General (Page 1,325)

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള ചെപ്പടിവിദ്യയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇതുവരെ ഇതേക്കുറിച്ച് ഒന്നും പറയാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പെട്ടെന്ന് എന്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് പ്രയിങ്കാ ഗാന്ധി ചോദിക്കുന്നത്.

കർഷകരുടെ സത്യഗ്രഹത്തിനു മുന്നിൽ ധാർഷ്ട്യം കീഴടക്കപ്പെട്ടുവെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. അന്യായത്തിനെതിരെയുള്ള ഈ ജയത്തിന് അഭിവാദ്യങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച വിവരം അറിയിച്ചത്. കർഷർ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അടുത്ത പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്. കർഷകരെ സഹായിക്കാൻ ആത്മാർഥതയോടെയാണ് നിയമങ്ങൾ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കർഷകരുടെ നൻമയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ ചില കർഷകർക്ക് അത് മനസിലാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: കനത്ത സാമ്പത്തിക നഷ്ടത്തിലേക്ക് നീങ്ങി വാട്ടർ അതോറിറ്റി. നിലവിൽ വാട്ടർ അതോറിറ്റിയുടെ നഷ്ടം 594 കോടി കവിഞ്ഞു. 2194 കോടിയാണ് പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശിക. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നീളുന്നതാണ് മറ്റൊരു ആശങ്ക. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം.

594.1 കോടിയാണ് 2020 -21 സാമ്പത്തിക വർഷത്തിൽ വാട്ടർ അതോറിറ്റിയുടെ നഷ്ടം. നിലവിലെ താരിഫ് അനുസരിച്ച് 1,000 ലിറ്റർ കുടിവെള്ളം ഉപഭോക്താവിന് നൽകുമ്പോൾ വാട്ടർ അതോറിറ്റിക്ക് 13.41 രൂപ നഷ്ടം ഉണ്ടാകുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2194.27 കോടിയാണ് വാട്ടർ ചാർജിനത്തിൽ പിരിഞ്ഞുകിട്ടാനുള്ളത്. ഇതിൽ 422.36 കോടി സർക്കാർ വകുപ്പുകൾ നൽകാനുള്ളതാണ്. കേരള പൊലീസ് 40 കോടിയും വിദ്യാഭ്യാസ വകുപ്പ് 74 കോടിയും ആരോഗ്യവകുപ്പ് 154 കോടിയും കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

സർക്കാരിൽ നിന്ന് ലഭിക്കുന്ന പദ്ധതിയേതര ഗ്രാന്റാണ് വാട്ടർ അതോറിറ്റിയുടെ കമ്മി നികത്തുന്നത്. ഇതിൽ കുറവ് വരുന്നതും പ്രതിസന്ധി വർധിക്കാൻ കാരണമാകുന്നു. ശമ്പള പരിഷ്‌കരണ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലായിട്ട് ആറ് മാസം പിന്നിട്ടു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ശമ്പള പരിഷ്‌കരണം എങ്ങനെ നടപ്പാക്കുമെന്നാണ് ധനവകുപ്പ് ചോദിക്കുന്നത്. അതേസമയം സർക്കാർ വകുപ്പുകൾ ഉൾപ്പെടെ കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാ സ്ഥാപനങ്ങൾക്കും വാട്ടർ അതോറിറ്റി നോട്ടീസ് നൽകി. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം കുടിശ്ശിക അടയ്ക്കാൻ സന്നദ്ധമാകുന്ന വകുപ്പുകൾക്ക് അതിനുള്ള സൗകര്യം ഒരുക്കമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

ന്യൂഡൽഹി: വ്യോമയാന രംഗത്ത് പുതിയ ചുവടുവെയ്പ്പുമായി ടാറ്റാ ഗ്രൂപ്പ്. എയർ ഏഷ്യ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ലയിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ടാറ്റ് ഗ്രൂപ്പ് നടത്തുന്നത്. നിലവിൽ എയർ ഏഷ്യ ഇന്ത്യ സാമ്പത്തിക നഷ്ടത്തിലാണ്. ലാഭത്തിലുള്ള എയർ ഇന്ത്യാ എക്സ്പ്രസുമായി ഒന്നിക്കുമ്പോൾ നഷ്ടങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് ടാറ്റയുടെ കണക്കുകൂട്ടൽ.

