General (Page 1,326)

iffi

തിരുവനന്തപുരം: ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്‌ഐയുടെ പുതിയ എഡിഷൻ ഇത്തവണ വീട്ടിലിരുന്നും കാണാൻ അവസരം. ഡിജിറ്റൽ ഉപകരണങ്ങളിലൂടെ സഹായത്തോടെ വെർച്വൽ മാതൃകകയിൽ വീട്ടിലിരുന്ന് ഐഎഫ്എഫ്‌ഐ കാണാനുള്ള സൗകര്യമാണ് ഇത്തവണ ഒരുങ്ങിയിരിക്കുന്നത്. നവംബർ 20 മുതൽ 28 വരെയാണ് ഗോവയിൽ വെച്ചാണ് 52-ാമത് ഐഎഫ്എഫ്‌ഐ നടക്കുക. https://virtual.iffigoa.org/ എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്.

സാധാരണ ഡെലിഗേറ്റുകൾക്ക് 200 രൂപയാണ് (18 % ജിഎസ്ടി കൂടാതെ) രജിസ്‌ട്രേഷനുള്ള ഫീസ്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്കൊപ്പം ഉദ്ഘാടന, സമാപന ചടങ്ങുകളും മാസ്റ്റർ ക്ലാസ്, ഇൻ കോൺവർസേഷൻ എന്നീ പരിപാടികളും കാണാനുള്ള അവസരം വെർച്വൽ മാതൃകയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കും. ഡെലിഗേറ്റ്, വിദ്യാർഥികൾ, മാദ്ധ്യമപ്രവർത്തകർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വെർച്വൽ രജിസ്‌ട്രേഷൻ നടക്കുന്നത്. വിദ്യാർഥികൾക്കും മാദ്ധ്യമപ്രവർത്തകർക്കും വെർച്വൽ ഫെസ്റ്റിവലിൽ സൗജന്യമായി പങ്കെടുക്കാനുള്ള അവസരമാണുള്ളത്.

ജെയിംസ് ബോണ്ടിനെ തിരശ്ശീലയിൽ അനശ്വരനാക്കിയ നടൻ സീൻ കോണറിക്ക് ആദരം നേർന്നുകൊണ്ടുള്ള പാക്കേജാണ് ഇത്തവണ മേളയുടെ പ്രധാന ആകർഷണം. റഷ്യൻ ചലച്ചിത്രകാരൻ ആന്ദ്രേ കൊഞ്ചലോവ്‌സ്‌കി, ഹംഗേറിയൻ ചലച്ചിത്രകാരൻ ബേല താർ എന്നിവരുടെ റെട്രോസ്‌പെക്റ്റീവുകളും മേളയിലുണ്ടാകും. ഇത്തവണത്തെ ഐഎഫ്എഫ്‌ഐയുടെ ഉദ്ഘാടന ചിത്രം കാർലോസ് സോറ സംവിധാനം ചെയ്ത സ്പാനിഷ് മ്യൂസിക്കൽ ഡ്രാമ ചിത്രം ‘ദ് കിംഗ് ഓഫ് ഓൾ ദ് വേൾഡ്’ ആണ്. നേരത്തേ പ്രഖ്യാപിച്ചിരുന്ന ഇന്ത്യൻ പനോരമ വിഭാഗത്തിൽ രഞ്ജിത്ത് ശങ്കറിന്റെ ജയസൂര്യ ചിത്രം സണ്ണി, ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരം എന്നിവ ഇടം നേടിയിരുന്നു.

