കൂടുതൽ മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും; കേന്ദ്രമന്ത്രി എൽ മുരുകൻ

കൊച്ചി: കൂടുതൽ മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. കേന്ദ്ര മത്സ്യ ബന്ധന, മൃഗസംരക്ഷണ, ക്ഷീരോത്പാദന, വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകനാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) കൊച്ചി ഓഫീസ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംപിഇഡിഎ ചെയർമാൻ കെ.എസ്. ശ്രീനിവാസ്, ഡയറക്ടർ ഡോ. എം. കാർത്തികേയൻ, ജോയിന്റ് ഡയറക്ടർമാരായ ഡോ. രാം. മോഹൻ എം.കെ., പി. അനിൽ കുമാർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തുകയും ചെയ്തിരുന്നു. രാജ്യത്തെ സമുദ്രോത്പന്ന ഭക്ഷ്യ മേഖലയിലെ എംപിഇഡിഎയുടെ നാഴികക്കല്ലുകൾ വ്യക്തമാക്കുന്ന പവർ പോയിന്റ പ്രസന്റേഷനും ഡോ. എൽ. മുരുകൻ വീക്ഷിച്ചു. എംപിഇഡിഎയുടെ ക്വാളിറ്റി കൺട്രോൾ, മൈക്രോ ബയോളജി ലബോറട്ടറികളും സീ ഫുഡ് ഇന്ത്യാ സിഗ്നേച്ചർ സ്റ്റാളിലും അദ്ദേഹം സന്ദർശനം നടത്തി.

ആലപ്പുഴ ജില്ലയിലുള്ള ഏഴുപുന്നയിലെ ആക്സിലറേറ്റഡ് ഫ്രീസ് ഡ്രൈയിംഗ് കമ്പനിയും (എഎഫ്ഡിസി) അദ്ദേഹം സന്ദർശിച്ചു. രാജ്യത്ത് ആകെയുള്ള രണ്ട് ആക്സിലറേറ്റഡ് ഫ്രീസ് ഡ്രൈയിംഗ് സംവിധാനമുള്ള ചെമ്മീൻ സംസ്‌കരണ, കയറ്റുമതി സ്ഥാപനങ്ങളിൽ ഒന്നാണ് ഏഴുപുന്നയിലുള്ളത്. എഎഫ്ഡിസി മാനേജിംഗ് ഡയറക്ടർ എബ്രഹാം ജെ. തരകനുമായി അദ്ദേഹം ചർച്ച നടത്തി. ചെമ്മീൻ സംസ്‌കരണ സംവിധാനങ്ങളുടെയും കയറ്റുമതിക്കാവശ്യമായ കോൾഡ് സ്റ്റോറേജ്, ഡ്രൈയിംഗ് സംവിധാനങ്ങളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി.