മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റളും തിരകളുമടങ്ങിയ ബാഗ് കാണാതായി

ആലപ്പുഴ: മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റളും തിരകളുമടങ്ങിയ ബാഗ് കാണാതായി. ഗൺമാനായ കെ രാജേഷിന്റെ ബാഗാണ് നഷ്ടപ്പെട്ടത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രക്കിടെയാണ് ബാഗ് നഷ്ടമായത്. പത്ത് റൗണ്ട് തിരകളാണ് ബാഗിൽ ഉണ്ടായിരുന്നത്. കായംകുളത്ത് എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതായി രാജേഷിന് മനസിലായത്.

തുടർന്ന് അദ്ദേഹം കായംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്റ്റേഷൻ ഇൻസ്‌പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ബാഗ് യാത്രക്കാരിലാരോ മാറിയെടുത്തതാണെന്നാണ് പൊലീസിന്റെ നിഗമനം.

ശ്രീരാമകൃഷ്ണനെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ തിരുവനന്തപുരത്തിന് മടങ്ങുന്ന വഴിയാണ് ഗൺമാന്റെ ബാഗ് നഷ്ടമായത്. എറണാകുളത്ത് നിന്ന് ഞായറാഴ്ച്ച രാത്രിയാണ് അദ്ദേഹം കെഎസ്ആർടിസി ബസിൽ കയറിയത്.