എയർ ഇന്ത്യയുടെ കൈമാറ്റം പൂർത്തിയായ ശേഷമായിരിക്കും ലയന നടപടികൾ ആരംഭിക്കുകയെന്നാണ് വിവരം. നിലവിൽ വർഷം 1,532 കോടി രൂപ നഷ്ടത്തിലാണ് എയർ ഏഷ്യ ഇന്ത്യ. ബംഗളൂരു ആസ്ഥാനമാക്കിയാണ് എയർ ഇന്ത്യാ ഏഷ്യാ കമ്പനി പ്രവർത്തിക്കുന്നത്. രാജ്യത്തെ നാലാമത്തെ വലിയ വ്യോമയാന സ്ഥാപനം കൂടിയാണിത്. എയർ ഇന്ത്യയുടെ ഉപവിഭാഗമായ എയർ ഇന്ത്യാ എക്സ്പ്രസ് മിഡിൽ ഈസ്റ്റിലേയ്ക്കും ദക്ഷിണ ഏഷ്യൻ മേഖലയും ഉൾപ്പെടെ പ്രതിവാരം 649 സർവീസുകളാണ് നടത്തുന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ വർഷം 500 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്.

കൊച്ചി: മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ സംസ്ഥാന പോലീസ് അന്വേഷണം നടത്തുന്നത് എത്രമാത്രം ഉചിതമാകുമെന്ന ചോദ്യവുമായി ഹൈക്കോടതി. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആരോപണവിധേയരായ കേസായതിനാലാണ് കോടതി ഇക്കാര്യം ചോദിച്ചത്. കേസ് സി.ബി.ഐ. അന്വേഷിക്കേണ്ടതുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു.

ഡി.ജി.പി.യും എ.ഡി.ജി.പിയും ഐ.ജിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസാണിത്. മോൻസൺ ആവശ്യപ്പെട്ടപ്പോൾ തന്നെ അയാൾക്ക് പോലീസ് സംരക്ഷണം നൽകുകയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും ഇടപാടുകൾ നടന്നിട്ടുണ്ട്. അതിനാൽ കേസ് സി.ബി.ഐ അന്വേഷിക്കുന്നതാകും ഉചിതമെന്നാണ് കോടതിയുടെ നീരീക്ഷണം.തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിനെ സംബന്ധിച്ചുള്ള റിപ്പോർട്ട് ഡിസംബർ ഒന്നിന് മുമ്പായി സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി.

പുരാവസ്തു തട്ടിപ്പ് കേസിൽ സി.ബി.ഐ. അന്വേഷണമാകും നല്ലതെന്നായിരുന്നു കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നത്. ബംഗാളിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസ് അന്വേഷിക്കുന്നത് സി.ബി.ഐ ആണ്. ഇ.ഡി.ക്ക് കള്ളപ്പണ ഇടപാടുകൾ മാത്രമേ അന്വേഷിക്കാനാകൂവെന്നും അതിനാൽ കോടതിയുടെ സംശയങ്ങൾ പരിഹരിക്കാൻ സി.ബി.ഐ. അന്വേഷണമാണ് നല്ലതെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി. എന്നാൽ സി.ബി.ഐ. അന്വേഷണം വേണോയെന്ന ചോദ്യത്തെ സംസ്ഥാന സർക്കാർ എതിർത്തു. കേസിൽ പോലീസിന് അന്വേഷണം നടത്താൻ കഴിയുമെന്നും വിദേശ ബന്ധങ്ങളടക്കം അന്വേഷിക്കാൻ പോലീസിന് അധികാരമുണ്ടെന്നുമായിരുന്നും സംസ്ഥാന സർക്കാർ കോടതിയിൽ വിശദമാക്കി.

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളലുകളില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച് തമിഴ്‌നാട്. ഭൂചലനങ്ങൾ കാരണം അണക്കെട്ടിന് വിള്ളലുകൾ ഉണ്ടായിട്ടില്ലെന്നും അണക്കെട്ടിന്റെ അന്തിമ റൂൾ കെർവ് തയ്യാറായിട്ടില്ലെന്ന കേരളത്തിന്റെ വാദം തെറ്റാണെന്നും തമിഴ്‌നാട് സുപ്രീം കോടതിയിൽ വ്യക്തമാക്കി. തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാർ അണക്കെട്ടിനെ ചൊല്ലി കേരളം ഉയർത്തുന്നത് അനാവശ്യ ആശങ്കയാണെന്നായിരുന്നു തമിഴ്‌നാട് സർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. അണക്കെട്ടിന് ബലക്ഷയമില്ലെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്. 2006 ലും 2014 ലും അത് സുപ്രീം കോടതി തന്നെ അംഗീകരിച്ചതാണ്. അതിനാൽ 142 അടിയായി ജലനിരപ്പ് ഉയർത്താൻ അനുവദിക്കണ ആവശ്യവും തമിഴ്‌നാട് ഉന്നയിച്ചിരുന്നു. ബേബി അണക്കെട്ട് ബലപ്പെടുത്താനും അതിനായി മരം മുറിക്കാനും നൽകിയ അനുമതി കേരളം റദ്ദാക്കി. ഇത് കേരളത്തിന്റെ ഇരട്ടത്താപ്പാണെന്നും ഏഴ് കൊല്ലമായി ബേബി അണക്കട്ട് ബലപ്പെടുത്തൽ കേരളം തടസ്സപ്പെടുത്തുകയാണന്നും തമിഴ്‌നാട് സർക്കാർ കോടതിയോട് വിശദമാക്കിയിരുന്നു.

