General (Page 1,324)

ജയ്പൂർ: രാജസ്ഥാനിൽ അശോക് ഗെലോട്ട് മന്ത്രിസഭയിലെ മൂന്ന് മുതിർന്ന മന്ത്രിമാർ സ്ഥാനം രാജിവെച്ചു. പാർട്ടിക്കുള്ളിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഫോർമുലയുടെ ഭാഗമായാണ് നടപടി. സച്ചിൻ പൈലറ്റിന്റെ സമ്മർദ്ദമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഇത് നിരസിച്ച ഹൈക്കമാൻഡ് സച്ചിൻ പൈലറ്റ് അനുഭാവികളെ ഉൾപ്പെടുത്തി മന്ത്രിസഭാ പുനഃസംഘടന നടത്താമെന്ന് സമ്മതിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് മൂന്നു മന്ത്രിമാർ രാജിവെച്ചത്. റവന്യൂ മന്ത്രി ഹരീഷ് ചൗധരി, മെഡിക്കൽ ആരോഗ്യ മന്ത്രി ഡോ.രഘു ശർമ, വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊസ്താര എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്. മന്ത്രിസ്ഥാനം രാജിവെക്കുന്നുവെന്നറിയിച്ച് നേതാക്കൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു.

രാജിവെച്ച മൂന്ന് മന്ത്രിമാർക്കും ഇതിനോടകം പാർട്ടി ചുമതലകൾ നൽകിയിട്ടുണ്ട്. ഗോവിന്ദ് സിംഗ് ദൊസ്താര നിലവിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാണ്. രഘു ശർമയ്ക്ക് ഗുജറാത്തിന്റെ ചുമതലയും ഹരീഷ് ചൗധരിക്ക് പഞ്ചാബിന്റെ ചുമതലയും കോൺഗ്രസ് ഹൈക്കമാൻഡ് നൽകി കഴിഞ്ഞു. കോൺഗ്രസിനുള്ളിൽ കലാപം ശക്തമാകുമെന്ന് വ്യക്തമായതോടെയാണ് സച്ചിന്റെ നിർദേശം അനുസരിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം സച്ചിൻ പൈലറ്റ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.

പാലക്കാട്: പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകകേസ് അന്വേഷിക്കുന്നതിൽ പോലീസിന് ഗുരുതരവീഴ്ച സംഭവിച്ചതായാണ് അദ്ദേഹത്തിന്റെ ആരോപണം.

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പോലീസുകാരൻ ഇതുസംബന്ധിച്ച് അറിയിച്ചിട്ടും ദേശീയപാതയിൽ വാഹനപരിശോധന നടത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റോഡുകൾ ഉൾപ്പെടെ എല്ലായിടത്തും സിസിടിവികൾ ഉണ്ടായിട്ടും അവ പരിശോധിക്കുന്നതിൽ വീഴ്ച്ച പറ്റിയെന്നും സംഭവം നടന്ന് അഞ്ചു ദിവസം കഴിഞ്ഞാണ് വാഹനത്തിന്റെ ഫോട്ടോ പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. സഞ്ജിത്തിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വധഭീഷണിയുണ്ടായിട്ടും അന്വേഷണം നടത്താൻ പോലീസ് തയ്യാറായില്ല. മുമ്പ് സഞ്ജിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ചവരെ നിരീക്ഷിക്കാനോ അവരെ സംബന്ധിച്ച് അന്വേഷിക്കാനോ പോലീസ് തയ്യാറായിട്ടില്ല. സർക്കാർ അനാസ്ഥയാണ് ഇതിന് കാരണമെന്നും സിപിഎമ്മിന്റെ സമ്മർദ്ദമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളെ പിടികൂടുന്നതിൽ പോലീസ് മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെങ്കിൽ അമ്മമാരെ ഉൾപ്പെടെ അണിനിരത്തി സംസ്ഥാനവ്യാപകമായി ജനകീയ പ്രക്ഷോഭം നടത്തുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കണ്ണൂർ: കേന്ദ്ര സർക്കാർ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. രാജ്യത്തെ കർഷകർക്കു മുന്നിൽ നരേന്ദ്ര മോദിയെന്ന ഫാഷിസ്റ്റ് ഭരണാധികാരിക്ക് മുട്ടുമുടക്കേണ്ടി വന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ജില്ലാ കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകരുടെ സമര ഭൂമിയിൽ നിന്ന് നരേന്ദ്ര മോദിയുടെ പതനം ആരംഭിച്ചിരിക്കുകയാണ്. ഇനി അതു രാജ്യമാകെ ആളിപ്പടരുകയാണ്. കർഷകരെ കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള മോദി സർക്കാരിന്റെ അജണ്ടയാണ് ജനാധിപത്യ ശക്തികൾ പൊളിച്ചടുക്കിയതെന്നും പാർലമെന്റിനകത്തും പുറത്തും കർഷകർക്കൊപ്പം നിന്ന് കോൺഗ്രസ് ശക്തമായ പോരാട്ടമാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയും വരാൻ പോകുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള പിൻവാങ്ങലുമാണിത്. കർഷകരുടെ കരുത്തുറ്റ സമരത്തിന് മുന്നിൽ മുട്ട് മടക്കേണ്ടിവന്ന ഏകാധിപതിയാണ് മോദിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗാന്ധിയൻ മൂല്യങ്ങൾ ഉൾക്കൊണ്ട് സമാധാനപൂർവം നടത്തിയ സമരത്തെ ചോരയിൽ മുക്കി കൊല്ലാൻ ഭരണകൂടം പലതവണ ശ്രമിച്ചുവെന്ന് സുധാകരൻ കുറ്റപ്പെടുത്തി. അപ്പോഴൊക്കെ ആത്മസംയമനം പാലിച്ച കർഷകരുടെ പോരാട്ടത്തിന് സമാനതകളില്ലാത്ത വീര്യമാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ എല്ലാ പ്രവർത്തകരും സജ്ജരാകണം. മോദി സർക്കാരിന്റെയും പിണറായി സർക്കാരിന്റെയും കഴിഞ്ഞ കാല ജനവിരുദ്ധ നടപടികൾ ജനങ്ങളിലെത്തിക്കുവാൻ പ്രാദേശികമായി പൊതുയോഗങ്ങൾ സംഘടിപ്പിച്ചും ജനകീയ പ്രശ്നങ്ങളിൽഇടപെട്ട് ജനവിശ്വാസം ആർജ്ജിക്കണം ഇതിനായിരിക്കണം പ്രവർത്തകർ പ്രാമുഖ്യം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ നിർത്തലാക്കിയ റിസർവേഷനില്ലാത്ത ജനറൽ കോച്ചുകൾ പുന:സ്ഥാപിക്കാൻ തീരുമാനിച്ച് ദക്ഷിണ റെയിൽവെ. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ പത്തോളം ട്രെയിനുകളിലാണ് ഇത്തരത്തിൽ റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിക്കുന്നത്. സീസൺ ടിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യുന്ന സ്ഥിരം യാത്രക്കാർക്ക് വളരെ പ്രയോജനപ്രദമായ തീരുമാനമാണിതെന്നാണ് റെയിൽവേ അധികൃതരുടെ വിലയിരുത്തൽ.

പരശുറാം, ഏറനാട്, പാലരുവി, താംബരം-നാഗർകോവിൽ അന്ത്യോദയ ഉൾപ്പടെ എക്സ്പ്രസുകളിൽ ഈ മാസം 25 മുതലാണ് ജനറൽ കോച്ച് പുന:സ്ഥാപിക്കുന്നതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. മംഗളൂരു-നാഗർകോവിൽ പരശുറാം, മംഗളൂരു-നാഗർകോവിൽ ഏറനാട്, മംഗളൂരു-കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസുകളിൽ ആറ് വീതം ജനറൽ കോച്ചുകളും തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ്, മധുര-പുനലൂർ എക്സ്പ്രസ് എന്നിവയിൽ നാല് വീതവും ജനറൽ കോച്ചുകളുണ്ടാകും.

കൊച്ചി: ശബരിമല ദർശനത്തിന് കൂടുതൽ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിൽ നിലപാടറിയിക്കണമെന്ന് സർക്കാരിനും ദേവസ്വം ബോർഡിനും നിർദേശം നൽകി ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലും കേന്ദ്രങ്ങൾ ആരംഭിക്കാൻ കഴിയുമോ എന്നറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ ചൊവ്വാഴ്ച്ചക്കുള്ളിൽ നിലപാട് വ്യക്തമാക്കണമെന്നാണ് നിർദ്ദേശം.

