മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളലുകളില്ല; കേരളത്തിന്റെ വാദം തെറ്റാണെന്ന് തമിഴ്‌നാട്

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളലുകളില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച് തമിഴ്‌നാട്. ഭൂചലനങ്ങൾ കാരണം അണക്കെട്ടിന് വിള്ളലുകൾ ഉണ്ടായിട്ടില്ലെന്നും അണക്കെട്ടിന്റെ അന്തിമ റൂൾ കെർവ് തയ്യാറായിട്ടില്ലെന്ന കേരളത്തിന്റെ വാദം തെറ്റാണെന്നും തമിഴ്‌നാട് സുപ്രീം കോടതിയിൽ വ്യക്തമാക്കി. തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാർ അണക്കെട്ടിനെ ചൊല്ലി കേരളം ഉയർത്തുന്നത് അനാവശ്യ ആശങ്കയാണെന്നായിരുന്നു തമിഴ്‌നാട് സർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. അണക്കെട്ടിന് ബലക്ഷയമില്ലെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്. 2006 ലും 2014 ലും അത് സുപ്രീം കോടതി തന്നെ അംഗീകരിച്ചതാണ്. അതിനാൽ 142 അടിയായി ജലനിരപ്പ് ഉയർത്താൻ അനുവദിക്കണ ആവശ്യവും തമിഴ്‌നാട് ഉന്നയിച്ചിരുന്നു. ബേബി അണക്കെട്ട് ബലപ്പെടുത്താനും അതിനായി മരം മുറിക്കാനും നൽകിയ അനുമതി കേരളം റദ്ദാക്കി. ഇത് കേരളത്തിന്റെ ഇരട്ടത്താപ്പാണെന്നും ഏഴ് കൊല്ലമായി ബേബി അണക്കട്ട് ബലപ്പെടുത്തൽ കേരളം തടസ്സപ്പെടുത്തുകയാണന്നും തമിഴ്‌നാട് സർക്കാർ കോടതിയോട് വിശദമാക്കിയിരുന്നു.

പിന്നീട് കേസ് കോടതി നവംബർ 22 ലേക്ക് മാറ്റി. തമിഴ്‌നാടിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സമയം നൽകണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. അതുവരെ ഒക്ടോബർ 28 ലെ ഉത്തരവ് അനുസരിച്ചുള്ള ഇടക്കാല സംവിധാനം തുടരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അണക്കെട്ടിലെ ചോർച്ചയെ കുറിച്ചുള്ള കണക്കുകൾ വെളിപ്പെടുത്താൻ തമിഴ്‌നാടിനോട് ആവശ്യപ്പെടണമെന്ന പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്‌മെൻറിന്റെ ആവശ്യം പരിശോധിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. അതേസമയം ഇത്തരം ഹർജികൾ സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രചരണത്തിന് വേണ്ടിയാണെന്നും ഒന്നിനുപുറകെ ഒന്നായി ഹർജികൾ നൽകി ഉപദ്രവിക്കുകയാണെന്നുമായിരുന്നു തമിഴ്‌നാടിന്റെ വാദം. ഈ വാദത്തോട് വിയോജിച്ച കോടതി പുതിയ വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തേണ്ടിവരുമെന്നും പറഞ്ഞിരുന്നു.