നഷ്ടങ്ങൾ നികത്താൻ പുതിയ ചുവടുവെയ്പ്പുമായി ടാറ്റ; എയർ ഏഷ്യ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ലയിപ്പിക്കുന്നു

ന്യൂഡൽഹി: വ്യോമയാന രംഗത്ത് പുതിയ ചുവടുവെയ്പ്പുമായി ടാറ്റാ ഗ്രൂപ്പ്. എയർ ഏഷ്യ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ലയിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ടാറ്റ് ഗ്രൂപ്പ് നടത്തുന്നത്. നിലവിൽ എയർ ഏഷ്യ ഇന്ത്യ സാമ്പത്തിക നഷ്ടത്തിലാണ്. ലാഭത്തിലുള്ള എയർ ഇന്ത്യാ എക്സ്പ്രസുമായി ഒന്നിക്കുമ്പോൾ നഷ്ടങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് ടാറ്റയുടെ കണക്കുകൂട്ടൽ.

എയർ ഇന്ത്യയുടെ കൈമാറ്റം പൂർത്തിയായ ശേഷമായിരിക്കും ലയന നടപടികൾ ആരംഭിക്കുകയെന്നാണ് വിവരം. നിലവിൽ വർഷം 1,532 കോടി രൂപ നഷ്ടത്തിലാണ് എയർ ഏഷ്യ ഇന്ത്യ. ബംഗളൂരു ആസ്ഥാനമാക്കിയാണ് എയർ ഇന്ത്യാ ഏഷ്യാ കമ്പനി പ്രവർത്തിക്കുന്നത്. രാജ്യത്തെ നാലാമത്തെ വലിയ വ്യോമയാന സ്ഥാപനം കൂടിയാണിത്. എയർ ഇന്ത്യയുടെ ഉപവിഭാഗമായ എയർ ഇന്ത്യാ എക്സ്പ്രസ് മിഡിൽ ഈസ്റ്റിലേയ്ക്കും ദക്ഷിണ ഏഷ്യൻ മേഖലയും ഉൾപ്പെടെ പ്രതിവാരം 649 സർവീസുകളാണ് നടത്തുന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ വർഷം 500 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്.