പിന്നീട് കേസ് കോടതി നവംബർ 22 ലേക്ക് മാറ്റി. തമിഴ്‌നാടിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സമയം നൽകണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. അതുവരെ ഒക്ടോബർ 28 ലെ ഉത്തരവ് അനുസരിച്ചുള്ള ഇടക്കാല സംവിധാനം തുടരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അണക്കെട്ടിലെ ചോർച്ചയെ കുറിച്ചുള്ള കണക്കുകൾ വെളിപ്പെടുത്താൻ തമിഴ്‌നാടിനോട് ആവശ്യപ്പെടണമെന്ന പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്‌മെൻറിന്റെ ആവശ്യം പരിശോധിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. അതേസമയം ഇത്തരം ഹർജികൾ സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രചരണത്തിന് വേണ്ടിയാണെന്നും ഒന്നിനുപുറകെ ഒന്നായി ഹർജികൾ നൽകി ഉപദ്രവിക്കുകയാണെന്നുമായിരുന്നു തമിഴ്‌നാടിന്റെ വാദം. ഈ വാദത്തോട് വിയോജിച്ച കോടതി പുതിയ വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തേണ്ടിവരുമെന്നും പറഞ്ഞിരുന്നു.

തിരുവനന്തപുരം: മുതിർന്ന നടി കെ.പി.എ.സി ലളിതയ്ക്ക് ചികിത്സാ സഹായം നൽകുന്നതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി മന്ത്രി വി അബ്ദുറഹ്മാൻ. കെപിഎസി ലളിതയ്ക്ക് സഹായം അനുവദിക്കുന്നത് അവർ ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് അദ്ദേഹം വിശദമാക്കി.

കലാകാരന്മാർ കേരളത്തിന് മുതൽകൂട്ടാണ്. അവരെ കൈയ്യൊഴിയാൻ സാധിക്കില്ല. കലാകാരി എന്ന നിലയ്ക്കാണ് സർക്കാർ സഹായം നൽകാൻ തീരുമാനിച്ചത്. ചികിത്സാ ആനുകൂല്യം ആവശ്യപ്പെട്ടവർക്കെല്ലാം സർക്കാർ കൊടുത്തിട്ടുണ്ട്. ആരേയും സർക്കാർ തഴഞ്ഞിട്ടില്ല. തന്റെ മണ്ഡലത്തിൽ മാത്രം രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് സഹായം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എ.സി ലളിതയ്ക്ക് സഹായം അനുവദിച്ചതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുടെ ആവശ്യമില്ല. കെ.പി.എ.സി ലളിതയ്ക്ക് സ്വത്തുക്കൾ ഇല്ല. ചികിത്സ നടത്താനുള്ള മാർഗമൊന്നും അവർക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുന്നത് സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസമാണ് സർക്കാർ സ്വീകരിച്ചത്. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെപിഎസി ലളിത. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ പിങ്ക് പോലീസ് മാനസികമായി പീഡിപ്പിച്ച സംഭവം ഗൗരവമായി എടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. പോലീസുദ്യോഗസ്ഥക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന ചെയ്യാത്ത തെറ്റിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും, തന്റെ അച്ഛന്റെ വസ്ത്രം അഴിച്ചും പരിശോധന നടത്തിയെന്നും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. പിന്നീട് ഉദ്യോഗസ്ഥയുടെ ഹാന്‍ഡ്ബാഗില്‍ നിന്ന് തന്നെ മൊബൈല്‍ കണ്ടെത്തുകയും പോലീസിന്റെ പീഡനം കാരണം തങ്ങള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. കുറ്റക്കാരിയായ ഉദ്യോഗസ്ഥയെ പോലീസും സര്‍ക്കാരും സംരക്ഷിക്കുകയാണ് നടപടി സ്വീകരിച്ചില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും പെണ്‍കുട്ടി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

മൂന്ന് മാസം മുമ്പാണ് ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ എട്ടുവയസ്സുകാരിയേയും അച്ഛന്‍ ജയചന്ദ്രനേയും പരസ്യ വിചാരണ നടത്തിയത്. എന്നാല്‍, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. കൂടാതെ നല്ല നടപ്പ് പരിശീലനത്തില്‍ രജിതക്കെതിരായ നടപടി ഒതുക്കി തീര്‍ക്കുകയും ചെയ്തു.