കണ്ണൂർ: മേൽവിലാസക്കാരന് കൊടുക്കാതെ രജിസ്റ്റേഡ് കത്ത് പൊട്ടിച്ച് വായിച്ച പോസ്റ്റുമാനും പോസ്റ്റൽ സൂപ്രണ്ടിനുമെതിരെ നടപടിയുമായി ഉപഭോക്തൃ കോടതി. ഒരു ലക്ഷം രൂപയാണ് ഇരുവർക്കും കോടതി പിഴ വിധിച്ചത്. താവക്കരയിലെ ടി വി ശശിധരൻ എന്ന ആർട്ടിസ്റ്റ് ശശികലയാണ് പോസ്റ്റുമാനും പോസ്റ്റൽ സൂപ്രണ്ടിനുമെതിരെ പരാതി നൽകിയത്. ചിറക്കൽ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനായിരുന്ന എം വേണുഗോപാൽ, പോസ്റ്റൽ സൂപ്രണ്ട് കെ ജി ബാലകൃഷ്ണൻ എന്നിവർക്കാണ് കോടതി പിഴ വിധിച്ചത്. 13 വർഷത്തെ നിയമപ്പോരാട്ടത്തിന് ശേഷമാണ് കേസിൽ വിധി വന്നത്.

പുതിയപുരയിൽ ഹംസ എന്ന മേൽവിലാസത്തിൽ 2008 ജൂൺ 30 ന് ശശിധരൻ എഴുതിയ രജിസ്റ്റേഡ് കത്താണ് ഇവർ പൊട്ടിച്ചു വായിച്ചത്. ശേഷം ആള് സ്ഥലത്തില്ലെന്ന് റിമാക്സ് രേഖപ്പെടുത്തി കത്ത് തിരിച്ചയയ്ക്കുകയായിരുന്നു. കരാറുകാരനായ ഹംസക്കുട്ടിയായിരുന്നു ശശിധരന്റെ വീട് നിർമ്മാണ ചുമതല ഏറ്റെടുത്തത്. പണം വാങ്ങിയിട്ടും കൃത്യസമയത്ത് പണി പൂർത്തിയാക്കാത്ത കാര്യം ചോദ്യം ചെയ്താണ് ശശിധരൻ ഹംസയ്ക്ക് കത്തയച്ചത്.

എന്നാൽ കത്ത് പോസ്റ്റുമാനായ വേണുഗോപാൽ വായിച്ചിട്ട് ഹംസക്കുട്ടിയോട് പറഞ്ഞുവെന്നും വീടും പുരയിടവും ഹംസക്കുട്ടി മറിച്ച് വിറ്റത് അതുകൊണ്ടാണെന്നും ശശിധരൻ പരാതിയിൽ ആരോപിക്കുന്നു. ഇരുവർക്കുമെതിരെ ശശിധരൻ പരാതി നൽകിയയോടെ വകുപ്പുതല അന്വേഷണം നടത്തുകയും വേണുഗോപാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, മൂന്ന് മാസത്തിന് ശേഷം വേണുഗോപാലിന് അതേ പോസ്റ്റ് ഓഫിസിൽ നിയമനം നൽകി. തുടർന്നാണ് പരാതിക്കാരൻ ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പിന്നീട് സാങ്കേതിക തടസമുന്നയിച്ച് ജില്ലാ ഉപഭോക്തൃ കോടതി കേസ് തള്ളി. തുടർന്ന് പരാതിക്കാരൻ സംസ്ഥാന കമ്മീഷനം സമീപിക്കുകയായിരുന്നു. പ്രതികൾ 50000 രൂപ രണ്ട് മാസത്തിനകം നൽകണമെന്നാണ് കോടതി ഉത്തരവ്. വൈകിയാൽ എട്ട് ശതമാനം പലിശ നൽകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

modi

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുനാനാക് ജയന്തി ദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനാണ് സർക്കാരിന്റെ തീരുമാനം.

കർഷർ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അടുത്ത പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്. കർഷകരെ സഹായിക്കാൻ ആത്മാർഥതയോടെയാണ് നിയമങ്ങൾ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കർഷകരുടെ നൻമയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ ചില കർഷകർക്ക് അത് മനസിലാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തോട് പ്രധാനമന്ത്രി ക്ഷമ ചോദിക്കുകയും ചെയ്തു. രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർ മടങ്ങി പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമങ്ങളെ എതിർത്ത കർഷകരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. കർഷക ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ കർഷകരുടെ വേദന മനസിലാക്കുന്നു. കർഷകരുടെ പ്രയത്നം നേരിൽകണ്ടയാളാണ് താൻ. രണ്ട് ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കർഷകരും. അവരുടെ ഉന്നമനത്തിന് മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് കേന്ദ്രം ഇത്തരത്തിലൊരു നിർണായക പ്രഖ്യാപനം നടത്തിയതെന്നാണ് വിലയിരുത്തൽ.

