റിസർവേഷനില്ലാത്ത ജനറൽ കോച്ചുകൾ പുന:സ്ഥാപിക്കുന്നു; തീരുമാനവുമായി ദക്ഷിണ റെയിൽവേ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ നിർത്തലാക്കിയ റിസർവേഷനില്ലാത്ത ജനറൽ കോച്ചുകൾ പുന:സ്ഥാപിക്കാൻ തീരുമാനിച്ച് ദക്ഷിണ റെയിൽവെ. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ പത്തോളം ട്രെയിനുകളിലാണ് ഇത്തരത്തിൽ റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിക്കുന്നത്. സീസൺ ടിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യുന്ന സ്ഥിരം യാത്രക്കാർക്ക് വളരെ പ്രയോജനപ്രദമായ തീരുമാനമാണിതെന്നാണ് റെയിൽവേ അധികൃതരുടെ വിലയിരുത്തൽ.

പരശുറാം, ഏറനാട്, പാലരുവി, താംബരം-നാഗർകോവിൽ അന്ത്യോദയ ഉൾപ്പടെ എക്സ്പ്രസുകളിൽ ഈ മാസം 25 മുതലാണ് ജനറൽ കോച്ച് പുന:സ്ഥാപിക്കുന്നതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. മംഗളൂരു-നാഗർകോവിൽ പരശുറാം, മംഗളൂരു-നാഗർകോവിൽ ഏറനാട്, മംഗളൂരു-കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസുകളിൽ ആറ് വീതം ജനറൽ കോച്ചുകളും തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ്, മധുര-പുനലൂർ എക്സ്പ്രസ് എന്നിവയിൽ നാല് വീതവും ജനറൽ കോച്ചുകളുണ്ടാകും.