രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തർപ്രദേശിൽ; ബിഡ്ഡുകൾ ചൊവ്വാഴ്ച്ച മുതൽ സമർപ്പിക്കും

ലക്‌നൗ: രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 1,000 ഏക്കർ സ്ഥലത്ത് ഫിലിം സിറ്റി സ്ഥാപിക്കാനുള്ള നടപടിക്രമങ്ങളാണ് ഉത്തർപ്രദേശിൽ പുരോഗമിക്കുന്നത്. ഫിലിം സിറ്റി നിർമാണത്തിന് ബിഡ്ഡുകൾ ചൊവ്വാഴ്ച്ച മുതൽ സമർപ്പിക്കാമെന്നാണ് യമുന എക്‌സ്പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി സിഇഒ അരുൺ വീർ സിംഗ് അറിയിച്ചിരിക്കുന്നത്.

1000 ഏക്കർ സ്ഥലത്ത് ആണ് ഫിലിം സിറ്റി നിർമിക്കുക. ഇതിൽ 740 ഏക്കർ സിനിമ ചിത്രീകരണമടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾക്കാണ്. 40 ഏക്കർ സിനിമ സ്ഥാപനങ്ങൾക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഉത്തർപ്രദേശിൽ ഗൗതം ബുദ്ധ് നഗറിൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നിർദിഷ്ട ഫിലിം സിറ്റിക്കായി 1,000 ഏക്കർ ഭൂമി യമുന എക്സ്പ്രസ്വേയോട് അനുബന്ധിച്ച് കണ്ടെത്തുകയും ചെയ്തു. ദഡൽഹിയിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് സ്ഥലം. വലിയ സിനിമ വ്യവസായമാണ് ഉത്തർപ്രദേശ് ഫിലിം സിറ്റിയിലൂടെ ലക്ഷ്യമിടുന്നത്.