മോൻസൺ കേസ്; സംസ്ഥാന പോലീസ് അന്വേഷണം നടത്തുന്നത് എത്രമാത്രം ഉചിതമാകുമെന്ന് ഹൈക്കോടതി

കൊച്ചി: മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ സംസ്ഥാന പോലീസ് അന്വേഷണം നടത്തുന്നത് എത്രമാത്രം ഉചിതമാകുമെന്ന ചോദ്യവുമായി ഹൈക്കോടതി. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആരോപണവിധേയരായ കേസായതിനാലാണ് കോടതി ഇക്കാര്യം ചോദിച്ചത്. കേസ് സി.ബി.ഐ. അന്വേഷിക്കേണ്ടതുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു.

ഡി.ജി.പി.യും എ.ഡി.ജി.പിയും ഐ.ജിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസാണിത്. മോൻസൺ ആവശ്യപ്പെട്ടപ്പോൾ തന്നെ അയാൾക്ക് പോലീസ് സംരക്ഷണം നൽകുകയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും ഇടപാടുകൾ നടന്നിട്ടുണ്ട്. അതിനാൽ കേസ് സി.ബി.ഐ അന്വേഷിക്കുന്നതാകും ഉചിതമെന്നാണ് കോടതിയുടെ നീരീക്ഷണം.തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിനെ സംബന്ധിച്ചുള്ള റിപ്പോർട്ട് ഡിസംബർ ഒന്നിന് മുമ്പായി സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി.

പുരാവസ്തു തട്ടിപ്പ് കേസിൽ സി.ബി.ഐ. അന്വേഷണമാകും നല്ലതെന്നായിരുന്നു കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നത്. ബംഗാളിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസ് അന്വേഷിക്കുന്നത് സി.ബി.ഐ ആണ്. ഇ.ഡി.ക്ക് കള്ളപ്പണ ഇടപാടുകൾ മാത്രമേ അന്വേഷിക്കാനാകൂവെന്നും അതിനാൽ കോടതിയുടെ സംശയങ്ങൾ പരിഹരിക്കാൻ സി.ബി.ഐ. അന്വേഷണമാണ് നല്ലതെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി. എന്നാൽ സി.ബി.ഐ. അന്വേഷണം വേണോയെന്ന ചോദ്യത്തെ സംസ്ഥാന സർക്കാർ എതിർത്തു. കേസിൽ പോലീസിന് അന്വേഷണം നടത്താൻ കഴിയുമെന്നും വിദേശ ബന്ധങ്ങളടക്കം അന്വേഷിക്കാൻ പോലീസിന് അധികാരമുണ്ടെന്നുമായിരുന്നും സംസ്ഥാന സർക്കാർ കോടതിയിൽ വിശദമാക്കി.