ബെയ്ജിംഗ്: അമേരിക്കയെ പിന്നിലാക്കി ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി ചൈന. കഴിഞ്ഞ വർഷം ചൈനയുടെ മൊത്തം സമ്പത്ത് 120 ലക്ഷം കോടി ഡോളറിലെത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2000 ൽ ചൈനയുടെ സമ്പത്ത് വെറും ഏഴ് ലക്ഷം കോടി ഡോളറായിരുന്നു നിലവിൽ ലോക സമ്പത്തിലെ മൂന്നിലൊന്ന് ഭാഗവും ചൈനയുടെ കൈവശമാണെന്ന് സൂറിച്ച് ആസ്ഥാനമായ ആഗോള റിസർച്ച് സ്ഥാപനം മക്കിൻസി ആൻഡ് കമ്പനിയുടെ റിപ്പോർട്ടിൽ വിശദമാക്കുന്നു. ലോക വരുമാനത്തിൽ 60 ശതമാനം പങ്കിടുന്ന ചൈന, യുഎസ്എ, ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി, ജപ്പാൻ, സ്വീഡൻ, മെക്സിക്കോ, കാനഡ, ഓസ്ട്രേലിയ എന്നീ 10 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആഗോള ആസ്തിയിലും വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ആഗോള ആസ്തി 156 ലക്ഷം കോടിയിൽ നിന്ന് 514 ലക്ഷം കോടിയായി ഉയർന്നുവെന്നും പഠനത്തിൽ വിശദമാക്കുന്നു. 1999 ൽ ലോകാരോഗ്യ സംഘടനയിൽ അംഗമായതോടെയാണ് ചൈനയുടെ സാമ്പത്തിക സ്ഥിതി വർധിക്കാൻ ആരംഭിച്ചത്.

അതേസമയം അമേരിക്കയുടെ സമ്പത്ത് 90 ലക്ഷം കോടി ഡോളറാണ്. 20 വർഷത്തിനിടെ അമേരിക്കയ്ക്കും വളർച്ചയുണ്ടായി. ആഗോള ആസ്തിയുടെ 68 ശതമാനവും റിയൽ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപമാണ്. അടിസ്ഥാന സൗകര്യവികസനമാണ് രണ്ടാമത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ വിലക്കയറ്റവും പലിശ നിരക്കിലെ കുറവുമാണ് ആസ്തി വർധിക്കാനുള്ള പ്രധാന കാരണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ന്യൂഡൽഹി: ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം പി ശശി തരൂർ. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് ശശി തരൂർ കങ്കണയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. കങ്കണയുടെ പരാമർശങ്ങൾ വിഡ്ഢിത്തമാണെന്നും കങ്കണ കുറച്ചു കൂടി ചരിത്രം വായിക്കേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കങ്കണ പറയുന്നത് മഹാത്മാഗാന്ധി ബ്രിട്ടീഷുകാരോട് സ്വാതന്ത്ര്യം യാചിച്ചു വാങ്ങി എന്നാണ്. നിങ്ങളുടെ നിയമം അനീതിയാണെന്നും അതിനാൽ താൻ അത് ലംഘിക്കുകയാണെന്നും ബ്രിട്ടിഷുകാരോട് പറഞ്ഞ മഹാത്മാഗാന്ധി സ്വാതന്ത്ര്യം യാചിക്കുകയായിരുന്നുവെന്നാണ് കങ്കണ കരുതുന്നതെങ്കിൽ, അവർ ചരിത്രം കുറച്ചു കൂടി പഠിക്കാൻ തയ്യാറാകണമെന്ന് തരൂർ വ്യക്തമാക്കി. കങ്കണയ്ക്ക് ഇക്കാര്യങ്ങളെ കുറിച്ച് വലിയ ധാരണയൊന്നുമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നെ ശിക്ഷിക്കണമെങ്കിൽ ശിക്ഷിച്ചോളൂ എന്ന് പറയുന്നത് ഒരു യാചകന്റെ ശബ്ദമാണോയെന്നാണ് തരൂർ ചോദിക്കുന്നത്.