വെർച്വൽ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്യാൻ കഴിയാത്ത അയ്യപ്പഭക്തർക്ക് ദർശനം ഉറപ്പാക്കലാണ് സ്പോട്ട് ബുക്കിങിന്റെ ലക്ഷ്യമെന്ന് കോടതി അറിയിച്ചു. വെർച്വൽ ക്യൂവിന്റെ നിയന്ത്രണം ദേവസ്വം ബോർഡിനെ ഏൽപ്പിക്കണമെന്ന സ്പെഷ്യൽ കമീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ദർശനം നടത്തിയ അയ്യപ്പഭക്തരുടെ കണക്കുകൾ കോടതി പരിശോധിക്കുകയും ചെയ്തിരുന്നു. 16 മുതൽ 18 വരെ വെർച്വൽ ക്യൂ വഴി 31,385 പേർ ബുക്ക് ചെയ്തിൽ 21,897 പേർ മാത്രമാണ് ദർശനം നടത്തിയെന്നും വ്യാഴാഴ്ച 18 പേർ സ്പോട്ട് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തിയെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകണമെന്ന നിർദ്ദേശവും കോടതി ദേവസ്വം ബോർഡിന് നൽകി.

dog

ലണ്ടൻ: ഉടമസ്ഥരിൽ നിന്നും വേർപ്പെട്ട് തെരുവിൽ അലഞ്ഞു നടക്കുന്ന വളർത്തുനായ്ക്കളെ പലപ്പോഴും നമ്മൾ കാണാറുണ്ട്. സാധാരണ തെരവുകളില്ലെല്ലാം അലഞ്ഞു നടക്കുന്ന നായ്ക്കളെ പോലെ പുറംലോകത്തെ തിരക്കും വാഹനങ്ങളും ഒന്നും അതിജീവിക്കാൻ ഇത്തരം വളർത്തു നായ്ക്കൾക്ക് കഴിയാറില്ല. ഉടമസ്ഥന്റെ അടുത്തേക്കോ വീട്ടിലേക്കോ മടങ്ങാൻ കഴിയാതെ തെരുവിൽ തന്നെ അലഞ്ഞുതിരിഞ്ഞ് നടക്കേണ്ട അവസ്ഥയാണ് ഇത്തരം നായകൾക്കുണ്ടാകുന്നത്. ഇവയുടെ ഉടമസ്ഥരാകട്ടെ ഇവ എവിടെ പോയെന്ന് അറിയാതെ അന്വേഷിച്ച് മടുത്ത അവസ്ഥയിലായിരിക്കും.

തിരികെ വീട്ടിലേക്ക് മടങ്ങാൻ കഴിയാതെ എന്നാൽ ഇത്തരത്തിൽ ഒറ്റപ്പെട്ടുപോകുന്ന നായ്ക്കൾക്ക് ഈ വിവരം ഉടമയെ ധരിപ്പിക്കാൻ കഴിഞ്ഞാൽ ഈ പ്രതിസന്ധിയ്ക്ക് പരിഹാരമാകും. അതിന് സഹായകമായ ഒരു സംവിധാനം ഒരുക്കിയിരിക്കുകയാണ് ഗവേഷകർ. ബ്രിട്ടനിൽ നിന്നും ഫിൻലൻഡിൽ നിന്നുമുള്ള ഒരു സംഘം ഗവേഷകരാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയത്.

വളർത്തുനായയ്ക്ക് താൻ എവിടെയാണെന്ന് ഉടമയ്ക്ക് വിവരം നൽകാൻ സാധിക്കുന്നൊരു ഫോൺ ആണ് ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ‘ഡോഗ്ഫോൺ’എന്നാണ് ഇതിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്. നായയുടെ ദേഹത്ത് തന്നെ ഘടിപ്പിക്കാവുന്നൊരു സംവിധാനമാണിത്. ആവശ്യമായ സന്ദർഭങ്ങളിൽ അതിന് ഈ ഉപകരണത്തിന്റെ സഹായത്തോടെ ഉടമയെ വീഡിയോ കോൾ ചെയ്യാൻ കഴിയും. തങ്ങളുടെ പരീക്ഷണത്തിൽ ഈ ഉപകരണം ഫലപ്രദമായി പ്രവർത്തിച്ചുവെന്നാണ് ഗവേഷകർ പറയുന്നത്. ഇനി ഇതിന്റെ ഗുണങ്ങൾ ആളുകളെ മനസിലാക്കിച്ച്, ഈ ഉപകരണം വ്യാവസായികാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള മാർഗങ്ങൾ അന്വേഷിക്കുകയാണെന്നും ഗവേഷകർ വിശദമാക്കി.

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തി വെച്ച ട്രെയിനുകളിലെ ഭക്ഷണ വിൽപ്പന പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. റെഡി റ്റു ഈറ്റ് ഭക്ഷണവും യാത്രക്കാർക്ക് നൽകുന്നത് തുടരുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. ഭക്ഷണ വിൽപ്പന പുന:രാരംഭിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളടങ്ങിയ കത്ത് റെയിൽവേ ഐആർടിസിക്ക് നൽകി.

അതാത് സംസ്ഥാനങ്ങളിൽ ലഭിക്കുന്ന നാടൻ ഭക്ഷണങ്ങളും മെനുവിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ടിക്കറ്റ് എടുക്കുമ്പോൾ തന്നെ യാത്രക്കാരന് ഭക്ഷണം തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. സമൂസ, പഴം പൊരി തുടങ്ങിയ ലഘുഭക്ഷണപദാർഥങ്ങളല്ലാതെ മറ്റൊരു ഭക്ഷണ സാധനവും ട്രെയിനിൽ വിളമ്പരുതെന്ന നിർദ്ദേശമാണ് റെയിൽവേ മുന്നോട്ട് വെച്ചിരിക്കുന്നത്.

മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ സ്പെഷൽ ടാഗുകൾ ഒഴിവാക്കാൻ കഴിഞ്ഞ ദിവസം റെയിൽവേ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി റെയിൽവേ സ്വീകരിച്ചത്.

കോഴിക്കോട്: സഹകരണ മേഖലയിൽ സമഗ്ര നിയമ നിർമ്മാണം നടപ്പാക്കും. സഹകരണ റജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിൽ സഹകാരികളുടെ പങ്കാളിത്തത്തോടെ ചർച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും സമഗ്ര നിയമ നിർമ്മാണം നടത്തുകയെന്നും സഹകരണ മേഖലയിൽ നിരവധി പദ്ധതികളാണ് ഇതിനോടകം നടപ്പാക്കിയതെന്നും അദ്ദേഹം അറിയിച്ചു.

സഹകരണ മേഖലയിലെ ആശാസ്യകരമല്ലാത്ത പ്രവണതകൾ തടയാൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഫീസിൽ നിന്നും അക്കൗണ്ടന്റ് ജനറൽ വിഭാഗത്തിൽ പെടുന്ന ഉന്നത ഉദ്യോഗസ്ഥന്റെ സേവനം സഹകരണ ഓഡിറ്റിന് ലഭ്യമാക്കും. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഓഡിറ്റ് വിഭാഗമായിരിക്കും ഇനി ഓഡിറ്റിംഗിന് നേതൃത്വം നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ വിദ്യാർഥികൾക്ക് പഠനസാമഗ്രികൾ വാങ്ങാൻ 75 കോടിയിൽപരം രൂപ പലിശ രഹിത വായ്പയായി നൽകി. പദ്ധതി ആരംഭിച്ച് രണ്ട് മാസത്തിനകം തന്നെ 73 .18 കോടി രൂപ നൽകി. കോവിഡ് പ്രതിരോധ സാമഗ്രികൾ ഉത്പ്പാദിപ്പിക്കാനായുള്ള പദ്ധതിയുടെ ഭാഗമായി പത്ത് വനിതാ സഹകരണ സംഘങ്ങൾക്ക് സംരംഭകത്വം തുടങ്ങുന്നതിന് അഞ്ച് ലക്ഷം രൂപ വീതം നൽകുകയും ചെയ്തുവെന്നും അദ്ദേഹം വിശദീകരിച്ചു.

കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തൃശൂർ പഴയന്നൂരിൽ 40 ഫ്‌ളാറ്റുകളുടെ നിർമ്മാണ പ്രവർത്തനം പൂർത്തിയായിട്ടുണ്ട്. ഇവയുടെ കൈമാറ്റത്തിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. വായ്പാ കുടിശ്ശിക അടച്ചു തീർക്കുന്നതിനായി പരമാവധി ഇളവുകൾ നൽകി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ദീർഘിപ്പിച്ചു നൽകുകയും കൂടുതൽ വായ്പക്കാർക്ക് കുടിശിക അടച്ചു തീർക്കാൻ അവസരം ഒരുക്കുകയും ചെയ്തു. ഓഡിറ്റുമായി ബന്ധപ്പെട്ട് കോ ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിംഗ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം വികസിപ്പിച്ചിട്ടുണ്ട്. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള കേരളത്തിലുള്ള മുഴുവൻ സഹകരണ സംഘങ്ങളുടെയും അടിസ്ഥാന വിവരങ്ങളും ഓഡിറ്റ് സംബന്ധിച്ച വിവരങ്ങളും ഇതിലൂടെ ലഭ്യമാകും. ഈ ഓൺലൈൻ സംവിധാനത്തിലൂടെ നിശ്ചിത കാലയളവിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും താലൂക്ക് തിരിച്ചുള്ള വിവരങ്ങൾ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

ക്ഷീരകർഷക സംഘ മേഖലയിലും പരിഷ്‌ക്കരണ നടപടി ആരംഭിക്കും. യഥാർഥ ക്ഷീരകർഷകർക്ക് മാത്രമെ ഇനി അംഗത്വം ഉണ്ടാവുകയുള്ളു. സ്ത്രീകൾക്ക് കൂടുതൽ മുൻഗണനയും പ്രധാന്യവും ഈ മേഖലയിൽ നൽകും. കേരള ബാങ്ക് ലാഭകരമായിട്ടാണ് മുന്നോട്ടു പോകുന്നത് ജനതാൽപര്യമനുസരിച്ചാണ് കേരള ബാങ്ക് പ്രവർത്തിക്കുന്നത് സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമം ജനങ്ങളെ അണിനിരത്തിയും, നിയമപരമായും നേരിടും. സഹകരണ മേഖലയിലെ അഴിമതി തടയാൻ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഇന്ത്യൻ വാക്‌സിനുകൾക്ക് അംഗീകാരം നൽകി വിദേശരാജ്യങ്ങൾ. നൂറ്റിപ്പത്ത് രാജ്യങ്ങളാണ് ഇന്ത്യൻ വാക്‌സിന് അംഗീകാരം നൽകിയത്. കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരത്തിന് പുതിയ നിർദ്ദേശം സർക്കാർ പുറത്തിറക്കിയതോടെയാണ് കൂടുതൽ രാജ്യങ്ങൾ ഇന്ത്യൻ വാക്‌സിന് അംഗീകാരം നൽകിയത്. ഇന്ത്യക്കാർക്ക് വിദ്യാഭ്യാസം, ബിസിനസ്, വിനോദ സഞ്ചാരം തുടങ്ങിയ ആവശ്യങ്ങൾക്കായി വിദേശത്തേയ്ക്ക് കൂടുതൽ നിയന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യാനുള്ള അവസരമാണ് ഇതോടെ തുറന്നു കിട്ടിയിരിക്കുന്നത്.

പൂർണമായും വാക്‌സിനേഷൻ എടുത്ത യാത്രക്കാരുടെ ഇന്ത്യൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൂറ്റിപ്പത്ത് രാജ്യങ്ങൾ അംഗീകാരം നൽകിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കുന്നതിന് ഇന്ത്യയുമായി കരാറുള്ള രാജ്യങ്ങളും, നിലവിൽ കരാറിൽ ഏർപ്പെടാത്ത രാജ്യങ്ങളും നൂറ്റിപ്പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ഈ രാജ്യങ്ങളിൽ പൂർണമായും വാക്‌സിനെടുത്ത് ചെല്ലുന്ന യാത്രികർക്ക് ക്വാറന്റൈൻ രഹിത പ്രവേശനത്തിനായുള്ള ഇളവുകൾ ലഭിക്കുന്നതാണ്.

ഇന്ത്യൻ വാക്‌സിനുകൾക്ക് അംഗീകാരം നൽകിയ രാജ്യങ്ങൾ:

