General (Page 1,319)

ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവും ചികിത്സയും അന്വേഷിക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ച് തമിഴ്‌നാട് സർക്കാർ. പൊതുജന താൽപര്യം മുൻനിർത്തിയാണ് അന്വേഷണം നടത്തുന്നതെന്നാണ് തമിഴ്നാട് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. സംസ്ഥാനത്തെ ഉന്നതനേതാക്കളിൽ ഒരാളാണ് ജയലളിത എന്നത് സംശയമില്ലാത്ത കാര്യമാണെന്നും ചെന്നൈ അപ്പോളോ ആശുപത്രിയിലെ 75 ദിവസത്തെ ചികിത്സയും പിന്നീട് സംഭവിച്ച മരണവും അന്വേഷണവിധേയമാക്കണമെന്നും തമിഴ്നാട് സർക്കാർ പറഞ്ഞു. ജസ്റ്റിസുമാരായ എസ്. അബ്ദുൾ നസീർ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് തമിഴ്‌നാട് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സർക്കാറിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് ഹാജരായത്. ഇക്കാര്യത്തിൽ സർക്കാറിന് മറ്റ് ഉദ്ദേശങ്ങളില്ലെന്നും അന്വേഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു അദ്ദേഹം കോടതിയെ അറിയിച്ചത്.

ജയലളിതയുടെ മരണത്തിന്റെ ഗൗരവം വിവരിക്കുന്ന സംഭവത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മരണത്തിന് ശേഷം അവരുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിൽ മോഷണം പോയെന്നും ഒരു കാവൽക്കാരൻ കൊല്ലപ്പെട്ടുവെന്നും മറ്റൊരാളുടെ ഭാര്യയും മകളും കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്ന മൂന്നാമതൊരാളും മരണപ്പെട്ടു. ഇതെല്ലാം ജയലളിതയുടെ മരണത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണെന്നും ദവേ സുപ്രീം കോടതിയിൽ വിശദമാക്കി. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് എ. അറുമുഖസ്വാമി കമ്മീഷൻ പക്ഷപാതപരമായി പെരുമാറിയെന്നാരോപിച്ച് അപ്പോളോ ആശുപത്രി സമർപ്പിച്ച ഹർജിയിൽ മറുപടി പറയുകയായിരുന്നു തമിഴ്നാട് സർക്കാർ. അപ്പോളോ ആശുപത്രിയുടെ വാദത്തെ കമ്മീഷനുവേണ്ടി ഹാജരായ അഭിഭാഷകൻ രഞ്ജിത് കുമാറും ദുഷ്യന്ത് ദവേയും എതിർത്തു.

k rail

തിരുവനന്തപുരം: കേരള സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിന് വായ്പ നൽകാൻ സന്നദ്ധതയറിയിച്ച് ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി). ഒരു ബില്യൺ ഡോളർ (7500 കോടിയോളം രൂപ) വായ്പ നൽകാനുള്ള സന്നദ്ധതയാണ് ഏഷ്യൻ വികസന ബാങ്ക് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഡൽഹിയിൽ വെച്ച് കേരളാ റെയിൽ വികസന കോർപറേഷൻ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഏഷ്യൻ വികസന ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.

ഒന്നര ശതമാനം വരെയാണ് എ.ഡി.ബി വായ്പയ്ക്ക് പലിശ. പരിസ്ഥിതി ആഘാത പഠനം, പുനരധിവാസം, സാമൂഹ്യാഘാത പഠനം എന്നിവയെല്ലാം കൃത്യമായി നടത്തണമെന്നാണ് വ്യവസ്ഥ. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ശുപാർശയോടെയായിരിക്കും വായ്പാ നടപടികൾ പുരോഗമിക്കുക. പദ്ധതിയെക്കുറിച്ച് പഠിക്കാൻ എ.ഡി.ബി കൺസൾട്ടന്റുമാരെ നിയോഗിക്കുകയും ചെയ്യും. അതേസമയം എ.ഡി.ബിയെക്കാൾ കുറഞ്ഞ നിരക്കിൽ (0.2- 0.5 %) പലിശ നൽകാൻ ജപ്പാനിലെ ജൈക്ക സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഭൂമിവിലയടക്കം 2.5 ബില്യൺ ഡോളർ (19000കോടി രൂപ) ഒറ്റ വായ്പ നൽകാൻ ജൈക്ക തയ്യാറാണ്.

ചൈനയിലെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്, ജർമ്മൻബാങ്ക് എന്നിവയെയും വായ്പയ്ക്കായി സമീപിച്ചിട്ടുണ്ട്. 66,405 കോടി രൂപയാണ് കെ റെയിൽ പദ്ധതിയുടെ ചെലവ്. 33,700 കോടിയാണ് പദ്ധതിയ്ക്ക് വേണ്ടി വിദേശവായ്പയെടുക്കുക. വായ്പയുടെ തിരിച്ചടവ് ബാദ്ധ്യത പൂർണമായി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതായി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇത്രയും വായ്പയ്ക്ക് പ്രതിവർഷം 1946 കോടി തിരിച്ചടവുണ്ടാവും. തിരിച്ചടവ് മുടങ്ങിയാൽ, സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതത്തിൽ നിന്ന് തുക കുറവു ചെയ്ത് ബാങ്കിന് കൈമാറും.

മുംബൈ: എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും ടെലികോം താരിഫ് ഉയർത്തി. നവംബർ 25 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. പ്രീ പെയ്ഡ് വരിക്കാർക്ക് 20-25 ശതമാനം അധിക ബാധ്യതയാകും ഇനി മുതൽ ഉണ്ടാകുക. ടോപ്പ് അപ്പ് പ്ലാനുകളിൽ 19-21 ശതമാനമാണ് വർധന.

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെൽ നിരക്ക് വർധിപ്പിക്കുന്നതായി തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. വിവിധ പ്ലാനുകളിൽ 20 മുതൽ 25 ശതമാനം വരെയാണ് വർധിപ്പിക്കുന്നത്. 2019 നു ശേഷം ഇതാദ്യമായാണ് രാജ്യത്ത് മൊബൈൽ സേവനദാതാക്കൾ നിരക്കിൽ വർധന ഉണ്ടാകുന്നത്.

തിരുവനന്തപുരം: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകിയെങ്കിലും പ്രഖ്യാപനത്തിൽ കർഷകർ പൂർണ്ണതൃപ്തരല്ല. പാർലമെന്റ് കൂടി വിവാദ നിയമങ്ങൾ എടുത്ത് കളയണമെന്നാണ് കർഷകരുടെ ആവശ്യം. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ഇക്കോ ഗാർഡനിൽ കർഷക മഹാ പഞ്ചായത്ത് നടത്തി. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകളടക്കമുള്ളവർ മഹാപഞ്ചായത്തിൽ പങ്കെടുത്തു. വിവിധ അവശ്യങ്ങൾ ഉന്നയിച്ച് കർഷകർ പ്രധാമന്ത്രിയ്ക്ക് കത്ത് അയച്ചതിന് പിന്നാലെയാണ് കർഷക മഹാപഞ്ചായത്ത് വിളിച്ചു ചേർത്തത്.

പരിഹാരം കാണേണ്ട നിരവധി വിഷയങ്ങൾ ഇനിയും അവശേഷിക്കുന്നുവെന്ന് രകേഷ് ടിക്കായത്ത് വ്യക്തമാക്കി. അവയിലെല്ലാം തീരുമാനമാകും വരെ സമാധാനപരമായി പ്രതിഷേധിക്കുമെന്നും കേന്ദ്രത്തിന്റെ പ്രഖ്യാപനം ആത്മാർത്ഥമാണെന്ന് വ്യക്തമായാൽ കർഷകർ വീടുകളിലേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ തീരുമാനം എടുക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനൊപ്പം കാർഷിക വിളകൾക്ക് താങ്ങുവില സംബന്ധിച്ച് നിയമ പരിരക്ഷ ഉറപ്പാക്കണം, സമരത്തിൽ മരിച്ച കർഷകരുടെ കുടുംബത്തിന് സഹായധനം നൽകണം, കർഷകർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കണം, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക എന്നീ ആവശ്യങ്ങൾ കർഷകർ മുന്നോട്ട് വെയ്ക്കുന്നു.

