കൂടുതൽ ഇളവുകൾ; ട്രെയിനുകളിലെ ഭക്ഷണ വിൽപ്പന പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തി വെച്ച ട്രെയിനുകളിലെ ഭക്ഷണ വിൽപ്പന പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. റെഡി റ്റു ഈറ്റ് ഭക്ഷണവും യാത്രക്കാർക്ക് നൽകുന്നത് തുടരുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. ഭക്ഷണ വിൽപ്പന പുന:രാരംഭിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളടങ്ങിയ കത്ത് റെയിൽവേ ഐആർടിസിക്ക് നൽകി.

അതാത് സംസ്ഥാനങ്ങളിൽ ലഭിക്കുന്ന നാടൻ ഭക്ഷണങ്ങളും മെനുവിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ടിക്കറ്റ് എടുക്കുമ്പോൾ തന്നെ യാത്രക്കാരന് ഭക്ഷണം തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. സമൂസ, പഴം പൊരി തുടങ്ങിയ ലഘുഭക്ഷണപദാർഥങ്ങളല്ലാതെ മറ്റൊരു ഭക്ഷണ സാധനവും ട്രെയിനിൽ വിളമ്പരുതെന്ന നിർദ്ദേശമാണ് റെയിൽവേ മുന്നോട്ട് വെച്ചിരിക്കുന്നത്.

മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ സ്പെഷൽ ടാഗുകൾ ഒഴിവാക്കാൻ കഴിഞ്ഞ ദിവസം റെയിൽവേ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി റെയിൽവേ സ്വീകരിച്ചത്.