കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ പിങ്ക് പോലീസ് മാനസികമായി പീഡിപ്പിച്ച സംഭവം ഗൗരവമായി എടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. പോലീസുദ്യോഗസ്ഥക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന ചെയ്യാത്ത തെറ്റിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും, തന്റെ അച്ഛന്റെ വസ്ത്രം അഴിച്ചും പരിശോധന നടത്തിയെന്നും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. പിന്നീട് ഉദ്യോഗസ്ഥയുടെ ഹാന്‍ഡ്ബാഗില്‍ നിന്ന് തന്നെ മൊബൈല്‍ കണ്ടെത്തുകയും പോലീസിന്റെ പീഡനം കാരണം തങ്ങള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. കുറ്റക്കാരിയായ ഉദ്യോഗസ്ഥയെ പോലീസും സര്‍ക്കാരും സംരക്ഷിക്കുകയാണ് നടപടി സ്വീകരിച്ചില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും പെണ്‍കുട്ടി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
മൂന്ന് മാസം മുമ്പാണ് ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ എട്ടുവയസ്സുകാരിയേയും അച്ഛന്‍ ജയചന്ദ്രനേയും പരസ്യ വിചാരണ നടത്തിയത്. എന്നാല്‍, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. കൂടാതെ നല്ല നടപ്പ് പരിശീലനത്തില്‍ രജിതക്കെതിരായ നടപടി ഒതുക്കി തീര്‍ക്കുകയും ചെയ്തു.