ഒരു ലാത്തിചാർജിനിടയിലാണ് ലാലാ ലജ്പത് റായ് കൊല്ലപ്പെടുന്നത്. ഒരു അഹിംസാ സമരത്തിനിടയിൽ അദ്ദേഹത്തിന്റെ തല തല്ലിപൊളിക്കുകയായിരുന്നു.െ തോക്കുമായി ഒരാളെ കൊല്ലാൻ പോയിട്ട് മരിച്ചുവീഴുന്നതിലും ധീരമായ മരണമായിരുന്നു ലാലാ ലജ്പത് റായിയുടേതെന്നും അപാരമായ മനക്കരുത്തിന്റെയും ആർജവത്തിന്റെയും ധൈര്യത്തിന്റെയും മുന്നേറ്റമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യസമരമെന്നും അദ്ദേഹം വിശദീകരിച്ചു. 1947 ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ലെന്നായിരുന്നു കങ്കണ പറഞ്ഞത്. ബ്രിട്ടീഷുകാരുടെ ഭിക്ഷയായിരുന്നു അതെന്നും രാജ്യത്തിന് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നുമായിരുന്നു കങ്കണയുടെ പരാമർശം.

ന്യൂഡൽഹി: ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട് നടപടികൾ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ക്രിപ്റ്റോ കറൻസി ഉപയോഗത്തിലെ കളളനാണയങ്ങളെ കണ്ടെത്താൻ ലോകമെമ്പാടുമുളള ജനാധിപത്യരാജ്യങ്ങൾ കൈ കോർക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ക്രിപ്റ്റോ കറൻസിയുടെ ഉപയോഗത്തെക്കുറിച്ചും അവയെ എങ്ങനെ നിയന്ത്രിക്കാമെന്നും രാജ്യങ്ങൾ ആലോചിക്കേണ്ടതാണ്. സാങ്കേതികവിദ്യയും ഡാറ്റയും പുതിയ ആയുധങ്ങളായി മാറുകയാണെന്നും ഡാറ്റാ ഭരണത്തിനുള്ള നിയമങ്ങളിൽ ജനാധിപത്യ രാജ്യങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ആസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

രാജ്യങ്ങൾ ഭാവി ടെക്നോളജിക്കായി നിലകൊളളണം. അതിനായി നിക്ഷേപങ്ങൾ നടത്തണം. സൈബർ ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും തിരിമറികളും കണ്ടെത്തുന്നതിനായി വിശ്വസനീയമായ നിർമ്മാണമേഖലയും വിതരണക്കാരും ബുദ്ധിപരവും പ്രവർത്തനക്ഷമവുമായ സൈബർ സുരക്ഷയാണ് നമുക്ക് ആവശ്യം. ആഗോള വിവരശേഖരണത്തിലും നിയന്ത്രണം അവശ്യമാണെന്ന് അദ്ദേഹം വിശദമാക്കി.