sreedharan

കൊല്ലം: കെ റെയിൽ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി ഇ ശ്രീധരൻ. പദ്ധതി സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സിൽവർ ലൈനിന്റെ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് കെ റെയിൽ നിർമാണം നടന്നാൽ കേരളത്തെ വിഭജിക്കുന്ന ‘ചൈനാ മതിൽ’ രൂപപ്പെടുമെന്നാണ് അദ്ദേഹം പറയുന്നത്.

രാത്രിയിൽ ചരക്കുഗതാഗതം നടത്തുമെന്ന കെ റെയിൽ പ്രഖ്യാപനം അപ്രായോഗികമാണ്. 2025 ൽ പദ്ധതി പൂർത്തിയാക്കാമെന്ന കെ റെയിൽ വാദവും തെറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. കെആർഡിസിഎല്ലിന് നിർമാണ ചുമതല നൽകിയ 27 റെയിൽവേ മേൽപാലങ്ങളിൽ ഒന്നിന്റെ നിർമാണം പോലും തുടങ്ങാനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ റെയിൽ പദ്ധതിയുടെ കട ബാധ്യത ഏറ്റെടുക്കാമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികൾ ആരാണ് നിർത്തിയതെന്നും അദ്ദേഹം ചോദിച്ചു. അന്ന് ലൈറ്റ് മെട്രോ പദ്ധതികൾ ആരംഭിച്ചിരുന്നെങ്കിൽ രണ്ടു നഗരങ്ങളിൽ ലൈറ്റ് മെട്രോ ഇന്ന് സർവീസ് നടത്തുമായിരുന്നുന്നു. സംസ്ഥാന സർക്കാരിന്റെ വ്യാജ അവകാശവാദങ്ങൾക്ക് കൂട്ടു നിൽക്കാൻ ബിജെപിക്കാവില്ലെന്നും അദ്ദേഹം അറിയിച്ചു. കെ റെയിലിൽ എന്താണ് സംഭവിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറിക്കു പോലും അറിയില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

sabarimala

പത്തനംതിട്ട: ശബരിമലയിൽ ആചാരലംഘനം നടത്താനായി വീണ്ടും യുവതികളെത്തുമെന്ന് റിപ്പോർട്ട്. ഇത്തരത്തിൽ രഹസ്യ റിപ്പോർട്ട് ലഭിച്ചതായി വിശ്വാസികളാണ് അറിയിച്ചത്. തുടർന്ന് അർദ്ധരാത്രി ചെങ്ങന്നൂരിൽ വെച്ച് കെഎസ്ആർടിസി ബസ് വിശ്വാസികൾ തടഞ്ഞു. രണ്ട് യുവതികൾ എത്തിയതായാണ് പ്രദേശവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് ഇവരെ തിരിച്ചയക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇത്തരം റിപ്പോർട്ടുകളെ തുടർന്ന് വിശ്വാസികൾ ശബരിമല പ്രദേശത്ത് ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഹിന്ദു സംഘടനാ ഭാരവാഹികൾ അറിയിച്ചു.ശബരിമലയിൽ ആചാരലംഘനത്തിനായി യുവതികൾ എത്തുമെന്ന സൂചനയാണ് ഹിന്ദു സംഘടനകൾക്ക് ലഭിക്കുന്നത്. ഇത് തടയാനായി കൂടുതൽ ഹിന്ദു സംഘടനാ പ്രവർത്തകരെയും അയപ്പവിശ്വാസികളെയും ശബരിമലയിൽ നിയോഗിക്കുമെന്നും സംഘടനാ ഭാരവാഹികൾ പറയുന്നു. ശബരിമലയിൽ ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്ന നിലപാടിലാണ് ഹിന്ദു സംഘടനാ ഭാരവാഹികൾ. മണ്ഡല തീർത്ഥാടന കാലം അലങ്കോലപ്പെടുത്തിയാൽ കെഎസ്ആർടിസിക്കെതിരെയും പ്രതിഷേധം നടത്തുമെന്ന് വിശ്വാസികൾ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ ദിവസവും ശബരിമലയിൽ ആചാരലംഘനത്തിന് ശ്രമം നടന്നതായുള്ള വിവരവും പുറത്തു വരുന്നുണ്ട്. ശബരിമലയിലേക്ക് പോകാൻ എത്തിയ തമിഴ്‌നാട്ടിൽ നിന്നുള്ള യുവതിയെ പോലീസും വിശ്വാസികളും ചേർന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

