തൃശൂർ: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന് ആയുർവേദ ചികിത്സ തേടിയവരിൽ നടത്തിയ പഠനം ലോകപ്രശസ്തമായ ഫ്രന്റിയേഴ്സ് ജേർണലിൽ പ്രസിദ്ധീകരിച്ചതോടെ മറ്റ് രാജ്യങ്ങൾക്കും കേരളം മാതൃകയായിരിക്കുകയാണ്. കഴിഞ്ഞ മാസം 15 -ാം തീയതി ഫ്രണ്ടിയേഴ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് എണ്ണായിരത്തിലേറെ പേർ ഡൗൺലോഡ് ചെയ്തു. വുഹാനിൽ കോവിഡ് സ്ഥിരീകരിച്ചതടക്കം ആദ്യം പുറത്തുവിട്ട ഈ ജേർണൽ, ആധികാരികതയിലും സമഗ്രതയിലും ആദ്യസ്ഥാനത്താണ്.
ആയുർവേദത്തിന്റെ ആധികാരികത ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കേരളത്തിന്റെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മറ്റു രാജ്യങ്ങൾ പകർച്ചവ്യാധി പ്രതിരോധത്തിന് ആയുർവേദത്തെ ആശ്രയിച്ചേക്കുമെന്നാണ് വിവരം. പൊതു-സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ഒരു ചികിത്സാരീതിയുടെ ഫലസിദ്ധി കണ്ടെത്തുന്ന രീതി മറ്റു രാജ്യങ്ങൾ മാതൃകയാക്കിയേക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അടിസ്ഥാനസൗകര്യം കുറഞ്ഞാലും സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുമ്പോൾ ആയുർവേദം വിപുലമായി സ്വീകരിക്കപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ, മാനവവിഭവശേഷിയും അടിസ്ഥാനസൗകര്യങ്ങളുമുള്ള പൊതുജനാരോഗ്യ സംവിധാനം ഇക്കാര്യങ്ങളെല്ലാം ഫലപ്രദമായി ഉപയോഗിച്ചുവെന്ന് പഠനം തെളിയിക്കുന്നതായും ജേണലിൽ വിശദമാക്കുന്നു. ക്വാറന്റൈനിലിരുന്നവർക്ക് ആയുർവേദമരുന്ന് കഴിച്ച ശേഷം ലഭിച്ച ഫലസിദ്ധി സംബന്ധിച്ച പഠന റിപ്പോർട്ട് ജൂൺ 29 നാണ് സമർപ്പിച്ചത്. സെപ്തംബർ 20 ന് ഫ്രന്റിയേഴ്സ് ഈ റിപ്പോർട്ടിന് അംഗീകാരം നൽകി. https://www.frontiersin.org/articles/10.3389/fpubh.2021.732523/full എന്ന ലിങ്കിലൂടെ റിപ്പോർട്ടിന്റെ പൂർണ്ണരൂപം വായിക്കാം.

