കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പിഎസ്‌സിയ്ക്ക് വിട്ട സംസ്ഥാന സർക്കാർ തീരുമാനം റദ്ദാക്കണമെന്ന ആവശ്യവുമായി മുസ്ലീം സംഘടനകൾ രംഗത്ത്. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമാണ് സംസ്ഥാന സർക്കാർ നിലപാടെന്നാണ് മുസ്ലീം സംഘടനകൾ പറയുന്നത്. എതിർപ്പുകൾക്കിടയിലും തീരുമാനവുമായി സർക്കാർ മുന്നോട്ട് പോയാൽ പ്രക്ഷോഭ പരിപാടികളും നിയമ നടപടികളും സ്വീകരിക്കുമെന്നാണ് കോഴിക്കോട്ട് മുസ്ലീം ലീഗ് വിളിച്ച് ചേർത്ത മതസംഘടനകളുടെ യോഗത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാട്.
വഖഫ് നിയമനങ്ങൾ പിഎസ്‌സി വഴിയാക്കിയാൽ അവിശ്വാസികൾ ബോർഡിലെത്തും. മത വിശ്വാസമുള്ളവർ വഖഫ് ബോർഡിൽ വരണമെന്ന് നിർബന്ധമാണ്. സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമരപരിപാടികളിലേക്ക് പോകുമെന്ന് മുസ്ലീം സംഘടനകൾ മുന്നറിയിപ്പ് നൽകി. നിയമനടപടികളെ കുറിച്ചും ചിന്തിക്കുന്നുണ്ടെന്നും യോഗത്തിന് ശേഷം നേതാക്കൾ പറഞ്ഞു.
വഖഫ് സ്വത്ത് ദൈവത്തിന്റെ സ്വത്താണെന്നും അതിന്റെ സംരക്ഷണത്തിന് മതബോധമുള്ളവർ വേണമെന്നുമാണ് മുസ്ലീം സംഘടനകൾ ഒറ്റക്കെട്ടായി സ്വീകരിച്ചിരിക്കുന്ന നിലപാട്. ജമാഅത്തെ ഇസ്ലാമി, മുജാഹിദ്, സമസ്ത ഇ കെ വിഭാഗമടക്കം പ്രധാനപ്പെട്ട 13 മുസ്ലീം സംഘടനകളുടെ പ്രതിനിധികളാണ് മുസ്ലീം ലീഗ് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസമാണ് വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിയ്ക്ക് വിടാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ നിയമസഭ പാസാക്കിയത്. അതേസമയം മുസ്ലിം ലീഗ് ബില്ലിനെ സഭയിൽ എതിർത്തിരുന്നു.