വാഷിംഗ്ടൺ: ലോകത്ത് പറക്കും കാറുകൾ യാഥാർത്ഥ്യമാകുന്നു. സാങ്കൽപ്പിക കഥകളിൽ നിറഞ്ഞു നിന്നിരുന്ന പറക്കും കാറുകൾ പുറത്തിറക്കുമെന്ന് ഫ്ളോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുഫ്റ്റ്കാർ കമ്പനിയാണ് അറിയിച്ചിരിക്കുന്നത്. 2023 ഓടെ തങ്ങൾ പറക്കുന്ന വാഹനങ്ങൾ പുറത്തിറക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. പല കമ്പനികളും പറക്കുന്ന വാഹനങ്ങൾ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിനിടെയിലാണ് ഇത്തരമൊരു വാർത്തയുമായി ലുഫ്റ്റ്കാർ രംഗത്തെത്തിയിരിക്കുന്നത്.

ലുഫ്റ്റ്കാർ കമ്പനി പുറത്തിറക്കുന്ന വാഹനം ഒരു ഫ്‌ളയിംഗ് മൊഡ്യൂളിൽ ഘടിപ്പിക്കാൻ സാധിക്കും. ആറ് പ്രൊപ്പല്ലറുകൾ ഇതിനുണ്ടായിരിക്കും. മണിക്കൂറിൽ 220 മൈൽ (350 കിലോമീറ്റർ) വേഗത കൈവരിക്കാൻ ഈ കാറുകൾക്ക് കഴിയുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഏകദേശം 4,000 അടി ഉയരത്തിൽ എത്താനും കാറുകൾക്ക് കഴിവുണ്ട്. ഒറ്റയടിക്ക് 150 മൈൽ (240കിലോമീറ്റർ) ചുറ്റി സഞ്ചരിക്കാനുള്ള കഴിവും കാറുകൾക്കുണ്ടെന്നും കമ്പനി അവകാശവാദമുന്നയിക്കുന്നുണ്ട്.

അഞ്ച് സീറ്റുകളായിരിക്കും പറക്കും കാറുകൾക്ക് ഉണ്ടാകുക. ഹൈഡ്രജൻ ഉപയോഗിച്ചാകും കാറിന്റെ പ്രവർത്തനം. 3.5 ലക്ഷം ഡോളറായിരിക്കും കാറിന്റെ വിലയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രാഥമികമായി വൻകിട കോർപ്പറേഷനുകൾക്കും, അത്യാവശ്യ യാത്രകൾ ചെയ്യേണ്ടി വരുന്ന സമ്പന്നർക്കും വേണ്ടിയായിരിക്കും കാർ പുറത്തിറക്കുന്നത്. ഭാവിയിൽ നഗരങ്ങളിൽ പറക്കും കാറുകൾ സജ്ജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലുഫ്റ്റ്കാറിന്റെ സ്ഥാപകനും സിഇഒയുമായ ശാന്ത് സത്യ പറഞ്ഞു. അതിനാൽ ജനങ്ങൾക്ക് തിരക്കേറിയ നഗരത്തിൽ താമസിക്കേണ്ടതില്ലെന്നും, ദൂരസ്ഥലങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ വംശജനായ ശാന്ത് സത്യയാണ് ലുഫ്റ്റ് കാറിന്റെ സ്ഥാപകൻ. അണ്ണാ യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയാണ് സത്യ. സീമെൻസ്, ജോൺസൺ കൺട്രോൾസ്, ബോയിംഗ് തുടങ്ങിയ വിവിധ കമ്പനികളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ ഇ സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ രണ്ട് സംരംഭങ്ങൾക്ക് ഗവേർണസ് നൗവിന്റെ നാലാമത് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡ് ലഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മാനേജ്മെന്റിൽ ടെലിമെഡിസിൻ സേവനങ്ങൾ നൂതനമായി അവതരിപ്പിച്ചതിനും കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി കാസ്പ് പദ്ധതിയുടെ ഓൺലൈൻ പ്ലാറ്റഫോമായ ട്രാൻസാക്ഷൻ മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചതിനുമാണ് അവാർഡ് ലഭിച്ചത്. നാലാമത് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സമ്മിറ്റിൽ വച്ച് അവാർഡ് സമ്മാനിച്ചുവെന്ന് വീണാ ജോർജ് വ്യക്തമാക്കി.

