ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും താഴ്ന്ന വരുമാന വിഭാഗങ്ങൾക്കും നൽകി വരുന്ന സബ്‌സിഡി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഹൗസിങ്ങ് ലോൺ കമ്പനികൾ. 2022 മാർച്ചിലാണ് പദ്ധതിയുടെ കാലാവധി അവസാനിക്കുന്നത്. സാമ്പത്തിക സമ്മർദ്ദങ്ങൾ മൂലം മദ്ധ്യവരുമാന ഗ്രൂപ്പുകൾക്കുള്ള സബ്‌സിഡി സർക്കാർ നിർത്തി വെച്ചിരുന്നു.
2022 ഓടെ എല്ലാവർക്കും ഭവനം എന്ന പദ്ധതിക്ക് കീഴിൽ രണ്ട് മുതൽ മൂന്ന് ലക്ഷം വരെയാണ് ഗ്രാന്റ് നൽകിയിരുന്നത്. മദ്ധ്യവരുമാന ഗ്രൂപ്പുകൾക്കുള്ള സബ്‌സിഡി സർക്കാർ നിർത്തലാക്കി കഴിഞ്ഞെന്നും ഇഡ്‌ള്യൂഎസ്, എൽഐജി എന്നിവരുടെ സബ്‌സിഡി അവസാനിക്കുന്നതിന്റെ വക്കിലാണെന്നുമാണ് ഹൗസിങ്ങ് ലോൺ കമ്പനി അറിയിച്ചരിക്കുന്നത്.
പാവപ്പെട്ട ജനവിഭാഗത്തിന് ഭവന നിർമാണത്തിനായി ഏറെ പ്രധാനമാണ് ഇത്തരം ലോണുകളെന്നും ആയതിലാൽ ജനങ്ങളുടെ പ്രതിനിധിയായി സബ്‌സിഡി നീട്ടിവയ്ക്കണമെന്നും മദ്ധ്യവരുമാന ഗ്രൂപ്പുകൾക്കുള്ള സബ്‌സിഡി പുനരാരംഭിക്കണമെന്നും സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും ഒരു ഹൗസിംഗ് ലോൺ കമ്പനി സിഇഒ അറിയിച്ചു. 2015 ലാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ആരംഭിച്ചത്. 2022 ഓടെ നിർധനരായ ജനങ്ങൾക്ക് വീട് എന്ന സ്വപ്നം സഫലമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഇഡ്‌ള്യൂഎസ് വിഭാഗത്തിന് ആറ് ലക്ഷവും എംഐജി വിഭാഗത്തിന് പന്ത്രണ്ട് ലക്ഷം രൂപയുമാണ് പദ്ധതിയിലൂടെ പരമാവധി വായ്പയായി നൽകിയിരുന്നത്. വാർഷിക വരുമാനം മൂന്ന് മുതൽ പതിനെട്ട് ലക്ഷം വരെയുള്ള കുടുംബങ്ങൾക്കും പദ്ധതിയ്ക്ക് കീഴിൽ സബ്‌സ്ഡിയ്ക്കായി അപേക്ഷ നൽകാം.
പദ്ധതിക്ക് കീഴിലുള്ള പരമാവധി അർഹമായ സബ്സിഡി 2.30 ലക്ഷം രൂപ മുതൽ 2.70 ലക്ഷം രൂപ വരെയാണ്. മൊത്തം 7.52 ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്ന സബ്‌സിഡിയെന്നാണ് പിഎംഎവൈ പോർട്ടലിൽ ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നത്. പദ്ധതിയ്ക്ക് കീഴിൽ 5.2 മില്യൺ വീടുകൾ പൂർത്തിയാക്കുകയും 11.4 മില്യൺ വീടുകളുടെ നിർമാണത്തിന് അനുമതി നൽകുകയും ചെയ്തു.

