വായുമലിനീകരണം; ഡൽഹിയിൽ നവംബർ 15 മുതൽ സ്‌കൂളുകൾക്ക് അവധി, നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കും

ന്യൂഡൽഹി: ഡൽഹിയിൽ നവംബർ 15 മുതൽ സ്‌കൂളുകൾക്ക് അവധി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. ഡൽഹിയിൽ വായു മലിനീകരണ തോത് വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നവംബർ 14 മുതൽ 17 വരെ ഡൽഹിയിലുടനീളമുള്ള നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വായുമലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത ആഴ്ച 100 ശതമാനം സർക്കാർ ജീവനക്കാരും വീടുകളിലിരുന്ന് ജോലി ചെയ്യണമെന്നാണ് നിർദ്ദേശം. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരോട് വർക്ക് ഫ്രം ഹോമിൽ പോകാൻ നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ഉന്നതതല അടിയന്തര യോഗം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. മലിനീകരണ സാഹചര്യം മോശമായാൽ ഡൽഹിയിൽ സമ്പൂർണ ലോക്ഡൗൺ സംബന്ധിച്ച് സുപ്രീം കോടതി ഒരു നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ തങ്ങൾ ഒരു പദ്ധതി തയ്യാറാക്കുകയാണെന്നും അത് കേന്ദ്രവുമായും ബന്ധപ്പെട്ട ഏജൻസികളുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സംഭവിച്ചാൽ നിർമാണ പ്രവർത്തനങ്ങളും വാഹനഗതാഗതവും നിർത്തിവെക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഡൽഹിയിലെ വായുമലിനീകരണത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ദീർഘകാല അടിസ്ഥാനത്തിൽ നടപടി വേണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ഡൽഹിയിൽ ലോക്ക്ഡൗൺ വേണ്ടിവരുമോയെന്നും സുപ്രിംകോടതി ചോദിച്ചു. അന്തരീക്ഷ മലിനീകരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും വിഷയത്തിൽ രാഷ്ട്രീയ താത്പര്യങ്ങൾ ഇല്ലാത്ത നടപടിയാണ് വേണ്ടതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എ.ക്യു.ഐ 800 ന് അടുത്തെത്തിയിരിക്കുകയാണ് രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക. നഗരത്തിൽ പുകമഞ്ഞ് രൂക്ഷമായതോടെ കാഴ്ചയുടെ ദൂരപരിധി കുറഞ്ഞുവെന്നും ഒക്ടോബർ 24 മുതൽ ഈ മാസം 8 വരെയുള്ള കാലയളവിൽ ഉണ്ടായ വാഹനപുകയാണ് അതി രൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് അറിയിച്ചു.

വിഷപ്പുക വർധിക്കുന്നതിനാൽ സർക്കാർ-സ്വകാര്യ ഓഫിസുകളിൽ ഉള്ളവർ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം 30 ശതമാനമായി കുറയ്ക്കണമെന്നും വാഹനങ്ങൾക്ക് ഒറ്റ ഇരട്ടയക്ക നിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഡൽഹി സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം.