തിരുവനന്തപുരം: കനത്ത സാമ്പത്തിക നഷ്ടത്തിലേക്ക് നീങ്ങി വാട്ടർ അതോറിറ്റി. നിലവിൽ വാട്ടർ അതോറിറ്റിയുടെ നഷ്ടം 594 കോടി കവിഞ്ഞു. 2194 കോടിയാണ് പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശിക. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നീളുന്നതാണ് മറ്റൊരു ആശങ്ക. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം.
594.1 കോടിയാണ് 2020 -21 സാമ്പത്തിക വർഷത്തിൽ വാട്ടർ അതോറിറ്റിയുടെ നഷ്ടം. നിലവിലെ താരിഫ് അനുസരിച്ച് 1,000 ലിറ്റർ കുടിവെള്ളം ഉപഭോക്താവിന് നൽകുമ്പോൾ വാട്ടർ അതോറിറ്റിക്ക് 13.41 രൂപ നഷ്ടം ഉണ്ടാകുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2194.27 കോടിയാണ് വാട്ടർ ചാർജിനത്തിൽ പിരിഞ്ഞുകിട്ടാനുള്ളത്. ഇതിൽ 422.36 കോടി സർക്കാർ വകുപ്പുകൾ നൽകാനുള്ളതാണ്. കേരള പൊലീസ് 40 കോടിയും വിദ്യാഭ്യാസ വകുപ്പ് 74 കോടിയും ആരോഗ്യവകുപ്പ് 154 കോടിയും കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
സർക്കാരിൽ നിന്ന് ലഭിക്കുന്ന പദ്ധതിയേതര ഗ്രാന്റാണ് വാട്ടർ അതോറിറ്റിയുടെ കമ്മി നികത്തുന്നത്. ഇതിൽ കുറവ് വരുന്നതും പ്രതിസന്ധി വർധിക്കാൻ കാരണമാകുന്നു. ശമ്പള പരിഷ്‌കരണ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലായിട്ട് ആറ് മാസം പിന്നിട്ടു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ശമ്പള പരിഷ്‌കരണം എങ്ങനെ നടപ്പാക്കുമെന്നാണ് ധനവകുപ്പ് ചോദിക്കുന്നത്. അതേസമയം സർക്കാർ വകുപ്പുകൾ ഉൾപ്പെടെ കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാ സ്ഥാപനങ്ങൾക്കും വാട്ടർ അതോറിറ്റി നോട്ടീസ് നൽകി. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം കുടിശ്ശിക അടയ്ക്കാൻ സന്നദ്ധമാകുന്ന വകുപ്പുകൾക്ക് അതിനുള്ള സൗകര്യം ഒരുക്കമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

