തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള ചെപ്പടിവിദ്യ; നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള ചെപ്പടിവിദ്യയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇതുവരെ ഇതേക്കുറിച്ച് ഒന്നും പറയാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പെട്ടെന്ന് എന്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് പ്രയിങ്കാ ഗാന്ധി ചോദിക്കുന്നത്.

കർഷകരുടെ സത്യഗ്രഹത്തിനു മുന്നിൽ ധാർഷ്ട്യം കീഴടക്കപ്പെട്ടുവെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. അന്യായത്തിനെതിരെയുള്ള ഈ ജയത്തിന് അഭിവാദ്യങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച വിവരം അറിയിച്ചത്. കർഷർ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അടുത്ത പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്. കർഷകരെ സഹായിക്കാൻ ആത്മാർഥതയോടെയാണ് നിയമങ്ങൾ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കർഷകരുടെ നൻമയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ ചില കർഷകർക്ക് അത് മനസിലാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.