rbi

ന്യൂഡല്‍ഹി: രാജ്യത്ത് ഇനി മുതല്‍ സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവ്. രാജ്യത്തെ സഹകരണ മേഖലയെ പൂര്‍ണമായി ഇല്ലാതാക്കും വിധത്തിലുള്ള നിയന്ത്രണങ്ങളുമായാണ് ആര്‍ബിഐ രംഗത്ത് വന്നിരിക്കുന്നത്.
1949ലെ ബാങ്കിങ് റെഗുലേഷന്‍ നിയമത്തിലെ 2020ലെ ഭേദഗതി പ്രകാരം സഹകരണ സൊസൈറ്റികള്‍ക്ക് ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്ന പദങ്ങള്‍ ഉപയോഗിക്കാന്‍ അവകാശമില്ല. ചില സഹകരണ സംഘങ്ങള്‍ ഈ പദങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് ബാങ്കിങ് റെഗുലേഷന്‍ നിയമനത്തിന്റെ ലംഘനമാണെന്നും ആര്‍.ബി.ഐ വ്യക്തമാക്കുന്നു.

അതേസമയം, മെംബര്‍മാരല്ലാത്തവരില്‍ നിന്നും നോമിനല്‍, അസോസിയേറ്റ് മെംബര്‍മാരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതും നിയമ വിരുദ്ധമാണെന്നും ആര്‍.ബി.ഐ അറിയിച്ചു. സഹകരണ സൊസൈറ്റികളിലെ നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ നല്‍കുന്ന ഇന്‍ഷൂറന്‍സ് ലഭ്യമാവുകയില്ലെന്നും ആര്‍.ബി.ഐ പറയുന്നു. വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നത് വിലക്കേര്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000-ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. 2020 സെപ്റ്റംബര്‍ 29-ന് ഈ നിയമം നിലവില്‍ വന്നെങ്കിലും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കേരളത്തിലെ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ഭൂരിപക്ഷം അംഗങ്ങളും നോമിനല്‍, അസോസിയേറ്റ് അംഗങ്ങളാണ്. 1000 കോടിക്കു മുകളില്‍ നിക്ഷേപമുള്ള പ്രാഥമിക സഹകരണ ബാങ്കുകളിലടക്കം ആയിരത്തില്‍ താഴെ അംഗങ്ങള്‍ക്കേ വോട്ടവകാശമുള്ളൂ. കേരളത്തിലെ സഹകരണ നിയമം അനുസരിച്ച് നോമിനല്‍, അസോസിയേറ്റ് അംഗങ്ങളെയും അംഗങ്ങളായി തന്നെയാണ് നിര്‍വചിച്ചിട്ടുള്ളത്. വോട്ടവകാശം അടക്കമുള്ള ചിലതില്‍ മാത്രമാണ് നിയന്ത്രണമുള്ളത്. ഇത് സംഘത്തിന്റെ നിലനില്‍പ്പിന് അനിവാര്യവുമാണ്. സഹകരണം സംസ്ഥാന വിഷയമായതിനാല്‍ ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ സഹകരണ സംഘങ്ങളുടെ അംഗങ്ങളെക്കുറിച്ച് നിര്‍വചനമില്ല. ഇത് നിലനില്‍ക്കവെയാണ് നോമിനല്‍, അസോസിയേറ്റ് അംഗങ്ങളെ സഹകരണ സംഘങ്ങളുടെ അംഗങ്ങളായി പരിഗണിക്കാനാവില്ലെന്ന് ആര്‍ബിഐ ഉത്തരവിറക്കുന്നത്.