കോവിഡ് കാലത്ത് കേരളം നടത്തിയ മികച്ച ഇ സഞ്ജീവനി ടെലി മെഡിസിൻ സേവനങ്ങൾക്കുള്ള അംഗീകാരമാണ് ഈ അവാർഡെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോവിഡ് കാലത്ത് ആശുപത്രി തിരക്ക് കുറയ്ക്കുന്നതിനും ജനങ്ങൾക്ക് മികച്ച ചികിത്സയും തുടർ ചികിത്സയും നൽകാനായി. ഇതുവരെ 2.9 ലക്ഷം പേർക്കാണ് ഇ സഞ്ജീവനി വഴി ചികിത്സ നൽകിയത്. 47 സ്പെഷ്യാലിറ്റി ഒ.പികളാണ് ഇ സഞ്ജീവനിയിലുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്പെഷ്യാലിറ്റി ഒപികൾ ഉള്ളത് കേരളത്തിലാണ്. സംസ്ഥാനത്ത് മാത്രമാണ് കോവിഡ് ഒ.പി 24 മണിക്കൂറും പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കാരുണ്യ ബനവലന്റ് ഫണ്ട് കാസ്പിന്റെ ട്രാൻസാക്ഷൻ മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചതിലൂടെ കാസ്പ് പദ്ധതിയുടെ ചികിത്സ ലഭ്യമാകുന്നതാണ്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ എംപാനൽ ആയിട്ടുള്ള എല്ലാ ആശുപത്രികളിൽ നിന്നും ഈ പദ്ധതിയിൽ ലഭ്യമായിട്ടുള്ള എല്ലാ ചികിത്സ സൗകര്യങ്ങളും ബനവലന്റ് ഫണ്ട് പദ്ധതിയിലും ലഭ്യമാക്കിയിട്ടുണ്ട്. 10,000 ഓളം ഗുണഭോക്താക്കൾക്ക് 64 കോടി രൂപയുടെ ചികിത്സ സഹായം ബനവലന്റ് ഫണ്ട് പദ്ധതിയിലൂടെ നൽകാൻ ഈ സംയോജനം വഴി സാധിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.

അമരാവതി: ആന്ധ്രാപ്രദേശിലുണ്ടായ കനത്ത മഴയില്‍ നൂറുകണക്കിന് ഭക്തര്‍ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ശക്തമായ മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ക്ഷേത്രം അടച്ചതായി തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ അറിയിച്ചു. ക്ഷേത്ര ദര്‍ശനത്തിനെത്തിയ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയിരിക്കുകയാണ്. തീര്‍ത്ഥാടകര്‍ക്ക് തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ സൗജന്യ ഭക്ഷണവും താമസത്തിനുമുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.

തിരുമലക്കുന്നുകളിലെ പ്രധാന ക്ഷേത്രത്തോട് ചേര്‍ന്നുള്ള നാല് മാട തെരുവുകളും വൈകുണ്ഠം ക്യൂ കോംപ്ലക്സും വെള്ളത്തിനടിയിലായതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ക്ഷേത്ര പരിസരത്ത് കെട്ടിക്കിടക്കുന്ന വെള്ളം പുറത്തേക്ക് കളയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഴയും മണ്ണിടിച്ചിലും കാരണം പ്രധാന പാതകള്‍ എല്ലാം അടച്ചതായി തിരുമല തിരുപ്പതി ദേവസ്ഥാനം ചെയര്‍മാന്‍ വൈ വി സുഭാ റെഡ്ഡി അറിയിച്ചു. രണ്ട് ദിവസത്തേക്ക് പാത അടക്കുമെന്ന് അറിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

മഴയെ തുടര്‍ന്ന്, തിരുപ്പതിയിലേക്കുള്ള ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. തിരുപ്പതി വിമാനത്താവളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. റെനിഗുണ്ട വിമാനത്താവളത്തിലേക്കാണ് ഈ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിട്ടുള്ളത്. ഹൈദരബാദ് തിരുപ്പതി ഇന്‍ഡിഗോ വിമാനം ബെംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടിട്ടുണ്ട്. കാല്‍നടയായി ക്ഷേത്രത്തിലേക്ക് എത്തുന്നതിനുള്ള വഴിയും അടച്ചു. കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ആന്ധ്രാപ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.