രാജസ്ഥാനിൽ മൂന്ന് മുതിർന്ന മന്ത്രിമാർ രാജിവെച്ചു; മന്ത്രിസഭാ പുനഃസംഘടന ഉടൻ

ജയ്പൂർ: രാജസ്ഥാനിൽ അശോക് ഗെലോട്ട് മന്ത്രിസഭയിലെ മൂന്ന് മുതിർന്ന മന്ത്രിമാർ സ്ഥാനം രാജിവെച്ചു. പാർട്ടിക്കുള്ളിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഫോർമുലയുടെ ഭാഗമായാണ് നടപടി. സച്ചിൻ പൈലറ്റിന്റെ സമ്മർദ്ദമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഇത് നിരസിച്ച ഹൈക്കമാൻഡ് സച്ചിൻ പൈലറ്റ് അനുഭാവികളെ ഉൾപ്പെടുത്തി മന്ത്രിസഭാ പുനഃസംഘടന നടത്താമെന്ന് സമ്മതിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് മൂന്നു മന്ത്രിമാർ രാജിവെച്ചത്. റവന്യൂ മന്ത്രി ഹരീഷ് ചൗധരി, മെഡിക്കൽ ആരോഗ്യ മന്ത്രി ഡോ.രഘു ശർമ, വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊസ്താര എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്. മന്ത്രിസ്ഥാനം രാജിവെക്കുന്നുവെന്നറിയിച്ച് നേതാക്കൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു.

രാജിവെച്ച മൂന്ന് മന്ത്രിമാർക്കും ഇതിനോടകം പാർട്ടി ചുമതലകൾ നൽകിയിട്ടുണ്ട്. ഗോവിന്ദ് സിംഗ് ദൊസ്താര നിലവിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാണ്. രഘു ശർമയ്ക്ക് ഗുജറാത്തിന്റെ ചുമതലയും ഹരീഷ് ചൗധരിക്ക് പഞ്ചാബിന്റെ ചുമതലയും കോൺഗ്രസ് ഹൈക്കമാൻഡ് നൽകി കഴിഞ്ഞു. കോൺഗ്രസിനുള്ളിൽ കലാപം ശക്തമാകുമെന്ന് വ്യക്തമായതോടെയാണ് സച്ചിന്റെ നിർദേശം അനുസരിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം സച്ചിൻ പൈലറ്റ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.