ഡിജിറ്റൽ യുഗം എല്ലാത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകൾ തന്നെ പുനർനിർവചിക്കപ്പെട്ടു. രാജ്യസ്നേഹം, ഭരണനിർവഹണം, അവകാശങ്ങൾ, സുരക്ഷ എന്നിവയെക്കുറിച്ചു പുതിയ ചോദ്യങ്ങളാണ് ഉയരുന്നത്. ആഗോളമത്സരം, അധികാരം, നേതൃത്വം എന്നിവയിലും മാറ്റം സംഭവിക്കുന്നു. എല്ലാ മേഖലകളിലും ഉയരുന്ന ഭീഷണികൾ നേരിടാൻ നാം തയ്യാറാകണം. കാലഘട്ടത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മാറ്റത്തിന്റെ സമയത്താണ് നമ്മളിപ്പോഴുള്ളത്. ഡേറ്റയും സാങ്കേതിക വിദ്യയും ആയുധങ്ങളാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: സിബിഐ ഇഡി ഡയറക്ടർമാരുടെ കാലാവധി നീട്ടാനുള്ള കേന്ദ്രസർക്കാർ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോൺഗ്രസ്. സർക്കാർ ഓർഡിനൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് ഹർജി നൽകിയത്. നടപടി സുപ്രീം കോടതിയുടെ ഉത്തരവിന് വിരുദ്ധമാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ഹർജിയിൽ ആരോപിച്ചു. രണ്ട് വർഷമായിരുന്ന ഇഡി, സിബിഐ ഡയറക്ടർമാരുടെ കാലാവധിയാണ് അഞ്ച് വർഷമാക്കി സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്. തൃണമൂൽ കോൺഗ്രസ്, സിപിഎം, തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും നീക്കങ്ങളും കേന്ദ്ര നീക്കത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ഇഡി ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി ഒരു വർഷം കൂടി നീട്ടി കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. മിശ്രയുടെ സർവീസ് നീട്ടരുതെന്ന സുപ്രീം കോടതി നിർദ്ദേശം മറിക്കടക്കാനാണ് കഴിഞ്ഞ ദിവസം സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി അഞ്ചുവർഷം വരെ നീട്ടി കേന്ദ്ര സർക്കാർ ഭേദഗതി ഇറക്കിയത്. ഇതിനായി രണ്ട് ഓർഡിനൻസുകളാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ രണ്ടു വർഷമാണ് സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടർമാരുടെ കാലാവധി.

ഡൽഹി സ്‌പെഷ്യൽ പോലീസ് (എസ്റ്റാബ്ലിഷ്‌മെന്റ്) ഓർഡിനൻസ്, 2021, സെൻട്രൽ വിജിലൻസ് കമ്മീഷൻ (ഭേദഗതി) ഓർഡിനൻസ്, 2021 എന്നീ രണ്ട് ഓർഡിനൻസുകളും ഉടനടി പ്രാബല്യത്തിൽ വരുമെന്നാണ് നിയമ-നീതി മന്ത്രാലയം അറിയിക്കുന്നത്. കാലാവധി അവസാനിക്കുന്നത് മുൻപ് ഡയറക്ടർമാരെ സ്ഥാനത്ത് നിന്നും നീക്കാൻ കഴിയില്ലെങ്കിലും ഓർഡിനൻസ് പ്രകാരം രണ്ടു വർഷ കാലാവധിയ്ക്ക് ശേഷം ഓരോ വർഷങ്ങളിലായി മൂന്ന് തവണ വരെ ഡയറക്ടർമാരുടെ കാലാവധി നീട്ടി നൽകാൻ കഴിയും.

അഞ്ച് വർഷം വരെ സിബിഐ, ഇഡി മേധാവികളായി തുടരാൻ ഓർഡിനൻസിലൂടെ കഴിയും. പൊതു താത്പര്യം മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. അല്ലെങ്കിൽ ബന്ധപ്പെട്ട സമിതിയുടെ ശുപാർശ ലഭിക്കണം. അഞ്ച് വർഷം പൂർത്തിയാക്കിയാൽ പിന്നീട് കാലാവധി നീട്ടി നൽകില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

ഇടുക്കി: ഇടുക്കിയിൽ സൂക്ഷ്മ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി. പ്രദേശത്ത് തുടർച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങളുടെ പശ്ചാത്തലത്തിലാണ് കെഎസ്ഇബി ഇത്തരമൊരു ആശയവുമായി രംഗത്തെത്തിയത്. കേന്ദ്ര സർക്കാർ ഏജൻസിയായ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്നുള്ള വിദഗ്ദ്ധ സംഘമാണ് പഠനം നടത്തുന്നത്. 2020 ഫെബ്രുവരി മുതൽ ഡാം ഉൾപ്പെടുന്ന പ്രദേശങ്ങളിലുൾപ്പടെ തുടർച്ചയായി ചെറിയ ഭൂചലനങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ നീക്കം.

ഇടുക്കി ഡാമിന്റേതുൾപ്പടെയുള്ള പദ്ധതികളുടെ പ്രാധാന്യം പരിഗണിച്ചാണ് വിശദമായ പഠനം നടത്താൻ കെഎസ്ഇബി തീരുമാനിച്ചത്.പ്രദേശത്ത് 40 കിലോമീറ്റർ ചുറ്റളവിൽ 10 ഡാമുകളാണുള്ളത്. ദേശീയ ജല അതോറിറ്റിയുടെ ഫൗണ്ടേഷൻ എഞ്ചിനീയറിങ് ആൻഡ് സ്പെഷ്യൽ അനാലിസിസ് ഡയറക്ടർ സമിർ കുമാർ ശുക്ല ചെയർമാനും വൈദ്യുതി ബോർഡ് ഡാം സേഫ്റ്റി ഓർഗനൈസേഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ആർ പ്രീത കൺവീനറുമായി കഴിഞ്ഞ വർഷം ഒരു സമിതി രൂപീകരിച്ചിരുന്നു.

ചെന്നൈ ഐഐടി പ്രൊഫസർ സി.വി. ആർ മൂർത്തി, സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ ഡയറക്ടർ, ഈശ്വർ ദത്ത് ഗുപ്ത, ജിഎസ്‌ഐ വെസ്റ്റേൺ റീജിയൺ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സന്ദീപ് കുമാർ സോം, കെഎസ്ഇബി മുൻ എക്സിക്യൂട്ടീവ് എൻജിനീയർ അലോഷി പോൾ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് സമിതിയുടെ പ്രവർത്തനങ്ങൾ നീണ്ടുപോയത്.

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി വ്യവസായ മന്ത്രി പി രാജീവ്. ഡൽഹി സന്ദർശന വേളയിലാണ് അദ്ദേഹം കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തിയത്. സംസ്ഥാനത്തിന് കൂടുതൽ സാമ്പത്തിക സഹായവും പ്രത്യേക പാക്കേജുകളും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം. കേന്ദ്ര ആരോഗ്യ, രാസവളം മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ, ധനമന്ത്രി നിർമ്മല സീതാരാമൻ, വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, ഭക്ഷ്യ സംസ്‌കരണ മന്ത്രി പശുപതി കുമാർ പരസ് തുടങ്ങിയവരുമായി അദ്ദേഹം സംസാരിച്ചു.

തിരുവനന്തപുരം തോന്നയ്ക്കലിൽ മെഡിക്കൽ ഡിവൈസസ് പാർക്ക് സ്ഥാപിക്കുന്നതിന് കേന്ദ്ര സഹായം മൻസൂഖ് മാണ്ഡവ്യ ഉറപ്പു നൽകി. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഫാർമസ്യൂട്ടിക്കൽ വകുപ്പ് 25 കോടി സാമ്പത്തിക സഹായം നൽകുന്നതിന് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. പദ്ധതിയുടെ പുരോഗതി റിപ്പോർട്ട് കേന്ദ്രസർക്കാരിന് നേരത്തെ തന്നെ നൽകിയിരുന്നു. തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്കിൽ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്റ് ടെക്‌നോളജിയുടെ സഹകരണത്തോടെയാണ് മെഡിക്കൽ ഡിവൈസ് പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകുന്ന മുൻഗണന, സംസ്ഥാന സർക്കാരിന്റെ മരുന്നു നിർമ്മാണ കമ്പനിയായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസിന് (കെ.എസ്.ഡി.പി.) കൂടി ലഭ്യമാക്കുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം അറിയിച്ചു. എറണാകുളം ജില്ലയിൽ അമ്പലമുഗളിലെ പെട്രോ കെമിക്കൽ പാർക്കിന് പി രാജീവ് കേന്ദ്ര സഹായം അഭ്യർത്ഥിച്ചു.