കോഴിക്കോട്: ഹോട്ടലുകളിൽ എന്തിനാണ് ഹലാൽ ബോർഡ് വയ്ക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. ഭക്ഷണം ആവശ്യമുള്ളവർ അത് ചോദിച്ചു വാങ്ങുകയാണ് നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം ബോർഡുകൾ സംഘപരിവാറിന് പ്രകോപനം സൃഷ്ടിക്കാൻ കാരണമാകും. ഭക്ഷണത്തിന്റെ പേരിൽ കേരളത്തെ വിഭജിക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നതെന്നും ഹസ്സൻ കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

അതേസമയം ഹലാൽ വിവാദമുണ്ടാക്കിയത് ഇസ്ലാം മതത്തിലെ ചില ജിഹാദികളാണെന്ന് ആരോപിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി രംഗത്തെത്തി. പന്നിയിറച്ചിയും കഴിക്കാമെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. വിശക്കുന്നവന് മറ്റൊന്നും കഴിക്കാനില്ലെങ്കിൽ പന്നിയിറച്ചിയും ഹറാമല്ല. ഇസ്ലാമിനെ വേഷത്തിലും ഭക്ഷണത്തിലും മാറ്റി നിർത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലമൂത്രത്തിൽ പോലും തുപ്പരുതെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം, ഭക്ഷണത്തിൽ തുപ്പിയ തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.

പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. സഞ്ജിത്തിന്റെ കൊലപതാകത്തിൽ നേരിട്ട പങ്കെടുത്തയാളാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ പേരോ മറ്റ് കൂടുതൽ വിവരങ്ങളോ വെളിപ്പെടുത്താൻ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.

ഭാര്യയുടെ കൺമുന്നിൽ വച്ചാണ് ആർ എസ് എസ് പ്രവർത്തകനായ സഞ്ജിത്തിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ നവംബർ 15 നായിരുന്നു സംഭവം. ഭാര്യയുമൊത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്.

കാറിൽ എത്തിയ നാലംഗ സംഘം ബൈക്ക് തടഞ്ഞു നിർത്തി സഞ്ജിത്തിനെ വെട്ടി വീഴ്ത്തുകയായിരുന്നു. ആളുകൾ നോക്കി നിൽക്കെയായിരുന്നു സംഭവം. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാഷ്ട്രീയ വൈര്യാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പോലീസ് പറയുന്നത്. എസ്ഡിപിഐ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കെർവ് പ്രകാരം നിലനിർത്തണമെന്ന ഇടക്കാല ഉത്തരവ് തുടരും. സുപ്രീം കോടതിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ നവംബർ 30-ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്നാടിന് സാധിക്കും. കേസിൽ അടിയന്തര ഉത്തരവിന്റെ ആവശ്യമില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.

ഒക്ടോബർ 28-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കെർവ് പ്രകാരം നിലനിർത്തണമെന്ന നിർദ്ദേശം നൽകിയത്. എന്നാൽ അടിയന്തര സാഹചര്യമുണ്ടായാൽ മേൽനോട്ട സമിതി സ്ഥിതിഗതി വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഈ ഉത്തരവ് തുടരുമെന്നാണ് സുപ്രീം കോടതി തിങ്കളാഴ്ച്ച അറിയിച്ചത്.

കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കെർവ് പ്രകാരം നവംബർ 30-ലെ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാണ്. നിലവിൽ വിശദമായി പരിഗണിക്കുന്ന മറ്റ് രണ്ട് കേസ്സുകളുടെ വാദം കേൾക്കൽ പൂർത്തിയായ ശേഷം മുല്ലപെരിയാർ ഹർജികൾ കേൾക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡിസംബർ 10-നാണ് ഹർജികൾ ഇനി പരിഗണിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. മറ്റ് രണ്ട് കേസുകളുടെ വാദം കേൾക്കൽ അതിന് മുമ്പ് പൂർത്തിയായായാൽ അപ്പോൾ മുല്ലപെരിയാർ കേസ് കേൾക്കുമെന്നും കോടതി പറഞ്ഞു.