വിദേശ പൗരനെ കോവളത്തെ ഹോട്ടൽ മുറിയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തി; സഹായി രാജ്യം വിട്ടു

തിരുവനന്തപുരം: വിദേശ പൗരനെ കോവളത്തെ ഹോട്ടൽ മുറിയിൽ അവശനിലയിൽ കണ്ടെത്തി. അമേരിക്കൻ പൗരനായ ഇർവിൻ ഫോക്‌സിനെയാണ് ആരോഗ്യനില മോശമായ നിലയിൽ കണ്ടെത്തിയത്. 77 കാരനായ ഇയാളെ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരാഴ്ച മുൻപാണ് ഇർവിൻ കോവളത്ത് എത്തുന്നത്. ഇവിടെ വച്ച് ഇർവിൻ വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കു ശേഷം കോവളത്തെ ഹോട്ടൽ മുറിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. എന്നാൽ പാസ്‌പോർട്ടും രേഖകളുമായി ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന സഹായി ശ്രീലങ്കയിലേക്ക് കടന്നു കളഞ്ഞു. ഇതോടെ ഇദ്ദേഹം ഹോട്ടൽ മുറിയിൽ ഒറ്റപ്പെട്ടു പോയി. ചികിത്സയോ പരിചരണമോ ലഭിക്കാതെ ഇദ്ദേഹം അവശനിലയായി. ബീച്ചിന് സമീപമുള്ള ഹോട്ടൽ മുറിയിൽ എത്തി പരിശോധിക്കുമ്പോൾ അതിദയനീയമായിരുന്നു അദ്ദേഹത്തിന്റെ അവസ്ഥയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

പുഴുവരിച്ച നിലയിലായിരുന്നു അദ്ദേഹം. അനങ്ങാൻ പോലുമാകാതെ മലമൂത്ര വിസർജ്ജനം ഉൾപ്പെടെ കിടക്കയിൽ ചെയ്ത അവസ്ഥയിലാണ് ഇർവിനെ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. അതേസമയം ഇർവിന് ചികിത്സ നൽകാതിരുന്ന ഹോട്ടൽ ഉടമയ്‌ക്കെതിരെയും നിയമനടപടി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.