കേരളത്തിൽ ആരംഭിക്കാനിരിക്കുന്ന ട്രേഡ് സെന്ററിന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പിന്തുണ വാഗ്ദാനം ചെയ്തു. ലോജിസ്റ്റിക് പാർക്കിനെ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥരെ അവിടെ വെച്ച് തന്നെ ചുമതലപ്പെടുത്തി. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സിന്റെ റാങ്ക് നിശ്ചയിക്കുന്നതിലെ അപാകം ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിന്റെ അഭിപ്രായം പൂർണ്ണമായും ശരിയാണെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചുവെന്നും മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ടത് സംബന്ധിച്ച് ആവശ്യമായ പഠനം നടത്തേണ്ടതുണ്ടെന്ന കാര്യം അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു.

ആത്മ നിർഭർ ഭാരത് അഭിയാൻ പദ്ധതിയിൽ കേരളത്തിലെ എം എസ് എം ഇകൾക്ക് കൂടി ഉപയോഗപ്രദമായ രീതിയിൽ മാറ്റങ്ങൾ വരുത്തണമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ ആവശ്യപ്പെട്ടു, 2018 ലെ പ്രളയം കൂടി കണക്കിലെടുത്ത് ഒരു വർഷത്തെ ഇളവ് കേരളത്തിലെ സ്ഥാപനങ്ങൾക്ക് നൽകണമെന്ന ആവശ്യം പരിശോധിക്കാമെന്ന് പറഞ്ഞു. പ്രതിസന്ധി നേരിടുന്ന കശുവണ്ടി വ്യവസായത്തിന് സഹായകരമായി പ്രത്യേക പാക്കേജ് നൽകണമെന്നും ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. പോക്സോ കേസിലെ കുറ്റാരോപിതൻ ഇരയുടെ ശരീരത്തിൽ സ്പർശിക്കാതെ മാറിടത്തിൽ തൊടുന്നത് കുറ്റകരമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ലൈംഗിക ഉദ്ദേശത്തോടെ വസ്ത്രത്തിന് മുകളിലൂടെ മാറിടത്തിൽ സ്പർശിക്കുന്നത് പോക്സോ കേസിന്റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പോക്സോ നിയമത്തെ തന്നെ പരാജയപ്പെടുത്തുന്ന ബോംബെ ഹൈക്കോടതിയുടെ സങ്കുചിതമായ വ്യാഖ്യാനം അംഗീകരിക്കാൻ പറ്റില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പ്രതിയ്ക്ക് ലൈംഗിക ഉദ്ദേശം ഉണ്ടായിരുന്നോ എന്നതാണ് പോക്സോ കേസിൽ ഏറ്റവും പ്രധാനമെന്നും ഇരയുടെയും കുറ്റാരോപിതന്റെയും ചർമ്മങ്ങൾ പരസ്പരം സ്പർശിച്ചാൽ മാത്രമേ പോക്സോയുടെ പരിധിയിൽ വരികയുള്ളൂവെന്ന ഹൈക്കോടതിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വിശദീകരിച്ചു.

ചർമത്തിൽ സ്പർശിക്കാതെ പെൺകുട്ടിയുടെ മാറിടത്തിൽ തൊട്ടത് കുറ്റകരമല്ലെന്നായിരുന്നു ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. വസ്ത്രങ്ങൾക്ക് മുകളിലൂടെ ശരീരത്തിൽ പിടിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രമേ ആകുകയുള്ളൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു. പേരയ്ക്ക നൽകാമെന്ന് പറഞ്ഞ് പന്ത്രണ്ടുകാരിയെ വിളിച്ചുവരുത്തി മാറിടത്തിൽ സ്പർശിച്ചെന്ന കേസിലായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ, മഹാരാഷ്ട്ര സർക്കാർ, ദേശീയ വനിതാ കമ്മിഷൻ എന്നിവരാണ് ബോംബെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.