദ്യം ഖാദി ബോർഡിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ ചെറിയാൻ ഫിലിപ്പ് ഇത് നിരസിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം സിപിഎം വിട്ട് കോൺഗ്രസിലേക്ക് മടങ്ങി പോകുകയും ചെയ്തിരുന്നു. അതേസമയം ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് എമ്മിന് നേരത്തെ നൽകിയിരുന്നു.

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറി ഉത്തരവിറങ്ങിയത് കേരളവും തമിഴ്‌നാടും ചേർന്ന് നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. പ്രമുഖ മലയാള മാദ്ധ്യമമാണ് ഇതുസംബന്ധിച്ച് രേഖകൾ പുറത്തുവിട്ടത്.

തമിഴ്‌നാടിന് ടി.കെ.ജോസ് നൽകിയ മിനിട്‌സിൽ മരംമുറിക്ക് അനുമതി നൽകുന്നത് പരിഗണനയിലാണെന്ന് ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തു വന്നിരിക്കുന്നത്. തമിഴ്‌നാടും കേരളവുമായി നടത്തിയ ചർച്ചയുടെ മിനിട്‌സാണ് പുറത്തുവന്നത്. അതേസമയം കഴിഞ്ഞ ദിവസം മരംമുറിയ്ക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെന്റ് ചെയ്തിരുന്നു. മരംമുറി സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനം എടുത്തുവെന്ന് ആരോപിച്ചാണ് ബെന്നിച്ചനെ സസ്‌പെൻഡ് ചെയ്തത്.

സെപ്തംബർ 17-ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും 25 ഉദ്യോഗസ്ഥർ ചർച്ച നടത്തിയതായാണ് രേഖകളിലുള്ളത്. അഡീ.ചീഫ് സെക്രട്ടറിയും വനം സെക്രട്ടറിയും മരംമുറി ഉത്തരവ് സംബന്ധിച്ച് എല്ലാം അറിഞ്ഞിരുന്നുവെന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. ടി.കെ.ജോസ് തമിഴ്നാടിന്റെ അംഗീകാരത്തിന് അയച്ച മിനിട്സിൽ മരംമുറിക്ക് അനുമതി നൽകുന്നത് പരിഗണനയിലെന്നും വ്യക്തമാക്കുന്നുണ്ട്. ബേബി ഡാമിലെ 15 മരങ്ങൾ മുറിക്കുന്നത് പരിഗണനയിലാണെന്ന് കൃത്യമായി മിനിറ്റ്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വനം സെക്രട്ടറി തമിഴ്നാടുമായുള്ള ചർച്ചയിൽ ഇക്കാര്യം ഉറപ്പ് നൽകിയിട്ടുമുണ്ട്. മുല്ലപ്പെരിയാറിലേക്കുള്ള റോഡിന് അനുമതി നൽകുന്നതും പരിഗണനയിലുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

നവംബർ 2 നാണ് ടി.കെ.ജോസ് മിനിട്സ് തമിഴ്നാടിന്റെ അംഗീകാരത്തിനായി അയച്ചത്. ഇതിന് പിന്നാലെയാണ് മരം മുറിക്ക് അനുമതി നൽകിയത്. മരം മുറി ഉത്തരവ് വിവാദമായപ്പോൾ സർക്കാർ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് മറുപടി നൽകിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ കത്തിന്റെ പകർപ്പും പുറത്തുവന്നിരുന്നു. തമിഴ്നാടുമായി സെപ്തംബർ 17-ന് നടന്ന യോഗത്തിൽ മരം മുറിക്കാൻ ധാരണയായതായാണ് അദ്ദേഹം പറയുന്നത്. വിശദമായ ചർച്ചകൾക്ക് ശേഷം നടപടിക്രമങ്ങൾ പാലിച്ചാണ് ഉത്തരവിറക്കിയതെന്നും അദ്ദേഹം വിശദമാക്കുന്നു.

തിരുവനന്തപുരം: പ്രളയ മുന്നൊരുക്കത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചു. സിഎജി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ ജലനയം അനുസരിച്ച് കേരള സംസ്ഥാന ജലനയം പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും, പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ സംസ്ഥാന ജല നയത്തിൽ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

സിഎഇി റിപ്പോർട്ടിൽ ഗുരുതര പാളിച്ചകളും വീഴ്ച്ചകളുമാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2018 ലെ പ്രളയ സമയത്ത് ഇടമലയാർ റിസർവോയറിൽ റൂൾ കർവ് ഉണ്ടായിരുന്നില്ല. ഫ്ളഡ് ഹസാർഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ല. മഴ, നദിയുടെ ഒഴുക്ക് എന്നിവയുടെ തൽസമയ ഡേറ്റ ലഭിക്കാൻ സംവിധാനം ഇല്ലെന്നും 2018 ലെ പ്രളയ ശേഷവും അണക്കെട്ട് സൈറ്റും സർക്കാർ ഓഫിസുകളിലെയും ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

1983 രൂപീകരിച്ച ഇടുക്കി റിസർവോയറിന്റെ റൂൾ കർവ് പുനരവലോകനം ചെയ്തിട്ടില്ല. ചെറുതോണി നദിതീരത്തെ കയ്യേറ്റങ്ങൾ നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തിയെന്നും ഇത് 2018 ലെ പ്രളയത്തിൽ നാശ നഷ്ടങ്ങൾക്ക് കാരണമായെന്നും റിപ്പോർട്ടിൽ വിശദമാക്കിയിരിക്കുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രളയ ഭീഷണി ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കം ഉണ്ടായില്ല. ചെങ്കൽ തോട്ടിലെ വെള്ളം പെരിയാർ നദിയിലേയ്ക്ക് വഴി തിരിച്ചു വിടാനുള്ള കനാൽ ഉണ്ടായിരുന്നില്ല. തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിങ്ങ് ചാനൽ ആഴവും, വീതിയും കൂട്ടാനുള്ള ഡ്രെഡ്ജിംഗ് ലക്ഷ്യം കണ്ടില്ല. സ്പിൽവെ കവാടത്തിലെ 500 ലധികം മരങ്ങൾ സ്പിൽവെ ശേഷി കുറച്ചു. 2018 ലെ ആലപ്പുഴയിൽ പ്രളയ സാഹചര്യത്തിന് ഇത് കാരണമായെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2021 ഏപ്രിൽ വരെയുള്ള കണക്കുകൾ അനുസരിച്ച് 2018 പ്രളയത്തെ തുടർന്നുള്ള അറ്റകുറ്റപണികൾ 18 ശതമാനം മാത്രമാണ് പൂർത്തിയായതെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.