അൽബേനിയ
അൻഡോറ
അംഗോള
ആന്റിഗ്വ & ബാർബുഡ
അർജന്റീന
അർമേനിയ
ഓസ്ട്രേലിയ
ഓസ്ട്രിയ
അസർബൈജാൻ
ബഹ്റൈൻ
ബംഗ്ലാദേശ്
ബെലാറസ്
ബെൽജിയം
ബെനിൻ
ബോട്‌സ്വാന
ബ്രസീൽ
ബൾഗേറിയ
കാനഡ
ചാഡ്
കൊളംബിയ
കോമൺവെൽത്ത് ഓഫ് ഡൊമിനിക്ക
കൊമോറോസ്
കോസ്റ്റാറിക്ക
ക്രൊയേഷ്യ
ചെക്ക് റിപ്പബ്ലിക്
ഡൊമിനിക്കന് റിപ്പബ്ലിക്ക്
ഈജിപ്ത്
എൽ സാൽവഡോർ
എസ്റ്റോണിയ
ഈശ്വതിനി
ഫിൻലാൻഡ്
ഫ്രാൻസ്
ജോർജിയ
ജർമ്മനി
ഘാന
ഗ്രീസ്
ഗ്വാട്ടിമാല
ഗയാന
ഹെയ്തി
ഹോണ്ടുറാസ്
ഹംഗറി
ഐസ്ലാൻഡ്
ഇറാൻ
അയർലൻഡ്
ഇസ്രായേൽ
ജമൈക്ക
കസാഖ്സ്ഥാൻ
കുവൈറ്റ്
കിർഗിസ് റിപ്പബ്ലിക്
ലെബനൻ
ലിച്ചെൻസ്റ്റീൻ
മലാവി
മാലിദ്വീപ്
മാലി
മൗറീഷ്യസ്
മെക്‌സിക്കോ
മോൾഡോവ
മംഗോളിയ
മോണ്ടിനെഗ്രോ
നമീബിയ
നേപ്പാൾ
നെതർലാൻഡ്‌സ്
നിക്കരാഗ്വ
നൈജീരിയ
ഒമാൻ
പനാമ
പരാഗ്വേ
പെറു
ഫിലിപ്പീൻസ്
പോളണ്ട്
ഖത്തർ
റൊമാനിയ
റഷ്യ
റുവാണ്ട
സാൻ മറിനോ
സെർബിയ
സിയറ ലിയോൺ
സിംഗപ്പൂർ
സ്ലോവാക് റിപ്പബ്ലിക്
സ്ലോവേനിയ
ദക്ഷിണ സുഡാൻ
സ്പെയിൻ
ശ്രീലങ്ക
പലസ്തീൻ സംസ്ഥാനം
സുഡാൻ
സ്വീഡൻ
സ്വിറ്റ്‌സർലൻഡ്
സിറിയ
ബഹാമാസ്
യുണൈറ്റഡ് കിങ്ങ്ഡം
ട്രിനിഡാഡ് & ടൊബാഗോ
ടുണീഷ്യ
ടർക്കി
യു.എ.ഇ
ഉഗാണ്ട
ഉക്രെയ്ൻ
അമേരിക്ക
ഉറുഗ്വേ
സിംബാബ്വെ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ കനത്ത മഴ. ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് 27 പേർ മരിച്ചു. 100 യാത്രക്കാരെ കാണാതാകുകയും ചെയ്തു. കഡപ്പ ജില്ലയിലെ മണ്ടപ്പള്ളിയിലാണ് സംഭവം. ആന്ധ്രപദേശ് റോഡ് ട്രാൻസ് പോർട്ട് കോർപ്പറേഷന്റെ മൂന്ന് ബസുകളാണ് ഒഴുക്കിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്നാണ് ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ ശക്തമായ മഴ അനുഭവപ്പെട്ടത്. ചെയ്യേരു നദിയിൽ ഒഴുക്കിൽപ്പെട്ട 30 പേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. തിരുപ്പതിയിൽ വെള്ളപ്പൊക്കം രൂക്ഷമായതോടെ കേരളത്തിൽ നിന്ന് ഉൾപ്പെടെ എത്തിയ തീർത്ഥാടകർ മേഖലയിൽ കുടുങ്ങിയിരിക്കുകയാണ്. തിരുപ്പതിയിലെ എഴുപത് ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണ്. പ്രസിദ്ധമായ വെങ്കടേശ്വര ക്ഷേത്രം, കപീലേശ്വര ക്ഷേത്രം, ആജ്ഞനേയ ക്ഷേത്രത്തിലും വലിയ വെള്ളക്കെട്ടാണുള്ളത്.

ചന്ദ്രഗിരി ടൗൺ, മധുര നഗർ, നയനഗിരി അടക്കം പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം വെള്ളം കയറി. അതേസമയം തിരുപ്പതിയിലേക്കുള്ള വിമാനങ്ങൾ ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കും വഴി തിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു.