സഞ്ജിത്തിന്റെ കൊലപാതകകേസ് അന്വേഷിക്കുന്നതിൽ പോലീസിന് ഗുരുതരവീഴ്ച; ആരോപണവുമായി കെ സുരേന്ദ്രൻ

പാലക്കാട്: പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകകേസ് അന്വേഷിക്കുന്നതിൽ പോലീസിന് ഗുരുതരവീഴ്ച സംഭവിച്ചതായാണ് അദ്ദേഹത്തിന്റെ ആരോപണം.

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പോലീസുകാരൻ ഇതുസംബന്ധിച്ച് അറിയിച്ചിട്ടും ദേശീയപാതയിൽ വാഹനപരിശോധന നടത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റോഡുകൾ ഉൾപ്പെടെ എല്ലായിടത്തും സിസിടിവികൾ ഉണ്ടായിട്ടും അവ പരിശോധിക്കുന്നതിൽ വീഴ്ച്ച പറ്റിയെന്നും സംഭവം നടന്ന് അഞ്ചു ദിവസം കഴിഞ്ഞാണ് വാഹനത്തിന്റെ ഫോട്ടോ പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. സഞ്ജിത്തിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വധഭീഷണിയുണ്ടായിട്ടും അന്വേഷണം നടത്താൻ പോലീസ് തയ്യാറായില്ല. മുമ്പ് സഞ്ജിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ചവരെ നിരീക്ഷിക്കാനോ അവരെ സംബന്ധിച്ച് അന്വേഷിക്കാനോ പോലീസ് തയ്യാറായിട്ടില്ല. സർക്കാർ അനാസ്ഥയാണ് ഇതിന് കാരണമെന്നും സിപിഎമ്മിന്റെ സമ്മർദ്ദമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളെ പിടികൂടുന്നതിൽ പോലീസ് മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെങ്കിൽ അമ്മമാരെ ഉൾപ്പെടെ അണിനിരത്തി സംസ്ഥാനവ്യാപകമായി ജനകീയ പ്രക്ഷോഭം നടത്തുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.